കാണുന്നവരുടെ കണ്ണും മനസ്സും നിറച്ചായിരുന്നു ഓസ്കര്‍ വേദിയിൽ നാട്ടു നാട്ടു പാട്ടിന്റെ ലൈവ് അവതരണം. ഗായകരായ രാഹുൽ സിപ്ലിഗഞ്ചും കലാഭൈരവയും വേദിയിൽ ലൈവായി പാട്ട് പാടിയപ്പോൾ ചുവടുകളുമായി നര്‍ത്തകർ അരങ്ങു വാണു. ഇരുപതോളം പേരാണ് ഒറിജിനലിനെ വെല്ലും വിധത്തിൽ ചുവടുവച്ച് വേദിയിൽ ആറാടിയത്. ആർആർആറിലെ ഗാനരംഗത്തിലേതുപോലെ തന്നെയായിരുന്നു ഓസ്കർ വേദിയിലെയും ചുവടുകൾ. വസ്ത്രധാരണത്തിലും സംഘം പാട്ടിനെ അനുകരിച്ചു.
സംഘത്തിന്റെ രണ്ടു മിനിറ്റിലേറെ നീണ്ടു നിന്ന പ്രകടനം ചെറുതായൊന്നുമല്ല പ്രേക്ഷകരെ ആവേശത്തിലാക്കിയത്. പ്രകടനത്തിനൊടുവിൽ വേദിയിലും സദസ്സിലുമുള്ളവർ എഴുന്നേറ്റു നിന്നാണ് അഭിനന്ദനം അറിയിച്ചത്. ഇന്ത്യയുടെ അഭിമാനതാരം ദീപിക പദുക്കോൺ ആണ് നാട്ടു നാട്ടു അവതരിപ്പിക്കാൻ ഗായകരെയും നർത്തകരെയും ഓസ്കർ വേദിലേക്കു സ്വാഗതം ചെയ്തത്. ഇതാദ്യമായാണ് ഒരു ഇന്ത്യൻ സിനിമാഗാനം ഓസ്കർ വേദിയിൽ മുഴങ്ങിക്കേൾക്കുന്നത്.
എം.എം.കീരവാണിയുടെ ചടുലമായ ഈണവും രാം ചരണിന്റെയും ജൂനിയർ എൻടിആറിന്റെയും തകർപ്പൻ ചുവടുകളും കൊണ്ട് ലോകോത്തര ശ്രദ്ധ നേടിയതാണ് രാജമൗലി ചിത്രം ആർആർആറിലെ ‘നാട്ടു നാട്ടു’ പാട്ട്. നാട്ടു നാട്ടുവിന് അക്കാദമി അവാർഡ് ലഭിച്ചത് ഇന്ത്യൻ സിനിമാ ലോകത്തിനു തന്നെ അഭിമാന നിമിഷമാണ്. ഒറിജിനൽ സോങ് വിഭാഗത്തിലാണ് പാട്ടിന്റെ പുരസ്കാര നേട്ടം. ആർആർആറിന്റെ സംവിധായകൻ എസ്.എസ്.രാജമൗലിയും രാം ചരൺ, ജൂനിയർ എൻടിആർ എന്നിവരുൾപ്പെടെയുള്ളവർ വേദിയിൽ സന്നിഹിതരായിരുന്നു. മികച്ച കരഘോഷത്തോടെയാണ് നാട്ടു നാട്ടു ഓസ്കർ വേദിയിൽ സ്വീകരിക്കപ്പെട്ടത്.