‘‘സംഗീതത്തെ ഇഷ്ടപ്പെടുന്ന നമുക്കെല്ലാം ചാരിതാർഥ്യം നൽകുന്ന നേട്ടമാണ് കീരവാണി കൈവരിച്ചത്.’’ മലയാളികളുടെ പ്രിയപ്പെട്ട കവി പി.കെ.ഗോപി പറയുന്നു. ഐ.വി.ശശിയും രഞ്ജിത്തും ചേർന്നൊരുക്കിയ നീലഗിരിയിലാണ് കീരവാണി ആദ്യമായി മലയാളത്തിൽ സംഗീതസംവിധാനം നിർവഹിച്ചത്. നീലഗിരിയിൽ കീരവാണിയുടെ ഈണത്തിനു പാട്ടുകളെഴുതിയത് പി.കെ.ഗോപിയാണ്.

‘‘കീരവാണി വെറുതേ തമാശ പറഞ്ഞു സമയം കളയാത്തയാളാണ്. സംഗീതത്തിലൊഴികെ വേറൊന്നിലും ശ്രദ്ധിക്കാത്ത ഒരാളാണ് കീരവാണി. ‘നാട്ടുനാട്ടു’വിലെ മാസ്മരികമായ താളവും സഞ്ചാരരീതിയും ശ്രദ്ധിച്ചിട്ടുണ്ടോ? മാനസിക ആരോഗ്യവും ശാരീരിക ആരോഗ്യവും ഒരുപോലെ അനുഗ്രഹമായി ലഭിച്ച സംഗീതസംവിധായകനാണ് അദ്ദേഹം.
സൂക്ഷ്മമായ നിശ്ചയങ്ങൾ അദ്ദേഹത്തിന്റെ സംഗീതത്തിലുണ്ട്. താളമോ ഈണമോ അഴിച്ചുപണിയാൻ മറ്റൊരാൾക്ക് ഇടംകൊടുക്കാത്ത തരത്തിൽ ഭദ്രമാണ്. നീലഗിരിക്കു പാട്ടെഴുതാൻ ക്ഷണം ലഭിച്ച് വുഡ്‌ലാന്റ്സിലെ റൂമിൽ ഇരിക്കുമ്പോൾ പെട്ടന്ന് റൂം തുറന്ന് ഒരാൾ കയറി വന്നു. കൂടെയൊരു കൊച്ചുപെൺകുട്ടിയുമുണ്ട്. ബാഗിൽനിന്ന് നാലു മടക്കുള്ള മാറ്റെടുത്ത് അദ്ദേഹം തറയിൽ വിരിച്ചു. കൂടെയുള്ള പെൺകുട്ടി ഒരു ഹാർമോണിയം എടുത്തുവച്ചു. അനുപുറകിൽ അദ്ദേഹം ഇരുന്ന് സംഗീതം തുടങ്ങുന്നു. ഞങ്ങൾ പരസ്പരം അഭിവാദ്യം ചെയ്തു. അദ്ദേഹത്തിനു മലയാളം അറിയില്ല. എനിക്ക് തെലുങ്കുമറിയില്ല. ഞങ്ങൾക്ക് ഭാഷാതീതമായ ഒരു സംഗീതത്തിന്റെ പാലത്തിലൂടെ സഞ്ചരിക്കേണ്ടി വന്ന അപൂർവ നിമിഷമായിരുന്നു അത്. സംഗീതത്തിൽ എല്ലാം സാധ്യമാണ്. ഏതു ഹൃദയത്തിനെയും ഏതു ഭാഷയേയും ഏത് ആശയത്തേയും അത് ഉൾക്കൊള്ളും. സംഗീതം ആർദ്രമധുരമായ ഒരു ഭാഷയാണെന്ന് കീരവാണിക്ക് അറിയാം.

അദ്ദേഹം ഈണം വായ്പ്പാട്ട് പാടി. ഹാർമോണിയത്തിൽ അതു വായിച്ചുകേൾപ്പിച്ചു. ഐ.വി.ശശിക്ക് ആ ഈണം സമ്മതമായിരുന്നു. അത് കസെറ്റിലേക്ക് റെക്കോർഡ് ചെയ്ത് എനിക്കു കൈമാറി. എന്റെ കയ്യിലെ വാക്മാനിലിട്ട് ഏകാന്തതയിലിരുന്ന് ഞാൻ ആ പാട്ട് കേട്ടു. ‘‘തുമ്പീ നിൻമോഹം പൂവണിഞ്ഞുവോ’’ എന്ന പാട്ടായിരുന്നു അത്. ആ പകൽ കൊണ്ട് അഞ്ചു പാട്ടുകൾ അദ്ദേഹം ഈണമൊരുക്കി. മലയാളത്തിലെ ‘ശ്രുതിമർമരം’ പോലുള്ള വാക്കുകൾ തെലുങ്കിലുമുണ്ടെന്ന് അദ്ദേഹം എന്നോടു പറഞ്ഞു.
മറ്റുള്ളവരെ ആകർഷിക്കാൻ കഴിയുന്ന ശബ്ദമാണ് അദ്ദേഹത്തിന്. അദ്ദേഹം വളർന്നുവളർന്നു വളർന്ന് ലോകമെങ്ങും എത്തിക്കഴിഞ്ഞു. നാട്ടുനാട്ടു എന്ന ഗാനം കാലത്തിനിണങ്ങിയതാണ്. യുവാക്കളെ ആകർഷിച്ച പാട്ടാണ്. അദ്ദേഹത്തിന്റെ പാട്ടിന്റെ ഓസ്കാർനേട്ടത്തിന്റെ അഭിമാനത്തിൽ പങ്കുചേരാൻ കഴിയുന്നു.അദ്ദേഹത്തിന്റെ നേട്ടത്തിൽ എല്ലാ ആശംസകളും നേരുന്നു.’’