ADVERTISEMENT

അന്തരിച്ച ഗായിക വാണി ജയറാമിനെക്കുറിച്ച് ഏറെ പറയാനുണ്ട് വാനമ്പാടി കെ.എസ്.ചിത്രയ്ക്ക്. സംഗീതവഴിയിൽ തനിക്കു മുന്‍പേ നടന്ന വാണിയമ്മ ഒരു വഴിവിളക്കായിരുന്നുവെന്നും ഈശ്വരന്റെ ജന്മകൽപനയായിരുന്നു ഗായികയെന്നും ചിത്ര പറയുന്നു. വനിതയ്ക്കു നൽകിയ അഭിമുഖത്തിൽ വാണി ജയറാമിനെക്കുറിച്ച് ചിത്ര പറയുന്നതിങ്ങനെ:

 

ഞങ്ങളുടെ കുട്ടിക്കാലത്തെ സ്വപ്നഗായികയായിരുന്നു വാണിയമ്മ. ഞാനിപ്പോഴും ഓർക്കുന്നു, ആകാശവാണിയിലൂടെ വാണിയമ്മയുടെ പാട്ടുകേൾക്കാൻ കൊതിച്ചിരുന്ന കാലം. സംഗീതവാസനയുള്ളവരെ അവർ അത്രയ്ക്കും സ്വാധീനിച്ചിരുന്നു. വാണിയമ്മയെപ്പോലെ ഒരു ഗായികയാകണമെന്ന് ആഗ്രഹിക്കാത്തവർ കുറവായിരുന്നു. അക്കൂട്ടത്തിൽ ഒരാളായിരുന്നു ഞാനും. ജെമിനി സ്റ്റുഡിയോയിൽ വച്ചാണു വാണിയമ്മയെ ആദ്യമായി കണ്ടത്. ഒരു യുഗ്മഗാനം പാടാനെത്തിയപ്പോൾ. അതിനുശേഷം എത്രയോ പാട്ടുകൾ ഞങ്ങൾ ഒരുമിച്ചുപാടി. തമിഴിൽ ഞാൻ ഏറ്റവും കുടുതൽ യുഗ്മഗാനം പാടിയിട്ടുള്ളതു വാണിയമ്മയുമായിട്ടാണ്. 

 

മറഞ്ഞിരുന്നാലും മനസ്സിന്റെ കണ്ണിൽ

 

സംഗീതത്തിനു നടുവിലാണു വാണിയമ്മ ജനിച്ചു വീണത്. തമിഴ്നാട്ടിലെ െവല്ലൂരിൽ ദുൈരസ്വാമി–പദ്മാവതി ദമ്പതികളുടെ മകളായിരുന്നു. മാതാപിതാക്കൾ കലൈവാണി എന്ന േപരാണു നൽകിയത്. കലയും സരസ്വതിയും അവരുടെ കാര്യത്തിൽ ഒന്നിച്ചു. കലൈവാണിക്ക് സപ്തസ്വരങ്ങളായിരുന്നു കളിപ്പാട്ടം. അമ്മ നന്നായി പാടുകയും വീണ വായിക്കുകയും ചെയ്തിരുന്നു. ചേച്ചിമാരും പാടിയിരുന്നു. അമ്മയായിരുന്നു ആദ്യഗുരു. സംഗീതത്തിനുവേണ്ടി എന്തു ത്യാഗത്തിനും വാണിയമ്മ തയ്യാറായിരുന്നു. ബാങ്കിൽ നല്ല ജോലി കിട്ടിയ വാണിയമ്മ സിനിമയിൽ ആദ്യ ഗാനം പാടിയപ്പോൾ തന്നെ ജോലി ഉപേക്ഷിക്കുകയായിരുന്നു. മഞ്ഞും മഴയും വെയിലുമൊന്നും കൊള്ളാതിരിക്കാൻ വാണിയമ്മ ശ്രദ്ധിച്ചിരുന്നു. ആഹാരകാര്യത്തിൽ വിലക്കുകൾ ഉണ്ടായിരുന്നില്ലെങ്കിലും സ്വയം പാചകം ചെയ്തു കഴിക്കാനായിരുന്നു ഇഷ്ടം. രാത്രി വൈകിയുള്ള വിരുന്നുകളിലൊന്നും പങ്കെടുക്കില്ല.

 

കരളുകളുരുകും സംഗീതമേ...

 

ആ വാർത്ത കേട്ടപ്പോൾ സത്യമാകരുതേ എന്നാണ് ആദ്യം ആഗ്രഹിച്ചത്. കാരണം മരിക്കുന്നതിനു രണ്ടു ദിവസം മുൻപും വാണിയമ്മ എന്നെ വിളിച്ചിരുന്നു. ഞങ്ങൾ ഏറെ നേരം സംസാരിക്കുകയും ചെയ്തു. ഇടയ്ക്ക് വീട്ടിലെ പടിയിൽ തട്ടിവീണ കാര്യം പറഞ്ഞു. അവസാനം കണ്ടപ്പോൾ അൽപം അവശത ഉണ്ടായിരുന്നു. സ്റ്റേജിൽ കയറാൻ ഞാനും സഹായിച്ചു. സത്യത്തിൽ അന്ന് വാണിയമ്മയെ അവസാനമായി കണ്ടപ്പോൾ എന്റെ ഉള്ളിലൊരു പേടി തോന്നിയിരുന്നു. ഗാനമേളകൾക്കു വന്നാൽ സാധാരണയായി വളരെ ഊർജസ്വലതയോടെയാണു വാണിയമ്മയെ കാണാറുള്ളത്. പാട്ടുകൾ നന്നായി ആസ്വദിക്കും. എന്നാൽ ഞാൻ സ്റ്റേജിൽ പാടുമ്പോൾ കാണുന്നതു വാണിയമ്മ മുൻപിലിരുന്ന് ഉറങ്ങുന്നതാണ്. പാട്ട് ആസ്വദിക്കുകയാണെന്നാണ് ആദ്യം കരുതിയത്. പിന്നീട് പാട്ടു തീർന്നിട്ടും വാണിയമ്മ അങ്ങനെതന്നെയിരുന്ന് ഉറങ്ങുകയാണ്. അങ്ങനെയൊരു വാണിയമ്മയെ ഞാൻ ആദ്യമായി കാണുകയായിരുന്നു. എന്റെ ഉള്ള് പിടഞ്ഞു. വാണിയമ്മയ്ക്കു സുഖമില്ലാതാകുന്നോ എന്നു ഒരുനിമിഷം ചിന്തിക്കാതിരുന്നില്ല. ഇനിയൊരു ജന്മമുണ്ടെങ്കിൽ ഗായികയായ ഇതേ വാണി ജയറാമായി തന്നെ ജനിക്കണമെന്നും ജയറാം തന്നെയായിരിക്കണം തന്റെ ജീവിതപങ്കാളിയെന്നും അവർ ആഗ്രഹിക്കുകയും പ്രാർഥിക്കുകയും ചെയ്തിരുന്നു.

 

അഭിമുഖത്തിന്റെ പൂർണരൂപം വായിക്കാം: https://www.vanitha.in/celluloid/nostalgia/KS-Chithra-Remembering-Vani-Jayaram.html

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com