ദീർഘ കാലത്തെ ഇടവേളയ്ക്കു ശേഷം വേദി പങ്കിട്ട് ഉർവശിയും ജഗതി ശ്രീകുമാറും. ഉർവശി പ്രധാന വേഷത്തിലെത്തുന്ന ‘ചാൾസ് എന്റർപ്രൈസസ്’ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിൽ പങ്കെടുക്കാനെത്തിയതായിരുന്നു ഇരുവരും. തിരുവനന്തപുരം ലുലു മാളിൽ വച്ചായിരുന്നു ഓഡിയോ ലോഞ്ച്. ജോയ് മൂവീസിന്റെ ബാനറിൽ നവാഗതനായ സുഭാഷ് ലളിത സുബ്രഹ്മണ്യന്‍ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രമാണ് ‘ചാൾസ് എന്റർപ്രൈസസ്’.
ചിത്രത്തിലെ ‘തങ്കമയില് തങ്കമയില്...’ എന്നു തുടങ്ങുന്ന ഗാനം പ്രേക്ഷകർക്കരികിലെത്തിക്കഴിഞ്ഞു. സുബ്രഹ്മണ്യൻ.കെ.വി ആണ് സംഗീതസംവിധാനം നിർവഹിച്ചിരിക്കുന്നത്. നാചി വരികൾ കുറിച്ച ഗാനം മോഹനൻ ചിറ്റൂർ ആലപിച്ചു. പാട്ട് ഇതിനകം ശ്രദ്ധിക്കപ്പെട്ടുകഴിഞ്ഞു. അന്‍വര്‍ അലി, ഇമ്പാച്ചി, സംഗീത ചേനംപുല്ലി, സുഭാഷ് ലളിത സുബ്രഹ്മണ്യൻ എന്നിവരാണ് ചിത്രത്തിലെ മറ്റു ഗാനങ്ങള്‍ എഴുതിയിരിക്കുന്നത്.
നർമ മുഹൂർത്തങ്ങളിലൂടെയുള്ള ഒരു ഫാമിലി മിസ്റ്ററി ഡ്രാമയാണ് ‘ചാൾസ് എന്റർപ്രൈസസ്’. ബാലു വര്‍ഗീസ്, ഗുരു സോമസുന്ദരം, കലൈയരസന്‍, അഭിജ ശിവകല, സുജിത് ശങ്കർ, അൻസൽ പള്ളുരുത്തി, സുധീർ പറവൂർ, മണികണ്ഠൻ ആചാരി, മാസ്റ്റർ വസിഷ്ട്ട്, ഭാനുപ്രിയ, മൃദുന, ഗീതി സംഗീതി, സിജി പ്രദീപ്, അജിഷ, ആനന്ദ്ബാൽ എന്നിവരാണു ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.