കുടുംബത്തിനെതിരെ വ്യാജവാർത്ത പ്രചരിപ്പിച്ച യൂട്യൂബ് ചാനലിനെതിരെ നിയമവഴി തേടി ഗായിക അഭിരാമി സുരേഷ്. അപകീർത്തികരമാം വിധം വാർത്ത പ്രചരിപ്പിച്ചതും സൈബർ ആക്രമണവും മാനനഷ്ടവും ചൂണ്ടിക്കാണിച്ചാണ് അഭിരാമി പരാതി നൽകിയത്. അപകീർത്തിപ്പെടുത്തുകയെന്നത് തികച്ചും ക്രൂരവും വേദനിപ്പിക്കുന്നതുമായ പ്രവൃത്തിയാണെന്നും ഇന്റർനെറ്റ് ശരിയായ വിധത്തിൽ ഉപയോഗിക്കേണ്ടത് അത്യാവശ്യമാണെന്നും ഗായിക സമൂഹമാധ്യമങ്ങളിൽ കുറിച്ചു. ആരെയും അപകീർത്തിപ്പെടുത്താനോ ദ്രോഹിക്കാനോ വേണ്ടിയല്ല താൻ പരാതി നൽകിയതെന്നും അഭിരാമി കൂട്ടിച്ചേർത്തു.
നിയമവഴിയേ നീങ്ങാൻ തീരുമാനിച്ചുവെന്നതിന്റെ സൂചനകൾ അഭിരാമി നേരത്തേ നൽകിയിരുന്നു. ഏറെ ആലോചിച്ചതിനു ശേഷമാണ് താൻ ഇക്കാര്യം തീരുമാനിച്ചതെന്നു ഗായിക പറയുന്നു. ആ യൂട്യൂബ് ചാനൽ പ്രചരിപ്പിച്ച വിഡിയോ ഇന്ന് രാവിലെ തിരഞ്ഞപ്പോൾ കണ്ടില്ലെന്നും ആ ചാനലിന് എന്തുപറ്റിയെന്നു തനിക്കറിയില്ലെന്നും അഭിരാമി സമൂഹമാധ്യമങ്ങളിൽ കുറിച്ചു. ‘ഒരു ചാനൽ സൃഷ്ടിച്ചെടുക്കുന്നതിന്റെ ബുദ്ധിമുട്ടുകൾ എനിക്കറിയാം. പക്ഷേ തെറ്റിദ്ധരിപ്പിക്കും വിധം വാർത്ത കൊടുത്ത് ഒരു കൂട്ടം ആളുകളുടെ വെറുപ്പ് നേടിത്തരുന്നത് നല്ല കാര്യമാണെന്ന് എനിക്കു തോന്നുന്നില്ല. മറ്റുള്ളവരെ പഴി കേൾപ്പിച്ചല്ല നാം നന്നാകേണ്ടത്. ആരും പൂർണരല്ല. പക്ഷേ, വീണു കിടക്കുന്ന മരം ആ വാ ഓടി കയറാം എന്ന മനോഭാവം ഉണ്ടെങ്കില്‍ അതിന് എന്നെങ്കിലും വലിയ വില കൊടുക്കേണ്ടി വരും. അതിനി ആര് തന്നെ ആണെങ്കിലും. ആ ചാനല്‍ ഇല്ലാതാവാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. പക്ഷേ ഇതു പോലുള്ള കണ്ടന്റ് അവിടെ ഇനിയും കിടക്കുന്നുണ്ടെങ്കില്‍, അതിനെതിരെ ഉള്ള നിയമ നടപടി എടുത്തിരിക്കും’, അഭിരാമി കുറിച്ചു.
കഴിഞ്ഞ ദിവസമാണ് തന്റെ ചേച്ചിയും ഗായികയുമായ അമൃത സുരേഷിനെതിരെ വ്യാജവാർത്തകൾ പ്രചരിപ്പിച്ചുവെന്നു ചൂണ്ടിക്കാണിച്ച് അഭിരാമി രംഗത്തെത്തിയത്. തനിക്കും കുടുംബത്തിനുമെതിരെ അനാവശ്യ ആരോപണങ്ങൾ പടച്ചുവിടുകയാണെന്നും ഇത് വളരെ ക്രൂരമാണെന്നും ഗായിക കുറ്റപ്പെടുത്തി. അമൃതയെയും മുൻഭർത്താവും നടനുമായ ബാലയെയും കൂട്ടിച്ചേർത്തായിരുന്നു പ്രസ്തുത യൂട്യൂബ് ചാനൽ വ്യാജവാർത്ത പ്രചരിപ്പിച്ചത്. സംഭവത്തോട് രൂക്ഷമായ ഭാഷയിലാണ് അഭിരാമി പ്രതികരിച്ചത്. പിന്നാലെ നിയമവഴിയേ നീങ്ങാൻ തീരുമാനിക്കുകയായിരുന്നു.