ജനഹൃദയങ്ങളിൽ ആവേശത്തിന്റെ അലയൊലികൾ തീർത്ത് ‘ദ് സീക്രട്ട് ഓഫ് വിമൻ’ ഓഡിയോ ലോഞ്ച് കോഴിക്കോട് നടന്നു. പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച ഗസൽ വിരുന്ന് ആസ്വദിക്കാൻ വിവിധയിടങ്ങളിൽ നിന്നായി ആളുകൾ ഒഴുകിയെത്തി. ഗായകൻ ഷഹബാസ് അമനും ഓസ്ട്രേലിയൻ മലയാളിയും ലോകശ്രദ്ധ നേടിയ ഗായികയുമായ ജാനകി ഈശ്വറും ആണ് സംഗീതനിശയിൽ ഗായകരായെത്തിയത്.
‘ദ് സീക്രട്ട് ഓഫ് വിമനി’ൽ ഷഹബാസ് പാടിയ ‘നഗരമേ തരിക നീ...’ എന്ന ഗാനം പ്രേക്ഷകർ ഏറെ ആസ്വദിച്ചു. പാട്ടിലൂടെ ആസ്വദകഹൃദയങ്ങളെ കീഴടക്കാൻ ജാനകിക്കും കഴിഞ്ഞു. ചിത്രത്തിൽ ജാനകി തന്നെ വരികൾ കുറിച്ച് ആലപിക്കുന്ന ഒരു ഗാനമുണ്ട്. ഇതാദ്യമായാണ് ജാനകി മലയാളത്തിൽ പിന്നണി പാടുന്നത്.
ക്യാപ്റ്റൻ, വെള്ളം, മേരി ആവാസ് സുനോ എന്നീ സിനിമകളുടെ സംവിധായകനായ ജി.പ്രജേഷ് സെൻ ഒരുക്കുന്ന ചിത്രമാണ് ‘ദ് സീക്രട്ട് ഓഫ് വിമൻ’. പ്രജേഷ് സെൻ മൂവി ക്ലബ് ചിത്രം നിർമിച്ചിരിക്കുന്നു. അനിൽ കൃഷ്ണയാണ് ചിത്രത്തിനു വേണ്ടി പാട്ടുകളൊരുക്കുന്നത്. പശ്ചാത്തല സംഗീതം: ജോഷ്വാ.വി.ജെ.
ഇമോഷനൽ ത്രില്ലർ വിഭാഗത്തിൽപ്പെട്ട ‘ദ് സീക്രട്ട് ഓഫ് വിമനി’ൽ നിരഞ്ജന അനൂപ്, അജു വർഗീസ്, ശ്രീകാന്ത് മുരളി, സുമാ ദേവി, അങ്കിത് ഡിസൂസ, സാക്കിർ മണോലി തുടങ്ങിയവർ വേഷമിടുന്നു. ഛായാഗ്രഹണം: ലെബിസൺ ഗോപി. കണ്ണൻ മോഹൻ എഡിറ്റിങ് നിർവഹിക്കുന്നു. പ്രദീപ് കുമാറിന്റേതാണു കഥ.