പൈലറ്റ് ആകാന്‍ ആഗ്രഹിച്ചു, കാഴ്ചയുടെ പരിമിതി മൂലം ഐ ടെസ്റ്റില്‍ പുറത്തായി. പക്ഷേ പത്തനംതിട്ട കല്ലൂപ്പാറ സ്വദേശി വിജയ് കുര്യന്‍ ഇന്ന് മ്യൂസിക് പ്രൊഡക്‌ഷന്‍ രംഗത്തും ശബ്ദ സാങ്കേതിക രംഗത്തും അറിയപ്പെടുന്ന പരിശീലകനാണ്. മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വിസ്ലിങ് വുഡ്‌സ് ഇന്റര്‍നാഷനല്‍ സ്‌കൂളിലാണ് ഇപ്പോള്‍ പരിശീലനം നല്‍കുന്നത്. മ്യൂസിക് പ്രൊഡക്‌ഷനെക്കുറിച്ച് മനോരമ ഓണ്‍ലൈനിനോടു മനസ്സു തുറന്ന് വിജയ് കുര്യന്‍.
‘ഇന്ന് പാട്ടുകള്‍ സൃഷ്ടിക്കപ്പെടുന്നത് കുറേയധികം ട്രാക്കുകളും ലെയറിങ്ങും ഇന്‍സ്ട്രുമെന്റ്സുമൊക്കെ ഉപയോഗിച്ചാണ്. അതുകൊണ്ട് തന്നെ ഇതൊന്നും സ്റ്റേജില്‍ ലൈവായി പാടാന്‍ പറ്റില്ല. പലപ്പോഴും സ്റ്റേജ് ഷോകളില്‍ ബാക്ക്ഗ്രൗണ്ടില്‍ ഇന്‍സ്ട്രുമെന്റ്സും പാട്ടും പ്ലേ ചെയ്ത് ലിപ്പും ആക്‌ഷനും കൊടുക്കുകയാണു ചെയ്യുന്നത്. പണ്ട് റെക്കോഡിങ് നടക്കുമ്പോള്‍ ചെറിയ തെറ്റുകള്‍ സംഭവിച്ചാല്‍ പോലും അത് തുടക്കം മുതല്‍ റീ റെക്കോര്‍ഡ് ചെയ്യുകയായിരുന്നു പതിവ്. എന്നാല്‍ ഇന്ന് തെറ്റിയ ഭാഗം മാത്രമാണ് റീ റെക്കോര്‍ഡ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ ഇന്നത്തെ പാട്ടുകള്‍ക്ക് ആത്മാവ് പോലും നഷ്ടപ്പെട്ടു.
സംഗീതത്തെക്കുറിച്ച് വ്യക്തമായ ധാരണ പോലുമില്ലാതെ പാട്ടുകള്‍ സൃഷ്ടിക്കുകയും അത് യൂട്യൂബില്‍ ഇടുകയും ചെയ്യുന്നവരുണ്ട്. പ്രശസ്തിക്കു വേണ്ടിയും യൂട്യൂബ് വരുമാനത്തിനു വേണ്ടിയുമാണ് പല യുവാക്കളും ഇങ്ങനെ ചെയ്യുന്നത്. ഇത് അവരെ സ്വയം ഇകഴ്ത്തിക്കാണിക്കുന്നതിനു തുല്യമാണ്. ഇന്നത്തെ തലമുറയ്ക്കു ക്രിയേറ്റിവിറ്റിയുണ്ട്. എന്നാല്‍ ക്ഷമയും കഠിനാധ്വാനവും ഇല്ല. പഠിച്ച് നന്നായി പ്രാക്ടീസ് ചെയ്യണം. സ്റ്റീഫന്‍ ദേവസ്സിയൊക്കെ 2000 തവണ വരെ പ്രാക്ടീസ് ചെയ്യുമായിരുന്നു. ഇന്ന് ഉയര്‍ച്ചയിലെത്തിയ എല്ലാവരുടേയും വിജയത്തിനു പിന്നില്‍ കഠിനാധ്വാനമാണ്’, വിജയ് കുര്യന്‍ പറയുന്നു.
English Summary: Senior Faculty of Music Production Technology Vijay Kurien talks about Music Production Technology and Sound