മകൾ പാപ്പു എന്ന അവന്തികയ്ക്കും ജീവിതപങ്കാളിയും സംഗീതസംവിധായകനുമായ ഗോപി സുന്ദറിനുമൊപ്പമുള്ള പുതു ചിത്രം പങ്കിട്ട് ഗായിക അമൃത സുരേഷ്. കടൽ യാത്രയ്ക്കിടെ ബോട്ടിൽ വച്ചു പകർത്തിയ സെൽഫിയാണ് ഗായിക പോസ്റ്റ് ചെയ്തത്. ‘നിങ്ങൾ രണ്ടുപേരുമാണ് എന്നെ സന്തോഷിപ്പിക്കുന്നത്’ എന്ന അടിക്കുറിപ്പോടെയാണ് അമൃത ചിത്രം പങ്കുവച്ചത്.
അമൃതയുടെ സമൂഹമാധ്യമ പോസ്റ്റ് ഇതിനകം വൈറലായിക്കഴിഞ്ഞു. നിരവധി പേരാണു പ്രതികരണങ്ങൾ അറിയിക്കുന്നത്. അനിയത്തിയും ഗായികയുമായ അഭിരാമി സുരേഷും ചിത്രത്തിനു കമന്റിട്ടിട്ടുണ്ട്. മുൻപും ഗോപി സുന്ദറിനൊപ്പമുള്ള അമൃതയുടെ ചിത്രങ്ങൾ ആരാധകർക്കിടയിൽ ചർച്ചയായിട്ടുണ്ട്.
2022 മേയില്‍ ആണ് തങ്ങൾ പ്രണയത്തിലാണെന്നും ഒരുമിച്ചു ജീവിക്കാൻ തീരുമാനിച്ചെന്നും ഗോപി സുന്ദറും അമൃത സുരേഷും വെളിപ്പെടുത്തിയത്. ജീവിതത്തിലെ വിഷമഘട്ടങ്ങള്‍ പിന്നിട്ട് ഒരുമിച്ചു മനോഹര യാത്ര ആരംഭിക്കുകയാണെന്നും ആരാധകരുടെ സ്നേഹവും പ്രാർഥനയും എന്നും തങ്ങളുടെ കൂടെ ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നതായും അമൃത വ്യക്തമാക്കിയിരുന്നു.