ADVERTISEMENT

പാട്ടുപാടി നിറചിരിയുമായി നിരവധി സിനിമകളിലാണ് ഇന്നസന്റ് അഭിനയിച്ചത്. അദ്ദേഹം പാടിയ പാട്ടുകൾ ഇന്നും മലയാളികളുടെ വീടിന്റെ അകത്തളങ്ങളിൽ ഭാര്യാഭർത്താക്കന്മാരും സഹോദരങ്ങളും സുഹൃത്തുക്കളുമൊക്കെ ഒഴിവുവേളകളിൽ പാടിനടക്കുന്നു. പി.ജി.വിശ്വംഭരന്റെ സംവിധാനത്തിൽ 1990ൽ പുറത്തിറങ്ങിയ ‘ഗജകേസരിയോഗം’ എന്ന സിനിമയിൽ ഇന്നസന്റ് പാടി അഭിനയിച്ച പാട്ട് സൂപ്പർ ഹിറ്റ് ആയിരുന്നു. ഒരു ആന കടന്നുവന്നതോടുകൂടി അയ്യപ്പൻ നായർ എന്ന മനുഷ്യന്റെ ജീവിതത്തിൽ സംഭവിക്കുന്ന പരിണാമാണ് ആ സിനിമയിൽ പറയുന്നത്. ഹിന്ദി മാത്രം അറിയാവുന്ന ആന, മലയാളിയായ അയ്യപ്പൻ നായരുടെ വീട്ടിൽ എത്തുന്നതും അത് അയാളുടെ ജീവിതത്തിൽ സൃഷ്ടിക്കുന്ന പ്രശനങ്ങളുമാണ് സിനിമയിൽ പ്രേക്ഷകനെ ചിരിപ്പിക്കുന്നത്. അയ്യപ്പൻ നായരെ ഹിന്ദി പഠിപ്പിക്കാൻ മുകേഷ് കടന്നുവരികയും ഇന്നസന്റിന്റെ കഥാപാത്രം ആനയെ വളച്ചെടുക്കാൻ വേണ്ടി നടത്തുന്ന ശ്രമങ്ങളും മലയാളിയെ കുടുകുടെ ചിരിപ്പിച്ചു.  

 

ആനയുമായി ഇന്നസന്റ് കാട്ടിക്കൂട്ടുന്ന പരാക്രമങ്ങളാണ് ചിത്രത്തിലെ ‘ആനച്ചന്തം ഗണപതി മേളച്ചന്തം... എട്ടുംപൊട്ടും തിരിയാനിത്തിരി ഹിന്ദിച്ചന്തം’ എന്ന പാട്ടിലൂടെ പറയുന്നത്. ഈ പാട്ട് മറ്റൊരു ഗായകനെ വച്ച് പാടിക്കാനായിരുന്നു ആദ്യം തീരുമാനിച്ചതെന്ന് തിരക്കഥാകൃത്ത് കലൂർ ഡെന്നിസ് പറയുന്നു. പക്ഷേ ഇന്നസന്റ് ആ സിനിമയിൽ ഉടനീളം അയ്യപ്പൻ നായരായി തിളങ്ങിയപ്പോൾ അദ്ദേഹത്തിന്റെ ശബ്ദത്തിൽ തന്നെ ആ പാട്ട് മലയാളി കേട്ടാൽ മതി എന്ന തീരുമാനം കലൂർ ഡെന്നിസും പി.ജി.വിശ്വംഭരനും കൂടി എടുക്കുകയായിരുന്നു. അങ്ങനെയാണ് ആ പാട്ട് മലയാളത്തിനു ലഭിച്ചത്. അന്നുമുതൽ ഇന്നുവരെ മലയാളിയുടെ പൊതുസമൂഹത്തിലും സമൂഹമാധ്യമങ്ങളിലും വൈറലായി പാടിക്കേൾക്കുന്ന പാട്ടാണത്. 

 

താരസംഘടനയായ അമ്മയുടെ പല മെഗാ ഷോകളിലും ഇന്നസന്റ് തന്നെ ഈ പാട്ട് പാടി അവതരിപ്പിച്ചിട്ടുണ്ട്. ജോഷി സംവിധാനം ചെയ്ത നമ്പർ 20 മദ്രാസ് മെയിൽ എന്ന സിനിമയിൽ മമ്മൂട്ടിയും മോഹൻലാലും യാത്ര ചെയുന്ന ട്രെയിനിൽ ടിടിആർ ആയി ഇന്നസെന്റ് വരികയും മോഹൻലാലിന്റെ കഥാപാത്രമായ ടോണിയെ വിശേഷിപ്പിച്ചുകൊണ്ട‌ൊരു പാട്ടിലേക്ക് ഇന്നസെന്റിന്റെ കഥാപാത്രം കടക്കുന്നുണ്ട്. അത് വളരെ ചെറിയ പാട്ടാണെങ്കിൽ പോലും മലയാളി എപ്പോഴും പാടുന്ന ഒരു പാട്ടായി അതിനെ മാറ്റാൻ ഇന്നസന്റിനു കഴിഞ്ഞു. ‘ടോണിക്കുട്ടാ’ എന്ന ആ ഗാനത്തിൽ ‘ഇന്നുവരും.. നാളെ വരും നാളെ കഴിഞ്ഞാൽ മറ്റന്നാൾ വരും’ അത്രയേ ഉള്ളൂ ജീവിതം എന്ന് പറഞ്ഞുവയ്ക്കുന്നതുപോലെ അന്വർഥമായ വരികളായിരുന്നു ഇന്നസന്റ് പാടിയത്.  

 

‘മിസ്റ്റർ ബട്ട്‌ലർ’ എന്ന സിനിമയിൽ എം.ജി.ശ്രീകുമാർ–ചിത്ര എന്നീ പ്രഗത്ഭ ഗായകരോടൊപ്പമാണ് ഇന്നസെന്റ് ‘കുണുക്കുപെണ്മണിയെ ഞുണുക്കു വിദ്യകളാല്‍’ എന്ന ഗാനം പാടിയത്. താൻ ഒരു ഗായകനല്ലെങ്കിലും പാട്ട് കിട്ടിയാൽ താൻ പാടും, അതിൽ ഒരു വിട്ടുവീഴ്ചയുമില്ല എന്ന് ഇന്നസന്റ് എപ്പോഴും പറയുമായിരുന്നു. സമീപകാലത്ത് ജീൻ പോൾ ലാൽ സംവിധാനം ചെയ്ത ‘സുനാമി’ എന്ന സിനിമയിൽ യാക്സന്റെ സംഗീതസംവിധാനത്തിൽ ഒരുപാട് ഗായകർ ചേർന്നുപാടിയ പാട്ടിന്റെ തുടക്കം ഇന്നസന്റിലൂടെയായിരുന്നു. ആ പാട്ടും വൈറലായി മാറിയതിൽ ഇന്നസന്റിന്റെ പങ്ക് വളരെ വലുതാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com