നടൻ കൈലാഷ് ആലപിച്ച അയ്യപ്പ ഭക്തിഗാനം ആസ്വാദകഹൃദയങ്ങൾ കീഴടക്കുന്നു. ‘പുണ്യം പൂങ്കാവനം’ എന്ന പേരിലാണ് പാട്ട് പുറത്തിറക്കിയത്. അഞ്ജന സൂര്യയുടെ വരികൾക്ക് ആർ.ഹരി പ്രസാദ് ഈണമൊരുക്കിയിരിക്കുന്നു. മനോരമ മ്യൂസിക് ആണ് പാട്ട് പ്രേക്ഷകർക്കരികിലെത്തിച്ചത്.
അതിമനോഹര ദൃശ്യാനുഭവം കൂടെ സമ്മാനിക്കുന്നുണ്ട് ‘പുണ്യം പൂങ്കാവനം’. ഭക്തിനിര്‍ഭരമായ കാഴ്ചകളാണ് പാട്ടിൽ അവതരിപ്പിച്ചിരിക്കുന്നത്. എം.ജി.അനിൽ പാട്ടിന്റെ ഓർക്കസ്ട്രേഷൻ നിർവഹിച്ചിരിക്കുന്നു. മനോഹർ, ജോളി ജോസഫ് എന്നിവർ ചേർന്നാണ് ആൽബത്തിന്റെ നിർമാണം.
‘പുണ്യം പൂങ്കാവനം’ ഇതിനകം നിരവധി ആസ്വാദകരെ നേടിക്കഴിഞ്ഞു. മികച്ച പ്രതികരണങ്ങളാണു ലഭിക്കുന്നത്. കൈലാഷിന്റെ ആലാപനം അതിഹൃദ്യമാണെന്നും ആദ്യ കേൾവിയിൽ തന്നെ മനസ്സിൽ പതിയുന്നുവെന്നും ആസ്വാദകർ കുറിക്കുന്നു. പാട്ട് നിരവധി പേർ പങ്കുവച്ചിട്ടുണ്ട്.