മരിക്കണമെന്നോർത്തല്ല ഞരമ്പ് മുറിച്ചത്, എന്റെ ദുഃഖം വീട്ടുകാർ പോലും അറിഞ്ഞില്ല: ഗൗരി ലക്ഷ്മി

gowery-lekshmi
SHARE

ഗായിക, ഗാനരചയിതാവ്, കംപോസർ തുടങ്ങി പല ഭാവങ്ങൾ ചേരുന്നതാണു ഗൗരിലക്ഷ്മി എന്ന പേര്. അടുത്തിടെ പുറത്തിറങ്ങിയ ‘മുറിവ്’ എന്ന ആൽബം സംഗീതപ്രേമികളുടെ ശ്രദ്ധ നേടിയതിന്റെ സന്തോഷത്തിലാണു ഗൗരി. മുറിവിലെ പാട്ടുകളുടെ വരികളും ഈണവും കൊറിയോഗ്രഫിയും മാത്രമല്ല, അതിൽ പറയുന്ന അനുഭവങ്ങളും തന്റേതാണെന്നു ഗൗരി പറയുന്നു. പെണ്ണായതു കൊണ്ടു നേരിടേണ്ടി വന്ന ദുരനുഭവങ്ങളാണ് ‘മുറിവ്’ എന്ന ആൽബത്തിലെ ആദ്യത്തെ പാട്ടിലൂെട പറയുന്നത്. എട്ടാമത്തെ വയസ്സിൽ ബസ്സിനുള്ളിലും പതിമൂന്നാമത്തെ വയസ്സിൽ ബന്ധുവീട്ടിലും വച്ചു തന്റെ നേരെ നീണ്ട കൈകളെക്കുറിച്ചും ഗൗരി ‘മുറിവി’ലൂടെ പാടുമ്പോൾ സമൂഹത്തിന്റെ നേർക്കു കൂടി ആ ചൂണ്ടുവിരൽ നീളുന്നു. ‘മുറിവുകൾ മറച്ചു വയ്ക്കാനുളളതല്ല, ശരീരത്തിന്റെ ആരോഗ്യം േപാലെ തന്നെ വിലപ്പെട്ടതാണു മനസ്സിന്റെ ആരോഗ്യവും. തെറപ്പിയിലൂടെയാണു ‍ഞാൻ മനസ്സിലെ മുറിവുകളെയെല്ലാം മറികടന്നത്. ബോർഡർ ലൈൻ പേഴ്സണാലിറ്റി ഡിസോർഡർ, പോസ്റ്റ് ട്രോമാറ്റിക് സ്ട്രെസ് ഡിസോർഡർ തുടങ്ങിയ പ്രശ്നങ്ങൾ നേരിട്ടിരുന്നു. ഇന്ന് അതിന്റെ ലക്ഷണങ്ങൾ മാഞ്ഞുതുടങ്ങി. ജീവിതം ഇത്രയേറെ മെച്ചപ്പെട്ടു എന്നു തുറന്നു പറയുന്നതിൽ അഭിമാനമാണെനിക്ക്’, ഗൗരിയുടെ വാക്കുകളിൽ സന്തോഷം നിറയുന്നു. 

പേരറിയാത്ത േനാവ്

കോവിഡിന്റെ സമയത്താണു ബോർഡർ ലൈൻ പേഴ്സനാലിറ്റി ഡിസോർഡർ (ബിപിഡി) ഉണ്ടെന്നു തിരിച്ചറിഞ്ഞത്. ബിപിഡി രോഗമല്ല. വികാരങ്ങൾ നിയന്ത്രിക്കാൻ പറ്റാത്ത അവസ്ഥയാണ്. സ്വയം കുറ്റപ്പെടുത്തുക, തനിച്ചിരുന്നു കരയുക, സ്വയം മുറിവേൽപ്പിക്കുക ഇതെല്ലാമായിരുന്നു എനിക്കുണ്ടായ ലക്ഷണങ്ങൾ. കയ്യിൽ ബ്ലേഡോ മൂർച്ചയുളള എന്തെങ്കിലും വസ്തുവോ കൊണ്ടു വരയും. മരിക്കണമെന്നോർത്തായിരുന്നില്ല കൈ മുറിച്ചത്. മനസ്സിന്റെ വേദന കുറയാൻ വേണ്ടിയാണ്. ആ സമയത്തു മനസ്സിലെ സമ്മർദവും അസ്വസ്ഥതയുമെല്ലാം ദിശ തിരിച്ചു വിടണമെന്നേ കരുതിയിരുന്നുള്ളൂ. ബിപിഡി പലതരമുണ്ട്. ഭൂരിഭാഗം പേരും ദേഷ്യവും അസ്വസ്ഥതകളും പുറമേ പ്രകടിപ്പിക്കും. എന്റെ ലക്ഷണങ്ങൾ ഉള്ളിൽത്തന്നെയായിരുന്നു. അതുകൊണ്ടു ഞാൻ നേരിട്ട ബുദ്ധിമുട്ട് വീട്ടിൽ ആരും അറിഞ്ഞിരുന്നില്ല. ഇനി പ്രകടിപ്പിച്ചാലും ‘വെറുതെ തോന്നുന്നതാണ്. ദാ.. അവരെ നോക്ക്. അവിടെ എന്തൊക്കെ പ്രശ്നങ്ങളാ. നിനക്കെന്ത് പ്രശ്നമാ ഉള്ളത്?’ ഇങ്ങനെയാകും മറുപടി കിട്ടുക.

മനസ്സിനെ മാറ്റിയ തെറപ്പി

ഒന്നര വർഷം മുൻപാണ് ഞാൻ സൈക്കോളജിസ്റ്റിന്റെ അടുത്തെത്തിയത്. അതോടെ എന്റെ ജീവിതം തന്നെ മാറി. നമ്മൾ പറയുന്നതെല്ലാം  മുൻവിധിയില്ലാതെ കേൾക്കാൻ ഒരാളുണ്ടാകുക എന്നതു വലിയ കാര്യമാണ്. ഞാൻ പറയുന്നതെല്ലാം േകട്ട് ഓരാ പ്രശ്നവും കുരുക്കഴിച്ചെടുക്കുന്ന രീതി എനിക്കേറെ പ്രയോജനപ്പെട്ടു. ഒരു വ്യക്തിയെന്ന നിലയിൽ എന്തൊെക്കയാണു ഞാൻ അർഹിക്കുന്നത്, എനിക്കിത്രയും മൂല്യമുണ്ട് എന്നെല്ലാം തിരിച്ചറിയാൻ തുടങ്ങി. ഓരാ ചെറിയ നേട്ടത്തിലും സ്വയം അഭിനന്ദിച്ചു തുടങ്ങി. മറ്റുള്ളവർ എന്നെ വിലമതിക്കുന്നില്ല എന്നു തോന്നുമ്പോൾ അഭിനന്ദനം, നല്ല വാക്ക് ഇവയെല്ലാം ആവശ്യപ്പെടാനും ‘എന്നെ ഇങ്ങനെയല്ല നിങ്ങൾ വിലമതിക്കേണ്ടത്’ എന്നു പറയാനും പഠിച്ചു. ബിപിഡി രോഗമല്ല, അവസ്ഥയാണ്. അതുകൊണ്ടു തന്നെ ഭേദമാക്കാനാകുമില്ല. ബിപിഡിയുടെ ലക്ഷണങ്ങൾ പ്രകടമാകുമ്പോൾ എങ്ങനെ അതു ഫലപ്രദമായി നേരിടാമെന്നാണു തെറപ്പിയിലൂടെ നമ്മൾ മനസ്സിലാക്കുക. ഇപ്പോൾ എന്തെങ്കിലും അസ്വസ്ഥത തോന്നിയാൽ‍ എന്തുകൊണ്ടാണ് എനിക്ക് ഇങ്ങനെ തോന്നുന്നത് എന്നു മനസ്സിലാക്കാനും മറ്റുള്ളവർക്കു പറഞ്ഞു കൊടുക്കാനും കഴിയും. വിവാഹം കഴിഞ്ഞപ്പോൾ മുതൽ ‘കുട്ടികളൊന്നുമായില്ലേ’ എന്ന ചോദ്യം ഏറെ ബുദ്ധിമുട്ടിച്ചിരുന്നു. ഇപ്പോൾ അത്തരം സാഹചര്യങ്ങൾ നേരിടാൻ ഞാൻ പഠിച്ചു.

ജീവിതം മെച്ചപ്പെടുത്തിയ വഴികൾ

വളർന്ന സാഹചര്യങ്ങളും ചുറ്റുപാടുകളിൽ നിന്നുമുണ്ടായ പ്രശ്നങ്ങളും എന്റെയും ഭർത്താവ് ഗണേഷിന്റെയും മനസ്സിനെ അലട്ടിയിരുന്നു. ഗണേഷും തെറപ്പിസ്റ്റിനെ കാണുന്നുണ്ട്. രണ്ടു സ്ഥലത്തു നിന്നും മനസ്സിലാക്കുന്ന കാര്യങ്ങൾ ഞങ്ങൾ ഒരുമിച്ചിരുന്നു വിലയിരുത്തും. അതിൽ നിന്നാണു രണ്ടുപേരും എന്തൊക്കെ ചെയ്യണമെന്നു തീരുമാനിക്കുക. ഇങ്ങനെ പതിവായി പരിശ്രമിച്ചാണു ഞങ്ങൾ ജീവിതം മെച്ചപ്പെടുത്തിയത്. ബിപിഡിയെക്കുറിച്ചും തെറപ്പി തേടുന്നതിനെക്കുറിച്ചും േലാകത്തോടു തുറന്നു സംസാരിക്കാൻ ഞങ്ങള്‍ക്കു മടി തോന്നിയിട്ടേയില്ല. വ്യക്തിയെന്ന നിലയിൽ എത്രമാത്രം പുരോഗതി നേടിയെന്നും ജീവിതത്തിന്റെ ഗുണനിലവാരം എത്രമാത്രം മെച്ചപ്പെട്ടു എന്നതും തുറന്നു പറയാൻ ഞങ്ങൾക്ക് അഭിമാനമേയുള്ളൂ. മാനസികാരോഗ്യത്തെക്കുറിച്ച് ഇപ്പോഴും പലർക്കും  ശ രിയായ ധാരണയില്ല.  യോഗ ചെയ്താൽ േപാരേ, സിനിമ കണ്ടൂടേ ഇങ്ങനെ തെറ്റായ  ഉപദേശങ്ങൾ നൽകാനാണു പലർക്കും താൽപര്യം. അതിനൊന്നും ചെവി കൊടുക്കാറില്ല. സ്റ്റേജ് ഷോകളിൽ പങ്കെടുക്കുമ്പോൾ മണിക്കൂറുകൾ പെർഫോം ചെയ്യാൻ നല്ല സ്റ്റാമിന വേണം. ഫിറ്റ്നസിനു വേണ്ടി ദിവസവും ഓടാൻ പോകും. വർക്ഔട്ട് ചെയ്യും. ആരോഗ്യകരമായ ഭക്ഷണം കഴിക്കാനും ശ്രദ്ധിക്കും. അതുപോലെ തന്നെയാണു മാനസികാരോഗ്യവുമെന്ന് എനിക്കറിയാം. വിദൂരവിദ്യാഭ്യാസം വഴി ൈസക്കോളജിയിൽ ബിരുദാനന്തരബിരുദം നേടാനുള്ള ഒരുക്കത്തിലാണു ഞാൻ.

അഭിമുഖത്തിന്റെ പൂർണരൂപം വായിക്കാം: https://www.vanitha.in/celluloid/music/singer-gauri-lakshmi-interview-vanitha-magazine.html

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ജിപ്സിക്ക് പകരം ജിംനി, ഓഫ് റോഡ് കിങ്

MORE VIDEOS
FROM ONMANORAMA