ADVERTISEMENT

ടിന ടേണർ, അത് വെറുമൊരു പേരല്ല... നിലയ്ക്കാത്ത സംഗീതത്തിനൊപ്പമുള്ള അതിജീവനത്തിന്റെ മാതൃക കൂടിയാണ്. റോക്ക് ആൻഡ് റോളിന്റെ റാണി എന്ന വിളിപ്പേരുള്ള അവർ 83 ാം വയസിൽ പാട്ടവസാനിപ്പിച്ചു മടങ്ങുമ്പോൾ കറുത്ത വംശജരുടെ സംഗീതലോകത്തെ സാന്നിധ്യത്തിന്റെ വലിയ കഥ തന്നെ ബാക്കിയാവുകയാണ്.

 

ടിപ്പിക്കൽ മേൽ, ദ് ബെസ്റ്റ്, ദ് പ്രൈവറ്റ് ഡാൻസർ, ബെറ്റർ ബി ഗുഡ് ടു മീ... എന്നിങ്ങനെ ടിന പാടിയപ്പോൾ ലോകം മുഴുവൻ ഏറ്റുപാടിയ ഒരുപാട് ഈണങ്ങളുണ്ട്. 12 ഗ്രാമി പുരസ്കാരങ്ങളുമായി പകരം വയ്ക്കാനില്ലാത്ത സംഗീത സാന്നിധ്യമായി ലോകത്തിന്റെ നെറുകയിൽ ചുംബിച്ചു അവർ. 6 പതിറ്റാണ്ട് നീണ്ട സംഗീതജീവിതത്തിൽ 200 മില്യനിലധികം സ്വതന്ത്ര ആൽബങ്ങൾ വിറ്റഴിച്ച് അപൂർവ നേട്ടവും സ്വന്തമാക്കി.

 

ആഫ്രോ അമേരിക്കൻ സംഗീതത്തിന്റെ വലിയ സാധ്യതകൾ ലോകത്തിനു മുൻപിൽ തുറന്നു കൊടുത്ത ടിനയുടെ സംഗീതജീവിതം എക്കാലവും ആഘോഷിക്കപ്പെട്ട‌താണ്. എന്നാൽ സ്വകാര്യജീവിതത്തിൽ അവർ നേരിട്ട വലിയ വെല്ലുവിളികളും യാതനകളും അധികമാരും അറിഞ്ഞില്ല. എല്ലാ വേദനകളിലും അവർക്കു തുണയായി നിന്നത് മുൻ ഭർത്താവും സംഗീത ലോകത്തെ പങ്കാളിയുമായിരുന്ന ഇക്ക ടേണർ ആയിരുന്നു. എന്നാൽ അത് അധികകാലം നീണ്ടുനിന്നില്ല. 

 

ആദ്യ രണ്ട് പ്രണയങ്ങള്‍ പരാജയപ്പെട്ടതോടെയാണ് ടിന ഇക്ക ടേണറുമായി അടുക്കുന്നത്. ഇരുവർക്കും രണ്ട് കുട്ടികളും ജനിച്ചു. സന്തോഷം നിറഞ്ഞ പ്രണയ നാളുകൾക്കു ശേഷം വിവാഹ ജീവിതത്തിൽ ടിനയ്ക്കു നേരിടേണ്ടി വന്നത് സമാനതകളില്ലാത്ത ശാരീരിക, മാനസിക പീഡനങ്ങളാണ്. ശരീരം മുഴുവൻ പൊട്ടിയ എല്ലുകളും മുറിപ്പാടുകളുമായി നടന്ന അവർ 50 ഉറക്കഗുളികകൾ ഒന്നിച്ചു കഴിച്ചു ആത്മഹത്യയ്ക്കു ശ്രമിച്ചു. മരണത്തോടു മല്ലടിച്ച് പിന്നീട് ദീർഘകാലം ആശുപത്രിക്കിടക്കയിലായിരുന്നു. ശാരീരികവും മാനസികവുമായ വേദനകളോടു പൊരുതി ജയിച്ച് പിന്നീടവർ പാട്ടുലോകത്തേയ്ക്കു രണ്ടാം വരവ് നടത്തി. ഇതിനിടെ ഇക്ക ടേണറുമായുള്ള ബന്ധം നിയമപരമായി അവസാനിപ്പിക്കുകയും ചെയ്തു.

 

രണ്ടാം വരവിലൂടെയാണ് ടിന ഏറ്റവും വലിയ ഹിറ്റുകൾ സംഗീത ലോകത്തിനു സമ്മാനിച്ചത്. 2021ലും വലിയ സംഗീത വേദികളിൽ അവരുടെ സോളോ ഹിറ്റുകൾ പുരസ്‌കാരങ്ങൾക്കു വേണ്ടി നാമനിർദേശം ചെയ്യപ്പെട്ടതിനു ലോകം സാക്ഷിയായി. 82 ാം വയസിൽ ബുദ്ധ മതത്തോട് ആകർഷണം തോന്നിയ ടിന, ആത്മീയതയിലേക്കു തിരിഞ്ഞു. ആ തീരുമാനം തന്റെ ജീവിതത്തിലുണ്ടാക്കിയ ഉണർവിനെക്കുറിച്ച് അവർ ലോകത്തോടു വിളിച്ചു പറഞ്ഞതും സംഗീതത്തിലൂടെയായിരുന്നു. 

 

ബുദ്ധിസ്റ്റ് മന്ത്രങ്ങളുമായി ലൈവ് സംഗീതം അവതരിപ്പിച്ച് ലോകം മുഴുവൻ ടിന സഞ്ചരിച്ചത് വിസ്മയ കാഴ്ചയായിരുന്നു. ആരോഗ്യപ്രശ്നങ്ങളെത്തുടർന്നു കിടപ്പിലായപ്പോഴും സംഗീതത്തിലൂടെ നേടുന്ന അനന്തമായ സന്തോഷത്തെക്കുറിച്ചു വാചാലയായി ലോകത്തിനു പുത്തൻ മാതൃക നൽകിയാണ് ടിന വിട വാങ്ങുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com