ഗായകൻ എം.ജി.ശ്രീകുമാറിനു ജന്മദിനാശംസകൾ നേർന്ന് നടൻ സൈജു കുറുപ്പ്. സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച ഹ്രസ്വകുറിപ്പ് ഇപ്പോൾ ആരാധകശ്രദ്ധ നേടുകയാണ്. എം.ജി.ശ്രീകുമാർ ആണ് തന്നെ മലയാള സിനിമാ ശാഖയ്ക്കു പരിചയപ്പെടുത്തിയതെന്ന് നടൻ കുറിപ്പിൽ പറയുന്നു.
‘2004 ൽ തിരുവനന്തപുരത്ത് വച്ച് ഈ ഇതിഹാസത്തെ കണ്ടില്ലായിരുന്നെങ്കിൽ സൈജു കുറുപ്പ് എന്നൊരു നടൻ മലയാള സിനിമയിൽ ഉണ്ടാകില്ലായിരുന്നു. എം.ജി. ശ്രീകുമാർ സാറിന് ജന്മദിനാശംസകൾ നേരുന്നു’, സൈജു കുറുപ്പ് കുറിച്ചു.
എം.ജി.ശ്രീകുമാറിന്റെ 66ാം പിറന്നാളാണിന്ന്. സിനിമാ, സംഗീതരംഗത്തെ നിരവധി പ്രമുഖരാണ് ഗായകന് ആശംസകൾ നേരുന്നത്. ‘എന്റെ ഏറ്റവും പ്രിയപ്പെട്ടയാൾക്കു ജന്മദിനാശംസകൾ. ആഘോഷത്തിന്റെ മറ്റൊരു മനോഹര വർഷം കൂടെ ആശംസിക്കുന്നു ശ്രീക്കുട്ടാ’ എന്നാണ് എം.ജി.ശ്രീകുമാറിന്റെ ഭാര്യ ലേഖ കുറിച്ചത്.
സംഗീതജ്ഞനായിരുന്ന മലബാർ ഗോപാലൻ നായരുടേയും ഹരികഥാകലാക്ഷേപക്കാരിയും സംഗീത അധ്യാപികയുമായിരുന്ന ഹരിപ്പാട് മേടയിൽവീട്ടിൽ കമലാക്ഷിയമ്മയുടേയും മൂന്നു മക്കളിൽ ഇളയ മകനായി 1957 മെയ് 25നാണ് എം.ജി.ശ്രീകുമാർ ജനിച്ചത്. മൂത്ത സഹോദരനായ എം.ജി.രാധാകൃഷ്ണൻ സംഗീതജ്ഞനും സംഗീത സംവിധായകനുമായിരുന്നു. സഹോദരി ഡോ.ഓമനക്കുട്ടി തിരുവനന്തപുരം വിമൻസ് കോളേജിലെ സംഗീത പ്രഫസറായിരുന്നു.