ഗുസ്തി താരങ്ങൾക്കു പിന്തുണയുമായെത്തിയ നടൻ കമൽ ഹാസനെ വിമർശിച്ച ഗായിക ചിന്മയി ശ്രീപദയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഗായിക സോന മോഹപത്ര. സ്നേഹവും പോരാട്ട വീര്യവും കരുത്തും ചിന്മയിക്കു പകർന്നു നൽകുന്നുവെന്നാണ് സോന സമൂഹമാധ്യമങ്ങളിൽ കുറിച്ചത്. ഗായികയുടെ പോസ്റ്റ് ചർച്ചയായിക്കഴിഞ്ഞു. നിരവധി പേർ പിന്തുണയറിയിച്ചു രംഗത്തെത്തുന്നുണ്ട്.
കഴിഞ്ഞ ദിവസമാണ് റെസ്‌ലിങ് ഫെഡറേഷന്‍ പ്രസിഡന്റ് ബ്രിജ്ഭൂഷൻ ശരണ്‍ സിങ്ങിനെതിരായ ലൈംഗികാതിക്രമ പരാതിയില്‍ നടപടി ആവശ്യപ്പെട്ട് ഗുസ്തി താരങ്ങള്‍ നടത്തുന്ന സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച‌് കമൽ ഹാസൻ ട്വീറ്റ് ചെയ്തത്. പിന്നാലെ ഈ ട്വീറ്റ് പങ്കുവച്ച് വിമർശനവുമായി ചിന്മയി രംഗത്തു വന്നു. 5 വർഷമായി താൻ നേരിടുന്ന വിലക്കിനെതിരെ ഒരിക്കലെങ്കിലും നടൻ ശബ്ദിച്ചിട്ടുണ്ടോ എന്ന് ചിന്മയി രൂക്ഷമായ ഭാഷയിൽ ചോദിച്ചു.
സിനിമാ ലോകത്ത് മീ ടൂ ആരോപണമുന്നയിച്ച് രംഗത്തുവന്ന ആളുകളിൽ പ്രധാനിയാണ് ചിന്മയി ശ്രീപദ. 2018ല്‍ ഗാനരചയിതാവ് വൈരമുത്തുവിനെതിരെ ആയിരുന്നു പരാതി. സംഗീതപരിപാടിക്കായി സ്വിറ്റ്‌സർലൻഡിലെത്തിയപ്പോൾ വൈരമുത്തു തന്നെ ലൈംഗികമായി ഉപദ്രവിച്ചെന്ന് ട്വിറ്ററിലൂടെ ഗായിക വെളിപ്പെടുത്തുകയായിരുന്നു. സംഭവം തമിഴ് സിനിമാ–സംഗീതമേഖലയെ ഒന്നാകെ പിടിച്ചുലച്ചു. പിന്നാലെ സൗത്ത് ഇന്ത്യന്‍ സിനി ടെലിവിഷന്‍ ആര്‍ട്ടിസ്റ്റ്‌സ് ആന്‍ഡ് ഡബ്ബിങ് യൂണിയന്‍ ചിന്മയിയെ സിനിമയില്‍ നിന്ന് വിലക്കുകയും ചെയ്തു. ഇപ്പോഴും വിലക്ക് തുടരുകയാണ്.