‘മരിക്കുന്നതിനു മുൻപ് വിശ്രമിക്കാൻ അനുവദിക്കണം പ്ലീസ്’; വിരമിക്കൽ പദ്ധതിയെക്കുറിച്ച് ബിടിഎസ് താരം
Mail This Article
സംഗീതലോകത്തു നിന്നു വിരമിക്കുന്നതിനെക്കുറിച്ചു തുറന്നു പറഞ്ഞ് ബിടിഎസ് താരം സുഗ. ആദ്യ സോളോ ടൂർ കഴിഞ്ഞ് ദക്ഷിണ കൊറിയയിൽ തിരിച്ചെത്തിയ ശേഷം ആരാധകരുമായി കൂടിക്കാഴ്ച നടത്തവെയാണ് സുഗ വിരമിക്കലിനെക്കുറിച്ചു വെളിപ്പെടുത്തിയത്. 60 വയസ്സു വരെ താൻ സംഗീതരംഗത്തുണ്ടാകുമെന്നും അതിനു ശേഷം മാത്രമേ വിരമിക്കൂ എന്നും മുപ്പതുകാരനായ സുഗ പറഞ്ഞു.
മരിക്കുന്നതിനു കുറച്ചു കാലം മുൻപ് തന്നെ വിശ്രമിക്കാൻ അനുവദിക്കണമെന്നും 60 വയസ്സ് ആകുമ്പോഴേക്കും തനിക്കു മൈക്ക് പിടിക്കാൻ പോലും ആരോഗ്യം ഉണ്ടായിരിക്കില്ലെന്നും സുഗ സരസമായി പറഞ്ഞു. ഗായകന്റെ രസിപ്പിക്കും മറുപടി കേട്ട് ആരാധകർ ആർപ്പു വിളികളുയർത്തി. അതേസമയം ബിടിഎസ് ബാൻഡ് വേർപിരിഞ്ഞെങ്കിലും ബാൻഡിന്റെ പത്താം വാർഷികാഘോഷങ്ങൾ സിയോളിൽ നടക്കാനിരിക്കുകയാണ്. സംഗീതത്തിനും ആർമി സംഗമത്തിനുമൊപ്പം വ്യത്യസ്തമായ പരിപാടികൾ ഈ ആഘോഷത്തിൽ നടക്കുമെന്നാണു റിപ്പോർട്ടുകൾ.
2022 ജൂണിലാണ് ബിടിഎസ് ബാൻഡ് വേർപിരിയൽ പ്രഖ്യാപനം നടത്തിയത്. ദക്ഷിണ കൊറിയയിലെ നിയമമനുസരിച്ച് 18നും 28നും ഇടയില്‍ പ്രായമുള്ള ആരോഗ്യവാന്‍മാരായ എല്ലാ പുരുഷന്‍മാര്‍ക്കും രണ്ടുവര്‍ഷത്തെ മിലിട്ടറി സേവനം നിര്‍ബന്ധമാണ്. ഇതിനു വേണ്ടിയാണ് ബിടിഎസ് ബാൻഡ് വേർപിരിഞ്ഞത്. ജിന്‍, ജെ–ഹോപ് എന്നീ താരങ്ങൾ നിലവിൽ സൈനിക സേവനം ആരംഭിച്ചുകഴിഞ്ഞു. ജംഗൂക്, ആർഎം, വി, ജിമിൻ എന്നിവരാണ് ബിടിഎസിലെ മറ്റ് അംഗങ്ങൾ.