ഇന്ത്യൻ സംഗീതത്തെ ലോകത്തിന്റെ നെറുകയിലെത്തിക്കാൻ എല്ലാ കലാകാരന്മാരും ഒറ്റക്കെട്ടായി പരിശ്രമിക്കണമെന്ന് സംഗീതസംവിധായകൻ എ.ആർ.റഹ്മാൻ. എല്ലാവരും ഒത്തൊരുമയോടെ നിൽക്കണമെന്നും ഇന്ത്യൻ പതാക വാനോളമുയർത്തണമെന്നും അത് ഉന്നതിയിൽ പാറിപ്പറക്കണമെന്നും റഹ്മാൻ പറഞ്ഞു.
ആർആർആറിലെ ‘നാട്ടു നാട്ടു’വിനു കിട്ടിയ ഓസ്കർ, ഗോൾഡൻ ഗ്ലോബ് നേട്ടങ്ങളിലൂടെ ഇന്ത്യൻ സംഗീതം ലോകത്തിനു മുമ്പിൽ ആദരിക്കപ്പെട്ടതിനു പിന്നാലെയാണ് റഹ്മാന്റെ ഈ ആഹ്വാനം. ഏതാനും ദിവസങ്ങൾക്കു മുൻപാണ് കൊറിയൻ വിദേശകാര്യ മന്ത്രി ‘നാട്ടു നാട്ടു’ പാട്ട് കൊറിയയിൽ തരംഗമാകുന്നതിനെക്കുറിച്ച് ആവേശപൂർവം സംസാരിച്ചത്.
ഇന്ത്യൻ സംഗീതം ലോകത്തിന്റെ നെറുകയിൽ എത്തിച്ചതിന് എ.ആർ.റഹ്മാൻ നൽകിയ സംഭാവന ചെറുതല്ല. റഹ്മാന്റെ വൈകാരികമായ വാക്കുകൾ ഇപ്പോൾ ചർച്ചയായിരിക്കുകയാണ്. നിരവധി പേരാണ് ഇതിനോടു പ്രതികരിച്ചു രംഗത്തെത്തുന്നത്. അതേസമയം റഹ്മാൻ സംഗീതത്തെക്കുറിച്ചു മാത്രം ചിന്തിക്കുകയാണെന്നും രാജ്യത്ത് ഗുസ്തി താരങ്ങൾ നേരിടുന്ന അനീതിയെക്കുറിച്ചുകൂടെ ആലോചിക്കണമെന്നും ചിലർ വിമർശിച്ചു.