ഗായിക റിമി ടോമി സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച വിഡിയോ വൈറലാകുന്നു. ഗായികയുടെ വിവിധ കാലങ്ങളിലെ സ്റ്റേജ് പരിപാടികളുടെയും അഭിമുഖങ്ങളുടെയും ചില ദൃശ്യങ്ങള്‍ കോർത്തിണക്കിയൊരുക്കിയ ട്രാൻസ്ഫർമേഷൻ വിഡിയോ ആണിത്. റിമിയുടെ ആദ്യ ഗാനമായ മീശമാധവനിലെ ‘ചിങ്ങമാസം വന്നു ചേർന്നാൽ’ എന്ന പാട്ടാണ് പശ്ചാത്തലത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
വിഡിയോ ഇതിനകം ശ്രദ്ധിക്കപ്പെട്ടുകഴിഞ്ഞു. ശിൽപ ബാല, സിതാര കൃഷ്ണകുമാർ, വീണ നായർ, ജീവ തുടങ്ങി സിനിമ–സംഗീതലോകത്തെ പ്രമുഖർ ഉൾപ്പെടെ നിരവധി പേർ പ്രതികരണങ്ങളറിയിക്കുന്നുണ്ട്. ശ്രീനാഥ് രാജൻ എന്നയാളാണ് റിമിക്ക് ഈ ട്രാൻസ്ഫർമേഷൻ വിഡിയോ തയ്യാറാക്കി അയച്ചുകൊടുത്തത്. ‘ഞാൻ അന്നും ഇന്നും എന്നും നിങ്ങളുടെ ആ പഴയ ആൾ തന്നെയാ കേട്ടോ’ എന്നു കുറിച്ച് ശ്രീനാഥിനു നന്ദി പറഞ്ഞുകൊണ്ടാണ് റിമി വിഡിയോ പോസ്റ്റ് ചെയ്തത്.
റിമി ടോമിയുടെ രൂപമാറ്റം കണ്ട് അമ്പരന്നിരിക്കുകയാണ് ആരാധകർ. ഗായിക ശരീരഭാരം കുറച്ചതിന്റെ രഹസ്യം എന്താണെന്ന് ആരാധകർ ചോദിക്കുന്നു. ആഹാരപ്രിയ ആയിരുന്ന റിമി ഇഷ്ടവിഭവങ്ങളൊക്കെ ഒഴിവാക്കിയാണ് ഭാരം കുറച്ചത്. ഭാരം കുറഞ്ഞതോടെ സന്തോഷവും സംതൃപ്തിയും വർധിച്ചുവെന്നും ഏതു വസ്ത്രവും ധരിക്കാമെന്ന ആത്മവിശ്വാസമുണ്ടായി എന്നും റിമി മുൻപ് അഭിമുഖങ്ങളിലുൾപ്പെടെ പറഞ്ഞിട്ടുണ്ട്.