ADVERTISEMENT

അഭിനയരംഗത്തു നേരിടേണ്ടിവന്ന തിരിച്ചടികളെക്കുറിച്ചു തുറന്നു പറഞ്ഞ് ഗായകനും നടനുമായ വിജയ് യേശുദാസ്. മണിരത്നം ചിത്രം പൊന്നിയിൻ സെൽവനിൽ താൻ അഭിനയിച്ച രംഗങ്ങൾ ഒഴിവാക്കിയാണ് ചിത്രം പ്രദർശനത്തിനെത്തിച്ചതെന്ന് ഗായകൻ വെളിപ്പെടുത്തി. അഭിനയത്തിൽ മാത്രമല്ല സംഗീതരംഗത്തും തനിക്ക് ദുരനുഭവം ഉണ്ടായിട്ടുണ്ടെന്ന് വിജയ് യേശുദാസ് പറ‍ഞ്ഞു.

 

‘ഞാൻ പാടിയ ഗാനം വേറൊരാളെക്കൊണ്ട് പാടിച്ച സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. അക്ഷയ് കുമാർ നായകനായ റൗഡ് റാഥോർ എന്ന ചിത്രത്തിനുവേണ്ടി ഞാനൊരു ഗാനം ആലപിച്ചിരുന്നു. ചെന്നൈയിൽ മറ്റൊരു പാട്ട് റെക്കോർഡ് ചെയ്തുകൊണ്ടിരിക്കവേ സഞ്ജയ് ലീല ബെൻസാലി പ്രൊഡക്‌ഷൻസിൽ നിന്ന് ഒരു ഫോൺകോൾ വന്നു. ഹിന്ദിയിലെ കുറച്ചുകൂടി ജനപ്രീതിയുള്ള വേറൊരാളെവച്ച് ഞാൻ പാടിയ പാട്ട് മാറ്റി റെക്കോർഡ് ചെയ്തു എന്നാണ് അവർ അറിയിച്ചത്. അത് ഞാൻ പ്രതീക്ഷിച്ചിരുന്ന സംഭവം തന്നെയാണ്. അതുകൊണ്ട് അക്കാര്യം അംഗീകരിക്കാനും സാധിച്ചു’, വിജയ് യേശുദാസ് പറഞ്ഞു. ഇന്ത്യാ ടുഡേ കോൺക്ലേവിൽ സംസാരിക്കവെയാണ് അദ്ദേഹം സിനിമാ–സംഗീതരംഗത്തെ ദുരനുഭവങ്ങളെക്കുറിച്ചു മനസ്സു തുറന്നത്. പൊന്നിയിൻ സെല്‍വനിൽ അഭിനയിച്ചതിനെക്കുറിച്ച് വിജയ് പറഞ്ഞതിങ്ങനെ:

 

‘യേശുദാസിന്റെ മകനെന്ന ചട്ടക്കൂട് മറികടക്കാൻ പാടുപെട്ടു, അച്ഛൻ പ്രശസ്തനായതുകൊണ്ട് മകന് അവസരം കിട്ടുമെന്ന ധാരണ തെറ്റ്’

 

‘പൊന്നിയിൻ സെൽവൻ ആദ്യഭാഗത്തിൽ ഞാൻ അഭിനയിച്ചിരുന്നു. അപ്രതീക്ഷിതവും അതിശയകരവുമായ അനുഭവമായിരുന്നു അത്. ഞാനഭിനയിച്ച രണ്ടാമത്തെ തമിഴ് ചിത്രമായ പടൈവീരന്റെ സംവിധായകൻ ധന ശേഖരൻ ആയിരുന്നു പൊന്നിയിൻ സെൽവനിൽ മണി സാറിന്റെ അസോസിയേറ്റ് ഡയറക്ടർ. നെഗറ്റീവ് ഷെയ്ഡുള്ള ഒരു വേഷത്തേപ്പറ്റി അദ്ദേഹം മുൻപൊരിക്കൽ സൂചിപ്പിച്ചിരുന്നു. പക്ഷേ അതെനിക്ക് കിട്ടുമോ എന്നറിയില്ലായിരുന്നു. ഒരിക്കൽ റെക്കോർഡിങ്ങിനു ചെന്നൈയിൽ നിന്നു ബെംഗളൂരുവിലേക്കു പോകുമ്പോൾ ധന ശേഖരൻ വിളിച്ചിട്ട് മണിസാറിനോട് എന്റെ കാര്യം സൂചിപ്പിച്ചിട്ടുണ്ടെന്നു പറഞ്ഞു. നേരിട്ട് സംവിധായകനെ വിളിക്കാനും ആവശ്യപ്പെട്ടു.  

 

ഞാൻ നേരെ രാജാമുൻഡ്രിയിലേക്കു ചെന്നു. ഗോദാവരി നദിയിലായിരുന്നു ആ സമയത്ത് ചിത്രീകരണം. പ്രൊഡക്‌ഷൻ ടീമിൽ നിന്ന് വിളിച്ച് തല മൊട്ടയടിക്കേണ്ടിവരുമെന്നു പറഞ്ഞു. ഞാൻ സമ്മതിക്കുകയും ചെയ്തു. കോസ്റ്റ്യൂമിൽ നിർത്തി ചിത്രങ്ങളെടുത്ത് മണിരത്നം സാറിന് കൊടുത്തു. അദ്ദേഹം ഓകെ പറഞ്ഞതോടെ പിറ്റേന്ന് രാവിലെ ഒരു ബോട്ട് രംഗം ചിത്രീകരിച്ചു. പിന്നീട് ഞാൻ തിരിച്ചുപോരുകയും ചെയ്തു. ഒരുമാസത്തിനുശേഷം അവരെന്നെ ഹൈദരാബാദിലേക്ക് ഷൂട്ടിങ്ങിനു വേണ്ടി വിളിച്ചു. കുതിരസവാരി നടത്തുന്ന രംഗമായിരുന്നു ചിത്രീകരിക്കേണ്ടത്. വിക്രം സാറിനും കുതിരസവാരി രംഗം തന്നെയായിരുന്നു അന്നുണ്ടായിരുന്നത്. പക്ഷേ പിന്നീട് ഞാന്‍ അഭിനയിച്ച രംഗങ്ങൾ ചിത്രത്തിൽ നിന്നും ഒഴിവാക്കപ്പെട്ടു. അത് ധന ശേഖരനെ ഏറെ അസ്വസ്ഥനാക്കിയിരുന്നു’. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com