‘യേശുദാസിന്റെ മകനെന്ന ചട്ടക്കൂട് മറികടക്കാൻ പാടുപെട്ടു, അച്ഛൻ പ്രശസ്തനായതുകൊണ്ട് മകന് അവസരം കിട്ടുമെന്ന ധാരണ തെറ്റ്’

yesudas-vijay-yeasudas
SHARE

യേശുദാസിന്റെ മകനെന്ന ചട്ടക്കൂടിൽ നിന്നു പുറത്തുകടക്കാൻ ഏറെ പ്രയാസപ്പെട്ടെന്നു വെളിപ്പെടുത്തി ഗായകനും നടനുമായ വിജയ് യേശുദാസ്. ആ നിഴലില്‍ നിന്നു മാറി സ്വന്തം വഴിക്കു നടക്കുകയെന്നത് ഒട്ടും എളുപ്പമായിരുന്നില്ലെന്ന് അദ്ദേഹം പറയുന്നു. പ്രശസ്തനായ ഒരാളുടെ മകന് അവസരങ്ങൾ ലഭിക്കുകയെന്നത് വളരെ എളുപ്പമാണെന്നൊരു പൊതുബോധമുണ്ട്, എന്നാൽ അത് ശരിയായ ചിന്തയല്ലെന്നും വിജയ് യേശുദാസ് പറഞ്ഞു.

‘പ്രശസ്തനായ ഒരാളുടെ മകനായതുകൊണ്ട് ചിലപ്പോൾ ഒരു നല്ല തുടക്കം കിട്ടിയേക്കാം. പക്ഷേ അതിനൊരു തുടർച്ചയുണ്ടാകാൻ നമ്മൾ നന്നായി പരിശ്രമിക്കണം. അച്ഛൻ ഒരിക്കൽ അദ്ദേഹത്തിന്റെ തുടക്കകാലത്തെക്കുറിച്ചു പറഞ്ഞത് ഓർക്കുന്നുണ്ട്. അച്ഛന്റെ അച്ഛൻ അദ്ദേഹത്തെ ശാസ്ത്രീയസംഗീതം പഠിക്കുവാനായി കൊച്ചിയിൽ നിന്നു തിരുവനന്തപുരത്തേക്ക് അയച്ചു. ഗുരുവിനു കൊടുക്കാൻ ഒരു കത്തും കൊടുത്തയച്ചു. ‘‘ഇവന് കഴിവുണ്ടെന്ന് താങ്കൾക്കു തോന്നുന്നുണ്ടെങ്കിൽ കൂടെക്കൂട്ടിക്കോളൂ’’ എന്നു മാത്രമായിരുന്നു അതിലെ വരികള്‍. അതൊരു ശുപാർശ കത്തായിരുന്നു. എന്നാൽ എന്റെ അച്ഛൻ എനിക്കു വേണ്ടി അത്ര പോലും ചെയ്യില്ല.

‘ഞാൻ അഭിനയിച്ച രംഗങ്ങള്‍ ഒഴിവാക്കി, പാടിയ പാട്ട് വേറൊരാളെക്കൊണ്ടു മാറ്റി പാടിപ്പിച്ചു’; വെളിപ്പെടുത്തി വിജയ് യേശുദാസ്

തമിഴ്നാട്ടിലും മറ്റു ചിലയിടങ്ങളിലും നടൻ എന്ന നിലയിലാണ് ഞാൻ കൂടുതലും അറിയപ്പെടുന്നത്, ഗായകനായിട്ടല്ല. 23 വര്‍ഷത്തിലേറെയായി ഞാൻ സിനിമാ–സംഗീതരംഗത്തെത്തിയിട്ട്. എന്നിട്ടും ധനുഷിന്റെ ഒരു ചിത്രത്തിൽ അഭിനയിച്ചപ്പോഴാണ് പലരും എന്നെ തിരിച്ചറിഞ്ഞതു പോലും. അത് വളരെ ദൗർഭാഗ്യകരമാണ്’. ഇന്ത്യ ടുഡേ കോൺക്ലേവിൽ സംസാരിക്കവെ വിജയ് യേശുദാസ് പറഞ്ഞു.

സംഗീത ലോകത്തു നിന്ന് എന്താവണമെന്നാണു പ്രതീക്ഷിക്കുന്നതെന്നും ഇവിടെ നിന്ന് എന്ത് കിട്ടുമെന്നാണ് ആഗ്രഹിക്കുന്നതെന്നുമുള്ള എ.ആർ.റഹ്മാന്റെ ചോദ്യമാണ് തനിക്ക് കരിയറിനെ കുറിച്ച് മറ്റൊരു ചിന്തയും ധാരണയും ഉണ്ടാക്കി തന്നതെന്നു വിജയ് പറയുന്നു. അത് തന്റെ വഴികളെക്കുറിച്ചു കൂടുതൽ വ്യക്തമായി ചിന്തിക്കാൻ തന്നെ പ്രേരിപ്പിച്ചതായും അദ്ദേഹം വെളിപ്പെടുത്തി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

'റിയൽ ലൈഫിലെ കണ്ണനും യമുനയും ഇന്ന് ഒന്നിച്ചില്ല'

MORE VIDEOS