ഔസേപ്പച്ചന്റെ ഈണം, ഇടവേളയ്ക്കു ശേഷം ഒരുമിച്ചു പാടി സുജാതയും എം.ജി.ശ്രീകുമാറും; പ്രണയപ്പാട്ടുമായി ‘പാപ്പച്ചൻ ഒളിവിലാണ്’
Mail This Article
ഗൃഹാതുര സ്മരണയുണർത്തി ‘പാപ്പച്ചൻ ഒളിവിലാണ്’ ചിത്രത്തിലെ പ്രണയ ഗാനം പ്രേക്ഷകർക്കരികിൽ. ‘മുത്തുക്കുട മാനം പന്തലൊരുക്കിയില്ലേ...’ എന്ന ഗാനം സുജാത മോഹനും എം.ജി.ശ്രീകുമാറും ചേർന്നാണ് ആലപിച്ചത്. ബി.കെ.ഹരിനാരായണന്റെ വരികൾക്ക് ഒസേപ്പച്ചൻ ഈണമൊരുക്കി. മനോരമ മ്യൂസിക് ആണ് പാട്ട് പ്രേക്ഷകർക്കരികിലെത്തിച്ചത്. ഏറെ നാളുകൾക്കു ശേഷമാണ് സുജാതയും എം.ജി.ശ്രീകുമാറും ഒരുമിച്ചു പിന്നണി പാടുന്നത്.
‘മുത്തുക്കുടമാനം പന്തലൊരുക്കീലേ
മോഹപ്പെരുന്നാളായ് ആരും കാണാതിന്നെന്റെ നെഞ്ചില്‍
അത്തിപ്പഴംപോലേ ഇത്തിരിതേൻമധുരം
തത്തിക്കളിയ്ക്കണുണ്ടേ ആരും കാണാതിന്നെന്റെ ചുണ്ടില്‍...’
നാട്ടഴകിലുള്ള പ്രണയത്തിന്റെ വശ്യതയാണ് പാട്ടിന്റെ മുഖ്യാകർഷണം. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായ പാപ്പച്ചനും ഭാര്യയും വർഷങ്ങൾക്കു മുമ്പുള്ള തങ്ങളുടെ പ്രണയകാലത്തെ ഓർത്തെടുക്കുന്നതാണ് ഗാനരംഗത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. സൈജു കുറുപ്പിനൊപ്പം 'സോളമന്റെ തേനീച്ചകൾ' ഫെയിം ദർശനയാണ് പാട്ടിലുള്ളത്. ഈ മനോഹര പ്രണയപ്പാട്ട് ചുരുങ്ങിയ സമയത്തിനകം ശ്രദ്ധിക്കപ്പെട്ടുകഴിഞ്ഞു. മികച്ച പ്രതികരണങ്ങളാണു ലഭിക്കുന്നത്.
മലയോര ഗ്രാമത്തിലെ സാധാരണക്കാരനായ ഒരു ലോറി ഡ്രൈവറായാണ് സിനിമയിൽ സൈജു കുറുപ്പ് വേഷമിടുന്നത്. ഇണക്കങ്ങളുടേയും പിണക്കങ്ങളുടേയും പകയുടേയുമൊക്കെ കഥ പറയുന്ന ചിത്രത്തിൽ പാപ്പച്ചന്‍റെ സ്വകാര്യജീവിതത്തിൽ അരങ്ങേറുന്ന സംഘർഷഭരിതങ്ങളായ ഏതാനും മുഹൂർത്തങ്ങളും ദൃശ്യവൽക്കരിച്ചിരിക്കുന്നു.
‘പൂക്കാലം’ എന്ന ചിത്രത്തിനു ശേഷം തോമസ് തിരുവല്ല ഫിലിംസിന്‍റെ ബാനറിൽ തോമസ് തിരുവല്ല നിർമിക്കുന്ന ചിത്രമാണ് ‘പാപ്പച്ചൻ ഒളിവിലാണ്’. നവാഗതനായ സിന്റോ സണ്ണി രചനയും സംവിധാനവും നിർവഹിക്കുന്നു. ശ്രിന്ദ, അജു വർഗീസ്, വിജയരാഘവൻ, ജഗദീഷ്, ജോണി ആന്റണി, ശിവജി ഗുരുവായൂർ, കോട്ടയം നസീർ, ജോളി ചിറയത്ത്, വീണ നായർ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രമുഖ താരങ്ങൾ.