ലൈവ് പാടുന്നതിനിടെ ആരാധകർ ആവേശം കൊണ്ട് വേദിയിലേക്ക് പലവിധ സാധനങ്ങൾ വലിച്ചെറിയുന്നത് അംഗീകരിക്കാനാകില്ലെന്ന് പോപ് താരം നിക് ജൊനാസ്. ഗായകൻ പലതവണ ഇത്തരം അവസ്ഥകൾ നേരിട്ടിട്ടുണ്ട്. കാലിഫോർണിയയിലെ സാക്രമെന്റോയിൽ നടന്ന ജൊനാസ് ബ്രദേഴ്സ് സംഗീതപരിപാടിക്കിടെയാണ് ഏറ്റവുമൊടുവിൽ നിക് ഇത്തരമൊരു അവസ്ഥ അഭിമുഖീകരിച്ചത്. പാടുന്നതിനിടെ ആസ്വാദകരിൽ ചിലർ ധരിച്ചിരുന്ന വളകളൂരി നിക്കിനു നേരെ എറിഞ്ഞു. പിന്നാലെ ആരാധകരുടെ ഈ പ്രവൃത്തികൾ അവസാനിപ്പിക്കണമെന്ന് നിക് ശക്തമായ ഭാഷയിൽ പറഞ്ഞു. അൽപസമയത്തിനു ശേഷം സൗമ്യതയോടെ പുഞ്ചിരിച്ച് വീണ്ടും പാട്ട് തുടരുകയും ചെയ്തു.
ഏതാനും ആഴ്ചകൾക്കു മുൻപ് ടൊറന്റോയിൽ നടന്ന ജൊനാസ് ബ്രദേഴ്സിന്റെ സംഗീത പരിപാടി കാണാനെത്തിയ ആരാധകരിലൊരാൾ റിസ്റ്റ് ബാൻഡ് ഊരി നിക്കിനു നേരെ വലിച്ചെറിഞ്ഞതിന്റെ വിഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. അപ്രതീക്ഷിത സംഭവത്തിൽ സ്തബ്ധനായ നിക്, ദേഷ്യത്തോടെ വിരൽ ചൂണ്ടി പ്രതികരണവും അറിയിച്ചു. പിന്നീട് ശാന്തനായി പാട്ട് തുടർന്നു.
പ്രകടനത്തിനിടെ ഗായകരെ ആക്രമിക്കുന്ന സംഭവങ്ങൾ ഇപ്പോൾ പതിവായിരിക്കുകയാണ്. ബേബ് റെക്സ, ഹാരി സ്റ്റൈൽസ് എന്നീ ഗായകർക്ക് അടുത്തിടെ ആക്രമണങ്ങളിൽ പരുക്കേറ്റിരുന്നു. നിരവധി പേരാണ് സംഭവത്തെ അപലപിച്ചു രംഗത്തെത്തുന്നത്. സംഗീതപരിപാടി നടക്കുമ്പോൾ ഗായകരുടെ സുരക്ഷാ കാര്യത്തിൽ വേണ്ടത്ര മുൻകരുതലുകളെടുക്കേണ്ടത് സംഘാടകരുടെ ഉത്തരവാദിത്തമാണെന്നും ഇത്തരത്തിലുള്ള ആക്രമണങ്ങളെ നിസ്സാരമായി തള്ളിക്കളയാനാകില്ലെന്നും ആരാധകരുൾപ്പെടെയുള്ളവർ സമൂഹമാധ്യമങ്ങളിലൂടെ പ്രതികരിച്ചു.