ചെന്നൈയിൽ നടന്ന ‘മറക്കുമാ നെഞ്ചം’ സംഗീതപരിപാടിയുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തിലേക്ക് തന്റെ പേര് വലിച്ചിഴയ്ക്കുന്നുവെന്നും അനാവശ്യ ആരോപണങ്ങൾ പടച്ചുവിടുന്നെന്നും നടനും സംഗീതസംവിധായകനുമായ വിജയ് ആന്റണി. പരിപാടിയുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നങ്ങളിൽ തനിക്ക് പങ്കുണ്ടെന്ന് ആരോപിച്ച് ഒരു യൂട്യൂബ് ചാനൽ വാർത്ത നൽകിയെന്ന് വിജയ് പറയുന്നു. ‘സീനിയർ ഇപ്പോഴാണ് കുടുങ്ങിയത്, ഇത് മുതലെടുക്കണം’ എന്നു പറഞ്ഞ് ഒരു മാധ്യമസുഹൃത്തിന് വിജയ് ആന്റണി അയച്ച ശബ്ദസന്ദേശം തങ്ങളുടെ പക്കലുണ്ടെന്നാണ് വിഡിയോയിൽ പറയുന്നത്. എന്നാൽ ഇതെല്ലാം വാസ്തവവിരുദ്ധമായ കാര്യങ്ങളാണെന്നും എ.ആർ.റഹ്മാൻ തനിക്ക് സഹോദരതുല്യനാണെന്നും വിജയ് ആന്റണി പറഞ്ഞു. വ്യാജവാർത്ത സൃഷ്ടിച്ചവർക്കെതിരെ മാനനഷ്ട കേസ് കൊടുക്കുമെന്നും അദ്ദേഹം സമൂഹമാധ്യമങ്ങളിൽ കുറിച്ചു.
‘ഒരുപാട് വിഷമത്തോടെയാണ് ഈ കുറിപ്പെഴുതുന്നത്. ഇപ്പോൾ ഉയർന്ന വിവാദത്തിന് പൂർണവിരാമമിടുക എന്നതാണ് ഇതുകൊണ്ടുദ്ദേശിക്കുന്നത്. ഒരു സഹോദരി തന്റെ യൂട്യൂബ് ചാനൽ വഴി എന്നെയും എന്റെ സഹോദരതുല്യനായ എ.ആർ.റഹ്മാനേയുംകുറിച്ച് നുണക്കഥകൾ പ്രചരിപ്പിക്കുകയാണ്. അതെല്ലാം പരിപൂർണമായും അസത്യമാണ്. അവർക്കെതിരെ ഞാൻ മാനനഷ്ടക്കേസ് കൊടുക്കാൻ തീരുമാനിച്ചുകഴിഞ്ഞു. നഷ്ടപരിഹാരമായി കിട്ടുന്ന തുക സംഗീതമേഖലയിൽ പ്രവർത്തിക്കുന്ന, സാമ്പത്തിക പ്രയാസം നേരിടുന്ന ഏതെങ്കിലും സുഹൃത്തിന് നൽകാന്‍ ഉദ്ദേശിക്കുന്നു’, വിജയ് ആന്റണി കുറിച്ചു.
സെപ്റ്റംബർ 10നായിരുന്നു ‘മറക്കുമാ നെഞ്ചം’ എന്ന പേരിൽ ചെന്നൈയിൽ എ.ആർ.റഹ്മാന്റെ സംഗീതപരിപാടി. ആയിരക്കണക്കിന് പേരാണ് പരിപാടി കാണാനെത്തിയത്. അയ്യായിരവും പതിനായിരവും മുടക്കി ടിക്കറ്റെടുത്തെങ്കിലും പലർക്കും വേദിയുടെ അടുത്തുപോലും എത്താൻ സാധിച്ചില്ല. 20,000 പേർക്ക് ഇരിക്കാൻ സൗകര്യമുള്ള സ്ഥലത്തു നടത്തിയ സംഗീത പരിപാടിക്കായി അര ലക്ഷത്തോളം ടിക്കറ്റുകൾ വിതരണം ചെയ്തതാണ് പ്രശ്നങ്ങൾക്കു കാരണമായത്. സംഗീതപരിപാടി ആരംഭിക്കുന്നതിനു മണിക്കൂറുകൾക്കു മുന്നേ എത്തി കാത്തു നിന്നിട്ടും പലർക്കും അകത്തു പ്രവേശിക്കാൻ സാധിച്ചില്ല. തിരക്കിൽപ്പെട്ട് പലർക്കും പരുക്കേറ്റതായും പ്രാദേശികമാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു. ലൈംഗികാതിക്രമം നേരിടേണ്ടിവന്നെന്നു പറഞ്ഞ് നിരവധി യുവതികൾ പരസ്യപ്രതികരണം നടത്തി.
സംഗീതപരിപാടിയിലെ സുരക്ഷാ, സംഘടനാ വീഴ്ചകള്‍ ചൂണ്ടിക്കാണിച്ച് സമൂഹമാധ്യമങ്ങളിൽ ആരാധകരോഷം അണപൊട്ടിയതോടെ മാപ്പ് പറഞ്ഞ് എ.ആർ.റഹ്മാനും സംഘാടകരും രംഗത്തെത്തിയിരുന്നു. പരിപാടി കാണാൻ ടിക്കറ്റ് എടുത്തവർ അതിന്റെ പകർപ്പ് ഇ–മെയിൽ അയച്ചുകൊടുക്കണമെന്നും ഉത്തരവാദിത്തപ്പെട്ടവർ പരാതികൾ പരിഹരിക്കുകയും വിമർശനങ്ങളോടു പ്രതികരിക്കുകയും ചെയ്യുമെന്നും റഹ്മാന്‍ സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു. ഇനി പരിപാടികൾ സംഘടിപ്പിക്കുമ്പോൾ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയതായി ഉറപ്പാക്കുമെന്നും അദ്ദേഹം വാക്ക് നൽകി.