ഗായകരോട് എന്തിനീ ക്രൂരത? അപമാനഭാരം പേറിയല്ല അവര്‍ മടങ്ങേണ്ടത്; ആരാധനയാകാം, പക്ഷേ മുറിപ്പെടുത്തരുത്
Mail This Article
ലൈവ് പ്രോഗ്രാമുകള്‍ ഏതൊരു ഗായകന്റെയും ഗായികയുടെയും സ്വപ്‌ന ഭൂമികയാണ്. അവിടെയാണ് അവര്‍ പാടിത്തെളിയുന്നത്. സ്വരഭംഗിയും കഴിവിന്റെ ആഴവും പരപ്പും അവരറിയുന്നതും അനുഭവിക്കുന്നതും അവിടെ വച്ചാണ്. അവരുടെ സ്വരങ്ങള്‍ക്കു കാതോര്‍ത്ത് ഇഷ്ടമായവരെ കാണുന്നതും അവിടെ വച്ചാണ്. അതുകൊണ്ടു തന്നെ പാട്ടിനൊപ്പമുള്ള ജീവതത്തിന്റെ ശ്വാസനിശ്വാസമാണ് അവര്‍ക്ക് വേദികള്‍. പക്ഷേ അത്ര നല്ല അനുഭവങ്ങളല്ല അടുത്തിടെയായി ഗായകര്‍ക്ക് വേദികള്‍ സമ്മാനിക്കുന്നത്. ലൈവ് പ്രോഗ്രാമുകള്‍ വന്‍കിട ബിസിനസ് ആയപ്പോള്‍ നിര്‍ഭാഗ്യമെന്നോണം ഒരിക്കലും നടക്കാന്‍ പാടില്ലാത്ത കാര്യങ്ങളും അവര്‍ക്കു നേരിടേണ്ടി വന്നു.
ന്യൂയോര്‍ക്കിലെ സംഗീത വേദിയില്‍ പാടിത്തിമര്‍ക്കുമ്പോള്‍ ബേബ് റെക്‌സ എന്ന ഗായിക ഒരിക്കലും കരുതിയില്ല, മുഖത്തിന്റെ ഒരു വശം ചതഞ്ഞതിന്റെ വേദനയോടെ മടങ്ങേണ്ടി വരുമെന്ന്. ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെടാത്തത് ഭാഗ്യമെന്ന് കരുതേണ്ടി വരുമെന്ന്. അജ്ഞാതനായ ഒരു ആസ്വാദകന്‍ ഫോണ്‍ ആണ് ഗായികയുടെ മുഖത്തിനു നേരെ വലിച്ചെറിഞ്ഞത്. ഫോണ്‍ വന്നടിച്ചത് മുഖത്തിന്റെ ഇടതുവശത്തും. നീരുവന്നു വീര്‍ത്ത മുഖവുമായി പാട്ടു നിര്‍ത്തി മടങ്ങേണ്ടി വന്നു ബേബ് റെക്‌സയ്ക്ക്. പിന്നീടുള്ള സംഗീത പരിപാടികളും ഈ പോപ് ഗായികയ്ക്ക് റദ്ദ് ചെയ്യേണ്ടി വന്നു. റെക്‌സയ്ക്ക് ആശ്വാസവാക്കുകളുമായി സംഗീതാസ്വാദകരെത്തി. വേണ്ടത്ര സുരക്ഷയൊരുക്കാത്തതിനു സംഘാടകരും പഴി കേട്ടു.
2021 സെപ്റ്റംബറില്‍ ആരംഭിച്ച ലോകപര്യടനത്തിന്റെ ഭാഗമായാണ് ഹാരി സ്‌റ്റൈല്‍സ് എന്ന ഗായകന്‍ വിയന്നയിലെത്തിയത്. പാട്ട് പാടിക്കൊണ്ടിരിക്കെ കട്ടിയുള്ള ഒരുതരം വസ്തു ഹാരിയുടെ മുഖത്ത് പതിക്കുകയായിരുന്നു. കണ്ണിനു പരുക്കേറ്റ ഹാരി വേദനയാല്‍ പുളയുന്നതിന്റെ വിഡിയോ ലോകശ്രദ്ധ നേടി. കൈപ്പത്തിയിലും വസ്തുകൊണ്ടുള്ള ഇടിയേറ്റു. മുന്‍പ് ഹാരിക്കു നേരെ ആസ്വാദകരില്‍ ചിലര്‍ ഭക്ഷ്യവസ്തുക്കളും പൂക്കളും വലിച്ചെറിഞ്ഞിരുന്നു. ലഹരിയില്‍ മുങ്ങിയ ചില ആരാധകരായിരുന്നു അന്ന് അതിനു പിന്നില്‍. പക്ഷേ ഹാരി നേരിട്ട മാനസിക ആഘാതത്തിനു മുന്നിൽ ഇതൊന്നും ന്യായീകരണങ്ങളല്ല.
ഏറ്റവുമൊടുവില്‍ നമ്മുടെ പ്രിയനടി പ്രിയങ്ക ചോപ്രയുടെ ഭര്‍ത്താവും അമേരിക്കന്‍ ഗായകനുമായ നിക് ജൊനാസ് ആണ് ആക്രമണത്തിനിരയായത്. ടൊറന്റോയില്‍ നടന്ന ജൊനാസ് ബ്രദേഴ്‌സിന്റെ സംഗീത പരിപാടിയ്ക്കിടെ ആരാധകരിലൊരാള്‍ റിസ്റ്റ് ബാന്‍ഡ് ഊരി നിക്കിനു നേരെ വലിച്ചെറിയുകയായിരുന്നു. പരുക്കേറ്റില്ലെങ്കിലും ആരാധകന്റെ പെരുമാറ്റം നിക്കിനെ അസ്വസ്ഥനാക്കി. പിന്നീട് ശാന്തനായ അദ്ദേഹം മനോഹരമായി പാടിയാണ് വേദി വിട്ടത്.
ആഴ്ചകൾക്കിപ്പുറം കാലിഫോർണിയയിലെ സാക്രമെന്റോയിൽ നടന്ന സംഗീതപരിപാടിക്കിടെയും നിക് ഇത്തരമൊരു അവസ്ഥ നേരിട്ടു. പാടുന്നതിനിടെ ആസ്വാദകരിൽ ചിലർ ധരിച്ചിരുന്ന വളകളൂരി നിക്കിനു നേരെ എറിഞ്ഞു. പിന്നാലെ ആരാധകരുടെ ഈ പ്രവൃത്തികൾ അവസാനിപ്പിക്കണമെന്ന് നിക് ശക്തമായ ഭാഷയിൽ പറഞ്ഞു. അൽപസമയത്തിനു ശേഷം സൗമ്യതയോടെ പുഞ്ചിരിച്ച് വീണ്ടും പാട്ട് തുടരുകയും ചെയ്തു.
വേദിയിൽ പാട്ട് പാടവെ ആരാധകരിലൊരാൾ ഗ്ലാസിലിരുന്ന മദ്യം മുഖത്തേക്കൊഴിച്ചാണ് ഗായിക കാർഡി ബിയെ അപമാനിച്ചത്. തൊട്ടടുത്ത നിമിഷം കയ്യിലുണ്ടായിരുന്ന മൈക്ക് അയാൾക്കു നേരെ വലിച്ചെറിഞ്ഞ് ഗായിക രോഷം തീർത്തു. ഉടൻ തന്നെ കാർഡി ബിയുടെ സുരക്ഷാ ഉദ്യോഗസ്ഥർ മദ്യം വലിച്ചെറിഞ്ഞയാളെ വേദിക്കരികിൽ നിന്നും പിടിച്ചു പുറത്തേക്കു മാറ്റി.
അടുത്തിടെ ഇന്ത്യന്‍ സംഗീത വിസ്മയം എ.ആര്‍.റഹ്‌മാനും സംഗീത പരിപാടിയുമായി ബന്ധപ്പെട്ട് വിവാദത്തില്‍ അകപ്പെട്ടിരുന്നു. സംഘാടകര്‍ കാണികള്‍ക്ക് ഇരിപ്പിടം, പാര്‍ക്കിങ് തുടങ്ങിയ ഒരുക്കുന്നതില്‍ പരാജയപ്പെട്ടതോടെ സംഭവം വിവാദമായി. റഹ്‌മാന്‍ സോഷ്യല്‍ മീഡിയ വഴി ബുദ്ധിമുട്ട് നേരിട്ട ആരാധകരോട് മാപ്പ് പറയുന്ന സ്ഥിതി വിശേഷം വരെയുണ്ടായി.
ഏതൊരു ഗായകനും ഗായികയും പാടാനെത്തുന്നത് നല്ല കേള്‍വിക്കാരെ പ്രതീക്ഷിച്ചാണ്. സ്വന്തം പൈസ മുടക്കി ടിക്കറ്റെടുത്ത് സമയം മാറ്റിവച്ച് തങ്ങളുടെ പാട്ട് കേള്‍ക്കാന്‍ ആളുകള്‍ കാത്തിരിക്കുന്നുവെന്നറിയുന്നത് അവര്‍ക്ക് നല്‍കുന്ന ആത്മവിശ്വാസവും സന്തോഷവും അതിരുകളില്ലാത്തതാണ്. അതാണ് സംഗീത ജീവിതത്തില്‍ അവരെ മുന്നോട്ടു നയിക്കുന്നത്. അതിനെല്ലാത്തിനുമപ്പുറം മനുഷ്യനെന്ന നിലയില്‍ ജീവിതത്തിന്റെ നിലനില്‍പ്പും വേദികളാണ്. അങ്ങനെയൊരിടത്തു നിന്ന് വേദനയും അപമാനവുമായി മടങ്ങേണ്ടി വരുന്നത് മനസ്സില്‍ മുറിവേല്‍പ്പിക്കും. പരിപാടി പ്രതീക്ഷിച്ച നിലവാരം പുലര്‍ത്തിയില്ലെങ്കില്‍ വിമര്‍ശിക്കാന്‍ ടിക്കറ്റെടുത്തവര്‍ക്ക് അവകാശമുണ്ട്. പക്ഷേ ആക്രമിക്കാനും അസഭ്യം പറയാനും ആര്‍ക്കും അവകാശമില്ല. അപക്വമായ ഇത്തരം പെരുമാറ്റങ്ങള്‍ ആത്യന്തികമായി ഒരു മനുഷ്യന്‍ മറ്റൊരു മനുഷ്യനോട് കാണിക്കാന്‍ പാടില്ലാത്ത അസഹനീയമായ പ്രവൃത്തിയാണ്.