ADVERTISEMENT

കുട്ടിക്കാലത്ത് കണ്ട സ്വപ്നം സഫലമായതിന്റെ സന്തോഷത്തിലാണ് സായുജ്യ. ചെന്നൈയിലെ എ.ആർ.റഹ്മാൻ സംഗീത ഇൻസ്റ്റിറ്റ്യൂട്ടിൽ (കെഎംഎംസി) ചേർന്നു പഠിക്കണം, ആ വലിയ സംഗീതജ്‌ഞനെ അടുത്തറിയണം എന്ന ആഗ്രഹമാണ് ഇരുപത്തിമൂന്നാമത്തെ വയസ്സിൽ യാഥാർഥ്യമായത്. പഠനത്തിനൊപ്പം "പാടുക മനമേ" എന്ന പേരിൽ വേറിട്ട സംഗീത പരിപാടിയും അവതരിപ്പിക്കുന്നുണ്ട്. പുരാവസ്തു ഗവേഷണവും ഇഷ്ടവിഷയം തന്നെ.

 

പാട്ടു പഠിക്കണോ അതോ ചരിത്രമോ?

 

5 വയസ്സുള്ളപ്പോഴേ പാട്ടിന്റെ ലോകത്തെത്തിയതാണ് സായുജ്യ. എം.പി.ദേവി, ശാകംബരി കേശവൻ എന്നിവരായിരുന്നു ആദ്യഗുരുക്കൻമാർ. പിന്നീട് 5 വർഷത്തോളം ഹിന്ദുസ്ഥാനി അഭ്യസിച്ചു. സംഗീത സംവിധായകനായ പിതാവ് കോട്ടയ്ക്കൽ മുരളിയുടെയും ജനകീയ ഗായകൻ വി.കെ.ശശിധരന്റെയും ഒട്ടേറെ കസെറ്റുകളിൽ പാടി. സംഗീതജ്ഞൻ മഞ്ഞളൂർ സുരേന്ദ്രന്റെ "മഴത്തുള്ളികൾ" എന്ന കസെറ്റിലെ ഭൂരിഭാഗം പാട്ടുകളും അതിമനോഹരമായി അവതരിപ്പിച്ചു. നിരവധി കവർ സോങ്ങുകളും പാടിയിട്ടുണ്ട്.

 

പത്താം ക്ലാസ് കഴിഞ്ഞപ്പോൾ കലാലയ വിദ്യാഭ്യാസം തുടരണോ, സംഗീതം ശാസ്ത്രീയമായി പഠിക്കണോ എന്ന കാര്യത്തിൽ ആശയക്കുഴപ്പമുണ്ടായി. ഒടുവിൽ  ചരിത്ര പഠനം നടത്താമെന്ന തീരുമാനത്തിലെത്തി. പോണ്ടിച്ചേരി സെൻട്രൽ യൂണിവേഴ്സിറ്റിയിൽ നിന്നും ബിഎയും പുണെ ഡെക്കാൻ കോളജിൽ നിന്നും ആർക്കിയോളജിയിൽ എംഎയും നേടി.     

 

പ്രചോദനമായത് എ.ആർ.റഹ്മാന്റെ പാട്ടുകൾ

 

ബാല്യത്തിൽ എ.ആർ.റഹ്മാന്റെ പാട്ടുകൾ കേട്ടതോടെയാണ് സംഗീതത്തിൽ ഉപരിപഠനം നടത്തണമെന്ന ആഗ്രഹമുണ്ടായത്. പുണെയിൽ എംഎയ്ക്കു പഠിക്കുമ്പോൾ കോളജിലെ ചടങ്ങിന് എ.ആർ.റഹ്മാൻ അതിഥിയായി എത്തിയത് വഴിത്തിരിവായി. സംഗീതത്തെക്കുറിച്ച് അദ്ദേഹം പറഞ്ഞ വാക്കുകൾ ഹൃദയത്തിൽ പതിഞ്ഞു. ചെന്നൈ ഇൻസ്റ്റിറ്റ്യൂട്ടിൽ അപേക്ഷിച്ചപ്പോഴേ പ്രവേശനവും കിട്ടി. "സ്വപ്നമാണോ, യാഥാർഥ്യമാണോ എന്ന് ഇപ്പോഴും തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല". പാശ്ചാത്യ സംഗീതപഠനത്തെക്കുറിച്ച് സായുജ്യ പറയുന്നു.

 

പാടുക മനമേ

 

ഹിന്ദുസ്ഥാനി ശൈലിയിലുള്ള മലയാളം, ഹിന്ദി സിനിമാപ്പാട്ടുകളും നാടക ഗാനങ്ങളുമാണ് "പാടുക മനമേ" എന്ന ഏകാംഗ സംഗീത പരിപാടിയിൽ സായുജ്യ അവതരിപ്പിക്കുന്നത്. കൂട്ടത്തിൽ ഗസലുകൾ, കവിതകൾ എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്. "മർത്യനെ അവന്റെ മാർഗത്തിൽ ചേർക്കാനായി" എന്ന എം.ഗോവിന്ദന്റെ കവിതയോടെയാണ് തുടക്കം. "താമസമെന്തേ വരുവാൻ", "സുറുമയെഴുതിയ മിഴികളേ" തുടങ്ങിയ എം.എസ്.ബാബുരാജിന്റെ പാട്ടുകളും മെഹ്ദിഹസന്റെയും ലതാമങ്കേഷ്ക്കറിന്റെയും ഗാനങ്ങളും ടാഗോറിന്റെ "ഗീതാഞ്ജലി"യിലെ ഗീതകങ്ങളും കൂട്ടത്തിലുണ്ട്.

അസ്‌ലം വെളിയമ്പാട്ട് കീബോർഡിലും ഹാർമോണിയത്തിലും ഹക്കീം തിരൂർ തബലയിലും സുഹൈൽ കറുപ്പംവീട്ടിൽ ഗിറ്റാറിലും പശ്ചാത്തലവാദ്യമൊരുക്കും.

ചെറിയമുണ്ടം ഗവ.ഹയർ സെക്കൻഡറി സ്കൂൾ അധ്യാപികയും നാടകപ്രവർത്തകയുമായ ഡോ.എൻ.ബിജിയാണ് സായുജ്യയുടെ മാതാവ്. സഹോദരി ഡോ.സാരംഗി. കുടുംബത്തിന്റെ പിന്തുണയാണ് മോഡലിങ്, ഹ്രസ്വചിത്ര നിർമാണം തുടങ്ങിയ മേഖലകളിലും സാന്നിധ്യമറിയിച്ച സായുജ്യയുടെ മുന്നോട്ടുള്ള യാത്രയ്ക്ക്  ഊർജമേകുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT