കലാഭവൻ മണി പാടിയെന്നേയുള്ളു, വരികൾ അറുമുഖന്റേതാണ്, ഈണവും! നാടൻപാട്ടിന്റെ കൂട്ടുകാരൻ വിടപറയുമ്പോൾ
Mail This Article
നാടൻപാട്ടിലേക്ക് പുതുതലമുറയെ അടുപ്പിച്ച അറുമുഖന്‍ വെങ്കിടങ്ങ് പാതിയിൽ നിലച്ച ഈണമായി മടങ്ങിയിരിക്കുന്നു. കലാഭവൻ മണിയുടെ ശബ്ദത്തിൽ മലയാളി കേട്ട പാട്ടുകളിൽ ഭൂരിഭാഗവും അറുമുഖന്റെ തൂലികത്തുമ്പിൽ പിറന്നവയാണ്. വരികൾ മാത്രമല്ല, ഈണവും ഈ നാടൻപാട്ടിന്റെ കൂട്ടുകാരനു സ്വന്തം. ഇനിയുമേറെ എഴുതാനും പാടാനുമുണ്ടായിരുന്നു അറുമുഖന്. ചിട്ടപ്പെടുത്തിയ നൂറുകണക്കിനു പാട്ടുകൾ വെളിച്ചം കാണാതെ പോയതിന്റെ ദുഃഖത്തോടെയാണ് അറുമുഖന്‍ വെങ്കിടങ്ങ് യാത്രയാകുന്നത്. മുൻപ് അദ്ദേഹം മനോരമ ഓൺലൈനിനു നൽകിയ അഭിമുഖം പുനഃപ്രസിദ്ധീകരിക്കുന്നു.
ചാലക്കുടി ചന്തയിലെ ചന്ദനച്ചോപ്പുള്ള മീന്‍കാരി പെണ്ണിനെ ആദ്യം കണ്ട ഒരാള്‍. വരത്തന്റൊപ്പം ഒളിച്ചു ചാടിയ തങ്കമ്മയേയും കിട്ടണ കാശിനു കള്ളു കുടിച്ചു നടക്കുന്ന വേലായുധനേയും വരിക്കച്ചക്കേടെ ചൊളകണക്കിന് തുടുതുടുത്തൊരു കല്യാണിയേയുമൊക്കെ ആദ്യം കണ്ടതും ഇദ്ദേഹം തന്നെ. വരികളില്‍ നിന്ന് മലയാളി വായിച്ചെടുക്കുന്ന പാട്ടുകള്‍ നമ്മോടു പറയുന്നത് കലാഭവന്‍ മണി എന്നാകും. എന്നാലിവിടെ മണിക്കും മുന്‍പൊരാള്‍ ഉണ്ട്. കലാഭവന്‍ മണിക്കൊപ്പം തന്നെ ചേര്‍ത്തു നിര്‍ത്തേണ്ട പേരായിട്ടും മലയാളി വേണ്ടത്ര ശ്രദ്ധിക്കാതെ പോയ ഒരാള്‍– അറുമുഖന്‍ വെങ്കിടങ്ങ്.
പണിയാളുടെ വിയര്‍പ്പുതുള്ളി മണ്ണില്‍ വീണപ്പോള്‍ അതില്‍നിന്നു നാമ്പിട്ട ഒരു സംഗീതം നമുക്കുണ്ടായിരുന്നു. വാമൊഴിയായും വരമൊഴിയായുമൊക്കെ കൈമാറി വന്ന ആ പാട്ടുകളൊക്കെ ഒരു കാലത്ത് കസെറ്റുകളായി എത്തി. അതോടെ പുതിയ കാലത്ത് പുതിയ തുടക്കം കുറിക്കാന്‍ നാടന്‍ പാട്ടുകള്‍ക്കായി. ഇക്കാലയളവില്‍ കലാഭവന്‍ മണി എന്ന പാട്ടുകാരന്‍ ആസ്വാദകരില്‍ ചെലുത്തിയ സ്വാധീനം കുറച്ചൊന്നുമല്ല. ശബ്ദത്തിലെ വഴക്കവും പാട്ടിലെ നാടന്‍ശീലുകളും താളവുമൊക്കെ അതിനു കാരണമായി. ആസ്വാദകര്‍ മണിയിലേക്കു മാത്രം ചുരുങ്ങിയപ്പോള്‍ പിന്നണിയില്‍ നിന്ന പലരേയും അറിയാതെ പോയി. പാട്ടുകളുടെ രചനയും സംഗീതവും മണി തന്നെയാകുമെന്ന് ചിലരൊക്കെ തെറ്റിദ്ധരിക്കുകയും ചെയ്തു. മലയാളി കേട്ടു തഴമ്പിച്ച മണിയുടെ ഹിറ്റുകളില്‍ ഭൂരിഭാഗവും എഴുതിയയാളാണ് തൃശൂരുകാരനായ അറുമുഖന്‍ വെങ്കിടങ്ങ്. പേരും പ്രതാപവും നേടിയില്ലെങ്കിലും അറുമുഖന്റെ കൈയില്‍ ഇന്നും ബാക്കിയുള്ളത് നിലയ്ക്കാത്ത പാട്ടുശീലുകൾ മാത്രമാണ്.
പകലു മുഴവന്‍ പണി എടുത്ത്, ചാലക്കുടി ചന്തയ്ക്കു പോകുമ്പോള്‍, വരിക്കച്ചക്കേടെ ചൊളകണക്കിന്, പാവടപ്രായമാ പെണ്ണേ സൂക്ഷിച്ചിടേണം, നട്ടുച്ച നേരത്ത്, മകരമാസം വന്നടുത്തില്ലേ, ആലത്തൂരങ്ങാടിയില്‍ ഞാന്‍ പോയ് വരുമ്പോ, തോട്ടുംകരക്കാരി പെണ്ണുങ്ങക്കിത്ര, എനിക്കുമുണ്ടേ അങ്ങേ വീട്ടില്, പൂവാടി പെണ്ണേ പൂവാടി പെണ്ണേ, കോഴിക്കോട്ടെ കുഞ്ഞമ്മായി വന്നപ്പോ, മുടികെട്ടിയ പെണ്ണേ കുട്ടിമാണി, പണ്ടും പറഞ്ഞു ഞാന്‍ കുഞ്ഞാഞ്ഞോട്, ഇക്കൊല്ലം നമ്മക്ക് ഓണല്യാടി, എന്താ പെണ്ണേ ചിരിക്കാത്തെ, അവളോടിങ്ങോട്ട് വരാന്‍ പറ, പഞ്ചാരകുഞ്ചിയല്ലേ, ഞാനുന്റെളിയനും കൂടി, കൊച്ചു കുഞ്ഞിന്റച്ഛനൊരു, മിണ്ടാണ്ട്ക്ക് വിമ്മിട്ടം മുട്ട്ണ്, വരുത്തന്റൊപ്പം ഒളിച്ചു ചാടിയ എന്നിങ്ങനെ ഇരുന്നൂറിലധികം ഗാനങ്ങളാണ് അറുമുഖന്‍ വെങ്കിടങ്ങ് കലാഭവന്‍ മണിക്കായി എഴുതി സംഗീതം ചെയ്തത്.
ഇല്ലായ്മകള്‍ സമ്പന്നമാക്കിയ ബാല്യമായിരുന്നു അറുമുഖന്റേത്. കല്‍പണിക്കാരനായ അച്ഛനും കൃഷിക്കാരിയായ അമ്മയ്ക്കും മകനെ എങ്ങനെ പഠിപ്പിക്കണം എന്നു തന്നെ നിശ്ചയമില്ലാത്ത കാലം. എല്ലാ വേദനകളിലും അപ്പോഴും കൂട്ട് സംഗീതമായിരുന്നു. പാട്ടുപാടിയും കവിത എഴുതിയുമൊക്കെ അറുമുഖന്‍ സ്വന്തം ലോകം സൃഷ്ടിച്ചു. പഠനത്തിനു ശേഷം മാധ്യമ പ്രവര്‍ത്തനത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചു. ദലിത് മുന്നേറ്റമായിരുന്നു എഴുത്തിലൂടെ ലക്ഷ്യം വച്ചിരുന്നതെങ്കിലും ഫലം കാണാതെ വന്നതോടെ അത് ഉപേക്ഷിച്ചു. അപ്പോഴേക്കും ജീവിക്കാന്‍ അറുമുഖനും കല്‍പണിക്കാരനായി. ഇതിനിടയിലും ഉള്ളില്‍ എഴുത്തിന്റെ സ്ഫോടനം നടക്കുന്നുണ്ടായിരുന്നു.
കണ്ടു വളര്‍ന്ന കാര്‍ഷിക സമൃദ്ധിയുടെ കാഴ്ചകള്‍ ഉള്ളില്‍ പകര്‍ന്ന സംഗീതവും നാട്ടുവഴക്കവും അറുമുഖനിലെ കവിയെ എഴുതാന്‍ പ്രേരിപ്പിച്ചുകൊണ്ടിരുന്നു. സാമൂഹിക വ്യവസ്ഥിതിയോടുള്ള പ്രതിഷേധവും അറുമുഖന്റെ വരികളില്‍ പ്രകടമായി. കാണുന്ന കാഴ്ചകളും ചിന്തകളുമൊക്കെ പിന്നെ താളമുള്ള പാട്ടുകളായി എഴുതിയിട്ടു. സൗഹൃദ സദസ്സില്‍നിന്ന് അറുമുഖന്റെ പാട്ടുകള്‍ ആദ്യമായി കാസറ്റിലേക്ക് എത്തുന്നത് പ്രശസ്ത മാപ്പിള പാട്ടുകാരൻ കെ.ജി. സത്താറിന്റെ മകന്‍ സലീം സത്താറിലൂടെയാണ്. അറുമുഖന്റെ പാട്ടുകളെക്കുറിച്ച് കേട്ടറിഞ്ഞ സലീം സത്താര്‍ അത് കാസറ്റായി വിപണിയിലെത്താന്‍ തീരുമാനിക്കുകയായിരുന്നു. മനോജ് കൃഷ്ണ, അറുമുഖന്റെ മകളായ ഷൈനി എന്നിവര്‍ ചേര്‍ന്നാണ് 'കല്ലേം മാലേം പിന്നെ ലോലാക്കും' എന്നു പേരു നല്‍കിയ ആ കാസറ്റിലെ ഗാനങ്ങള്‍ ആലപിച്ചത്. "താടീം നരച്ചു തലയും നരച്ചു, ആശ നശിച്ചിലെന്റെ അയ്യപ്പന്‍ മാമോ..." എന്നിങ്ങനെയുള്ള പാട്ടുകള്‍ ഏറെ ശ്രദ്ധ നേടി. ഈ പാട്ടുകള്‍ കലാഭവന്‍ മണിയുടെ ചെവിയിലേക്കും എത്തി. ഇഷ്ടം തോന്നിയ മണി അറുമുഖന്റെ അരികിലേക്ക് തന്റെ ചില സുഹൃത്തുക്കളെ പറഞ്ഞയച്ചു. ഇനി മുതല്‍ അറുമുഖന്‍ എഴുതുന്ന ഗാനങ്ങള്‍ മണിക്കു നല്‍കണം എന്ന് അവര്‍ പറഞ്ഞപ്പോള്‍ അറുമുഖന് മറ്റൊന്നും മാറിച്ചിന്തിക്കുവാന്‍ ഇല്ലായിരുന്നു,
"പകലു മുഴുവന്‍ പണി എടുത്ത്
കിട്ടണ കാശിന് കള്ളും കുടിച്ച്
എന്റെ മോളെ കഷ്ടത്തിലാക്കല്ലേ വേലായുധാ...."
അറുമുഖന്‍ വെങ്കിടങ്ങ്- കലാഭവന്‍ മണി കൂട്ടുകെട്ടിലെ ആദ്യ ഗാനമായിരുന്നു ഇത്. ‘ആക്രാന്തം കാട്ടേണ്ട, വിളമ്പിത്തരാം’ എന്ന കസെറ്റിലെ ഈ ഗാനം ഏറെ ശ്രദ്ധേയമായി. കണ്ടതും കേട്ടതുമായ സംഭവങ്ങള്‍ പാട്ടുകളായി പങ്കുവയ്ക്കുമ്പോള്‍ കേവലം ആസ്വാദനത്തിനും അപ്പുറത്തേക്ക് അവയെ എത്തിക്കാനുള്ള ശ്രമങ്ങള്‍ അറുമുഖനില്‍ നിന്നുണ്ടായി. പകലന്തിയോളം പണിയെടുക്കുമ്പോഴും മദ്യത്തിന് അടിമയായ ഒരാളില്‍ അതു ചെലുത്തുന്ന സ്വാധീനവും അതിന്റെ വിപത്തുകളും ഈ പാട്ടിലൂടെ ശ്രോതാക്കളിലേക്ക് എത്തിക്കുവാനും ഗാനരചയിതാവ് ശ്രമിക്കുന്നുണ്ട്. പാട്ട് വലിയ ഹിറ്റായതോടെ വേലായുധന്‍മാര്‍ തന്നോടു പിണങ്ങി എന്നതാണ് അറുമുഖന്റെ രസകരമായ മറ്റൊരു അനുഭവം. അറുമുഖന്റെയും കലാഭവന്‍ മണിയുടേയും സഹോദരങ്ങളില്‍ വേലായുധന്‍മാരുണ്ട്. ആസ്വാദകരാകട്ടെ അവരുമായി പാട്ടിനെ ചേര്‍ത്തു വായിച്ചതോടെ ഉണ്ടായ പുകിലും ചെറുതല്ല. ‘ആരേയും ഉദ്ദേശിച്ചായിരുന്നില്ല. താളത്തിനൊത്ത് വേലായുധാ എന്ന് എഴുതി. സാധാരണക്കാർക്കിടയിൽ വര്‍ധിച്ചു വരുന്ന മദ്യപാന ദുരന്തം കണ്ടപ്പോള്‍ തോന്നിയ അനുഭവമാണ് ഈ പാട്ടിലൂടെ ഞാനെഴുതിയത്’– അറുമുഖന്‍ പറയുന്നു.
"കുരയിലൊറ്റയ്ക്ക് അന്തിയുറങ്ങി ഞാന്‍
ആരു വിധിച്ച വിധിയാണമ്മോ...
എനിക്ക് ചെറുപ്പല്ലെന്റെ ഉള്ളിലെ പൂതിയില്ല്യേ...."
ഉള്ളിലൊരായിരം വേദനിപ്പിക്കുന്ന ചിത്രങ്ങള്‍ കോറിയിട്ട നാടന്‍ഗാനം. കലാഭവന്‍ മണിയും അറുമുഖന്റെ മകള്‍ ഷൈനിയും ചേര്‍ന്നാലപിച്ച ഈ ഗാനം കേട്ടു വിങ്ങാത്ത മലയാളി ഉണ്ടാവില്ല. കല്യാണം കഴിഞ്ഞ ആദ്യ രാത്രിതന്നെ കൃഷിക്കു കാവല്‍ നില്‍ക്കാന്‍ തമ്പുരാന്‍ കല്‍പിച്ചതോടെ കൂര വിട്ടിറങ്ങുന്ന പുരുഷന്‍. അവനെ ഓര്‍ത്തു കരയുന്ന പെണ്ണിന്റൈ ഉള്ളിലെ നൊമ്പരം എഴുതാന്‍ ഇതിലും നല്ല വരികളുണ്ടാവുമോ. തന്റെ കുട്ടിക്കാലത്ത് കേട്ടറിഞ്ഞ, ഒരു അടുത്ത ബന്ധുവിന്റെ അനുഭവമാണ് അറുമുഖന്‍ ഈ ഗാനത്തിലൂടെ പുനരാവിഷ്‌ക്കരിച്ചത്.
തൃശൂരില്‍നിന്ന് ചാലക്കുടിയിലേക്കുള്ള യാത്രാമധ്യേ കൊടകരയില്‍വെച്ചാണ് സുന്ദരിയായ ഒരു മീന്‍കാരിപ്പെണ്ണിനെ അറുമുഖന്‍ ശ്രദ്ധിക്കുന്നത്. വലിയ കണ്ണുകളുള്ള, യുവത്വം തുടിക്കുന്ന അവളുടെ ജീവിതാവസ്ഥ ഉള്ളില്‍ ഒരു വിങ്ങലായി നിന്നു. തിരികെ വീട്ടിലെത്തുമ്പോഴും അവള്‍ അറുമുഖനെ അസ്വസ്ഥനാക്കിക്കൊണ്ടിരുന്നു. പിന്നെ അവളെ അക്ഷരങ്ങളിലേക്ക് ആവാഹിച്ചതോടെ പിറന്നതായിരുന്നു ‘ചാലക്കുടി ചന്തയ്ക്കു പോകുമ്പോള്‍ ചന്ദനച്ചോപ്പുള്ള’ എന്ന ഗാനം. ഒരു അടുത്ത സുഹൃത്തിന്റെ ഭാര്യ മറ്റൊരാള്‍ക്കൊപ്പം ഒളിച്ചോടിയപ്പോഴായിരുന്നു അറുമുഖനില്‍നിന്നു ‘വരത്തന്റെ ഒപ്പം ഒളിച്ചു ചാടിയ തങ്കമ്മേ’ എന്ന ഗാനം പിറന്നത്. ‘അനുഭവങ്ങളില്‍ നിന്നാണ് എന്റെ എല്ലാ ഗാനങ്ങളും പിറന്നത്.’– അറുമുഖന്‍ പറയുന്നു.
"ഈ എലവത്തൂര് കായലിന്റെ
കരയ്ക്കലുണ്ടൊരു കൈത..."
മീശമാധവനിലെ ഈ ഗാനം സൃഷ്ടിച്ച ഓളം കുറച്ചൊന്നുമല്ല. നാടന്‍ശീലിന്റെ ഇമ്പമുള്ള താളം മലയാളി മൂളി നടന്നു. ചിത്രത്തിലെ മറ്റു ഗാനങ്ങളെഴുതിയ ഗിരീഷ് പുത്തഞ്ചേരി തന്നെയാണ് ഈ ഗാനവും എഴുതിയതെന്നായിരുന്നു പലരുടെയും വിചാരം. ‘അമ്പടി കുഞ്ഞേലി’ എന്ന ആല്‍ബത്തിനുവേണ്ടി വര്‍ഷങ്ങള്‍ക്കു മുന്നേ അറുമുഖന്‍ രചിച്ച ഈ ഗാനം സിനിമയിലെത്തിയ ശേഷമാണ് അറുമുഖന്‍ തന്നെ അറിയുന്നത്. അക്കാലത്ത് ഈ ഗാനത്തിന് മറ്റൊരു താളമായിരുന്നു അറുമുഖന്‍ നല്‍കിയിരുന്നത്.
1998 ല്‍ പുറത്തിറങ്ങിയ മീനാക്ഷി കല്യാണത്തില്‍ നാദിര്‍ഷ സംഗീതം ചെയ്ത ‘കൊടുങ്ങല്ലൂരമ്പലത്തില്‍’ ആയിരുന്നു ആദ്യ ഗാനം. ‘ദ് ഗാര്‍ഡ്’ എന്ന ചിത്രത്തിലെ എല്ലാ ഗാനങ്ങളും എഴുതിയത് അറുമുഖനാണ്. ശ്യാം ധര്‍മന്‍, രാജേഷ് എന്നിവരാണ് സംഗീതം ചെയ്തത്. സാവിത്രിയുടെ അരഞ്ഞാണത്തില്‍ എം.ജയചന്ദ്രന്റെ സംഗീതത്തില്‍ ‘തോട്ടുങ്കരക്കാരി’, ചന്ദ്രോത്സവത്തില്‍ വിദ്യാസാഗറിന്റെ സംഗീതത്തില്‍ ‘ചെമ്പടപട’, ഉയടോനില്‍ ഔസേപ്പച്ചന്റെ സംഗീതത്തില്‍ ‘പതിനെട്ടാംപട്ട; ‘പൂണ്ടങ്കില’, ‘പുതുമണ്ണ്’ എന്നീ ഗാനങ്ങളും രക്ഷകനില്‍ സഞ്ജീവ് ലാലിന്റെ സംഗീതത്തില്‍ ‘പച്ചമുളക് അരച്ച’ എന്നീ ഗാനങ്ങളും സിനിമയ്ക്കുവേണ്ടി അറുമുഖന്‍ രചിച്ചു. കലാഭവന്‍ മണിയുടേത് അടക്കമുള്ള ഭക്തിഗാന കസെറ്റുകളിലും അറുമുഖന്‍ പാട്ടുകള്‍ രചിച്ചിട്ടുണ്ട്.
ഓണക്കാലത്ത് ഉപ്പു മുതല്‍ കര്‍പ്പൂരം വരെ വാങ്ങി വീട്ടിലേക്കെത്തുന്ന മലയാളി മണിയുടെ നാടന്‍പാട്ടു കസെറ്റും വാങ്ങാന്‍ പ്രത്യേകം ഓര്‍ത്തിരുന്നു. അപ്പോഴും, കൊതിയോടെ കേള്‍ക്കുന്ന ഗാനങ്ങള്‍ക്കു പിന്നിലെ അറുമുഖന്‍ വെങ്കിടങ്ങിനെ പലരും കാണാതെ പോയി എന്നതാണ് സത്യം. പുലര്‍ച്ചെ മൂന്നു മണിക്ക് ഉണര്‍ന്നാണ് അറുമുഖന്റെ വായനയും എഴുത്തുമൊക്കെ. ആദ്യം സംഗീതം ചിട്ടപ്പെടുത്തും. പിന്നെ അതിന് അനുസരിച്ചാണ് വരികളെഴുതുന്നത്. അറുമുഖന്റെ എല്ലാ പാട്ടുകളുടെയും പിറവി ഇത്തരത്തിലാണ്. പാട്ടുകള്‍ ഹിറ്റാകുമ്പോഴും അറുമുഖന് ജീവിക്കാന്‍ കല്‍പണി തന്നെ വേണമായിരുന്നു. പലയിടത്തു നിന്നും എഴുത്തിന് അര്‍ഹിക്കുന്ന പ്രതിഫലവും കിട്ടിയില്ല. അപ്പോഴും പരാതികളില്ലാതെ പ്രതിസന്ധികളെ മറന്ന് ഉള്ളിലെ സംഗീതത്തെ മലയാളിക്ക് സമ്മാനിച്ചുകൊണ്ടിരുന്നു.
‘മണി പാടിയതുകൊണ്ടാണ് എന്റെ പാട്ടുകളൊക്കെ ശ്രദ്ധേയമായത്. എന്റെ പാട്ടുകള്‍ക്കൊക്കെ ഞാന്‍ തന്നെയായിരുന്നു ട്രാക്കും പാടുന്നത്. ഓരോ പാട്ടും മണി പെട്ടെന്നായിരുന്നു പഠിച്ചെടുക്കുന്നത്’. – അറുമുഖനില്‍ മണിയുടെ ഓര്‍മകളുടെ തിളക്കം. ജീവിത സാഹചര്യങ്ങളും കടന്നു വന്ന അവസ്ഥകളും മണിയിലും അറുമുഖനിലും ഏകദേശം ഒരുപോലെയായിരുന്നു. അതുകൊണ്ടാവാം അറുമുഖന്റെ പാട്ടുകളുടെ ആത്മാവിലേക്ക് കലാഭവന്‍ മണിക്ക് ആഴത്തില്‍ സഞ്ചരിക്കാന്‍ കഴിഞ്ഞത്. അറുമുഖന്റെ മിക്ക പാട്ടുകളിലും മണി കണ്ടത് സ്വന്തം ജീവിതം തന്നെയായിരുന്നു. അറുമുഖനും മണിയും ഒന്നിച്ചപ്പോഴൊക്കെ മലയാളി കൈയടിക്കാനും മടിച്ചില്ല.
അറുമുഖന്റെ ആറുമക്കളില്‍ ഷിജു, ഷൈന്‍, ഷൈനി എന്നിവര്‍ സംഗീത രംഗത്ത് സജീവമാണ്. മണിക്കായി എഴുതിയവ അടക്കം സ്വന്തമായി എഴുതി ചിട്ടപ്പെടുത്തിയ നിരവധി ഗാനങ്ങളുമായി അറുമുഖന്‍ വർഷങ്ങളോളം കാത്തിരുന്നു, ആരെങ്കിലുമൊക്കെ വരുമെന്ന പ്രതീക്ഷയില്‍. പക്ഷേ....
English Summary: Remembering lyricist Arumughan Venkitangu