‘അവർ മാപ്പ് പറഞ്ഞേ പറ്റൂ, 10 കോടി നഷ്ടപരിഹാരവും വേണം’; ആരോപണത്തിൽ ആദ്യമായി പ്രതികരിച്ച് റഹ്മാൻ

Mail This Article
വ്യാജ ആരോപണങ്ങൾ ഉന്നയിച്ച് തന്നെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചെന്നു ചൂണ്ടിക്കാണിച്ച് 10 കോടി രൂപ നഷ്ടപരിഹാരമാവശ്യപ്പെട്ട് ഡോക്ടർമാരുടെ സംഘടനയായ ഇന്ത്യൻ യൂണിയൻ ഓഫ് സർജൻസിന് നോട്ടിസ് അയച്ച് സംഗീതസംവിധായകൻ എം.ആർ.റഹ്മാൻ. 2018ൽ റഹ്മാന്റെ സ്റ്റേജ് പരിപാടിക്കായി തങ്ങൾ 29 ലക്ഷം രൂപ നൽകിയെന്നും എന്നാൽ പരിപാടി നടക്കാതിരുന്നിട്ടും പണം തിരികെ നൽകിയില്ലെന്നും റഹ്മാന്‍ നൽകിയ ചെക്ക് മടങ്ങിയെന്നും കാണിച്ച് ഏതാനും ദിവസങ്ങള്‍ക്കു മുൻപാണ് സംഘടന പരാതി നൽകിയത്.
തുടർന്ന് ആരോപണങ്ങൾ പാടേ നിഷേധിച്ച് പരസ്യ പ്രതികരണവുമായി എ.ആർ.റഹ്മാൻ രംഗത്തെത്തുകയായിരുന്നു. തന്നെ അപകീർത്തിപ്പെടുത്താനുള്ള ശ്രമമാണിതെന്ന് അദ്ദേഹം പ്രതികരിച്ചു. പിന്നാലെയാണ് സംഘടനയ്ക്കെതിരെ നോട്ടിസ് അയച്ചത്. മൂന്ന് ദിവസത്തിനുള്ളിൽ പരാതി പിൻവലിച്ച് സംഘടനാഭാരവാഹികൾ പരസ്യമായി മാപ്പ് പറയണമെന്നാണ് ആവശ്യം. അല്ലാത്തപക്ഷം 10 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്ന് നോട്ടിസിൽ ആവശ്യപ്പെടുന്നു.
അനുയോജ്യമായ സ്ഥലവും സർക്കാർ അനുമതിയും ലഭിക്കാതെ വന്നതോടെയാണ് 2018ലെ പരിപാടി റദ്ദ് ചെയ്തത്. ഇക്കാര്യം റഹ്മാനെയും സംഘത്തെയും അറിയിക്കുകയും പണം തിരികെ തരണമെന്ന് ആവശ്യപ്പെടുകയും ചെയ്തെന്നാണ് ഇന്ത്യൻ യൂണിയൻ ഓഫ് സർജൻസിന്റെ പക്ഷം. 5 വർഷമായി പണം തിരികെ ലഭിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയായിരുന്നുവെന്നും സംഭവത്തിൽ നീക്കുപോക്കില്ലാതെ വന്നപ്പോഴാണ് നിയമവഴി തേടിയതെന്നും അസോസിയേഷൻ വെളിപ്പെടുത്തി. ആരോപണം നേരിട്ട് ദിവസങ്ങൾക്കിപ്പുറമാണ് റഹ്മാന്‍ പ്രതികരണവുമായി എത്തുന്നത്.