ADVERTISEMENT

ആരാധികയുടെ മരണത്തിൽ വേദനിച്ച് പോപ് താരം ടെയ്‌ലർ സ്വിഫ്റ്റ്. ബ്രസീലിൽ സംഗീതപരിപാടി അവതരിപ്പിക്കാനിരിക്കവെയാണ് ആരാധികയുടെ അപ്രതീക്ഷിത വിയോഗവാർത്ത ടെയ്‌ലറിനെ തേടിയെത്തിയത്. പിന്നാലെ താൻ ദുഃഖത്താൽ വലയുകയാണെന്നും മനസ്സ് അസ്വസ്ഥമാണെന്നും ഇത് താങ്ങാൻ കഴിയുന്നില്ലെന്നും ഗായിക സമൂഹമാധ്യമ കുറിപ്പിലൂടെ വെളിപ്പെടുത്തി. 

‘എനിക്കിത് വിശ്വസിക്കാനാകുന്നില്ല. തകർന്ന ഹൃദയത്തോടെയാണ് ഞാൻ ഈ കുറിപ്പ് എഴുതുന്നത്. എന്റെ പുതിയ സംഗീതപരിപാടിക്കായുള്ള ഒരുക്കങ്ങൾ അന്തിമഘട്ടത്തിലെത്തിയപ്പോഴാണ് എന്റെ പ്രിയപ്പെട്ട ആരാധികയെ നഷ്ടമായെന്ന കാര്യം ഞാൻ അറിയുന്നത്. ആ ദുരന്തവാർത്ത എന്റെ ഹൃദയത്തെ തകർത്തു കളഞ്ഞിരിക്കുന്നു. ഞാൻ എത്രത്തോളം വേദനിക്കുന്നുണ്ടെന്ന് പറഞ്ഞറിയിക്കാൻ പോലും സാധിക്കുന്നില്ല. അവൾ അതിസുന്ദരിയായിരുന്നു. വളരെ ചെറുപ്പക്കാരിയായിരുന്നു. അവളെക്കുറിച്ച് എനിക്ക് കൂടുതൽ വിവരങ്ങളൊന്നും അറിയില്ല. അവളുടെ വിയോഗം എന്നെ ആഴത്തിൽ മുറിവേൽപ്പിക്കുന്നു. എന്റെ തകർന്ന ഹൃദയം അവളുടെ കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടുമൊപ്പമുണ്ട്’, ടെയ്‌ലർ സ്വിഫ്റ്റ് കുറിച്ചു. 

ടെയ്‌ലർ ഏത് ആരാധികയെക്കുറിച്ചാണ് പരാമർശിച്ചതെന്നു വ്യക്തമല്ല. 5 വർഷത്തിലേറെയായി അർബുദത്തോടു പൊരുതിയ 16കാരിയുടെ അപ്രതീക്ഷിത വിയോഗമാണ് ടെയ്‌ലറിനെ തളർത്തിയതെന്ന് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. രോഗശയ്യയിൽ വച്ച് ആ പെൺകുട്ടി ടെയ്‌ലറിനെ കണ്ടതും അവളിൽ നിന്നും സമ്മാനം സ്വീകരിച്ചതുമെല്ലാം വലിയ വാർത്തയായിരുന്നു. അതേസമയം, സംഗീതപരിപാടിക്കിടെ ബോധരഹിതയായി വീണ് ഹൃദയാഘാതം മൂലം മരണപ്പെട്ട യുവതിയെക്കുറിച്ചാണ് ടെയ്‌ലർ പറഞ്ഞതെന്ന് മറ്റു ചില മാധ്യമങ്ങൾ വാർത്ത പ്രചരിപ്പിച്ചു. എന്നാൽ ഇക്കാര്യങ്ങളിലൊന്നും ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. 

ആരാധകരോട് എല്ലായ്പ്പോഴും അടുപ്പം കാത്തുസൂക്ഷിക്കുന്ന ഗായികയാണ് ടെയ്‌ലർ സ്വിഫ്റ്റ്. ഇടയ്ക്കിടെ അവർക്കു സർപ്രൈസുകളും നൽകാറുണ്ട്. കോവിഡ് കാലത്ത് ന്യൂയോർക്കിലെ ആശുപത്രിയിൽ നഴ്സായി ജോലി ചെയ്യുന്ന ആരാധികയ്ക്ക് ടെയ്‌ലര്‍ പിറന്നാൾ സമ്മാനങ്ങൾ അയച്ചുകൊടുത്തത് വലിയ വാർത്തയായിരുന്നു. ആതുരസേവനത്തിലേർപ്പെട്ടിരിക്കുന്ന വിറ്റ്നി ഹിൽട്ടൺ എന്ന യുവതിക്കാണ് മുപ്പതാം ജന്മദിനത്തില്‍ ഗായിക സമ്മാനങ്ങൾ അയച്ചു നൽകിയത്. സമ്മാനങ്ങൾക്കൊപ്പം ടെയ്‌ലർ സ്വന്തം കൈപ്പടയിൽ എഴുതിയ കത്തും ഉണ്ടായിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com