ADVERTISEMENT

ചെന്നൈ നഗരത്തിൽ പ്രളയം നാശം വിതയ്ക്കുമ്പോൾ പ്രളയബാധിതരെ സഹായിക്കണമെന്ന അഭ്യർഥനയുമായി സംഗീതസംവിധായകൻ എ.ആർ.റഹ്മാൻ. ചെന്നൈയ്ക്ക് വേണ്ട സഹായങ്ങൾ എല്ലാവരും ചെയ്യണമെന്ന് അദ്ദേഹം സമൂഹമാധ്യമ കുറിപ്പിലൂടെ ആവശ്യപ്പെട്ടു. ‘നമ്മുടെ ഹൃദയം ദുരിതബാധിതരെക്കുറിച്ചു ചിന്തിക്കേണ്ടിയിരിക്കുന്നു. അവരെ പിന്തുണയ്‌ക്കാനും അവബോധം പ്രചരിപ്പിക്കാനും ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സംഭാവന നൽകാനും നമുക്ക് ഒരുമിച്ച് നിൽക്കാം’, എന്ന് റഹ്മാൻ എക്സിൽ കുറിച്ചു. 

അതേസമയം പ്രളയക്കെടുതിക്കിടെ പുതിയ ഗാനത്തിന്റെ റിലീസിങ് പോസ്റ്റ് പങ്കുവച്ചതിന് റഹ്മാൻ വിവാദത്തിലായിരുന്നു. ‘വിവരമില്ലായ്മ’ എന്നു കുറിച്ചാണ് പലരും റഹ്മാനെ വിമർശിച്ചത്. അതിനു പിന്നാലെയാണ് പ്രളയബാധിതരെ സഹായിക്കണമെന്ന ആവശ്യവുമായി അദ്ദേഹം രംഗത്തെത്തിയത്. ‘പിപ്പ’ എന്ന ചിത്രത്തിനു വേണ്ടി റഹ്മാൻ ഈണമൊരുക്കിയ ‘മേൻ പർവനാ’ എന്ന ഗാനമാണ് കഴിഞ്ഞ ദിവസം റിലീസ് ചെയ്തത്. ‘താളത്തെ സ്വീകരിക്കുക. ഈ പാട്ടിലെ ചടുലമായ സ്പന്ദനങ്ങൾ നിങ്ങളുടെ നൃത്തത്തെ നയിക്കട്ടെ’ എന്ന അടിക്കുറിപ്പോടെയായിരുന്നു റഹ്മാന്റെ പോസ്റ്റ്. ഇതിനു പിന്നാലെ വിമർശനങ്ങൾ തലപൊക്കി. 

തികച്ചും അനുചിതമായ സമയത്താണ് റഹ്മാൻ ഇത്തരത്തിലൊരു പ്രമോഷൻ പോസ്റ്റ് പങ്കുവച്ചതെന്നും ഇത് ബോധമില്ലായ്മയാണെന്നും ഒരാൾ പ്രതികരിച്ചു. റഹ്മാന്റെ പിആറിനെ എത്രയും പെട്ടെന്നു പുറത്താക്കണമെന്നാണ് മറ്റൊരാളുടെ കമന്റ്. ജീവൻ തിരികെ കിട്ടുമോയെന്നു പോലും ഉറപ്പില്ലാതെ പ്രളയത്തിൽ മുങ്ങിക്കഴിയുന്ന ഈ സാഹചര്യത്തിൽ ഇത്തരമൊരു പോസ്റ്റ് റഹ്മാന്റെ ഭാഗത്തു നിന്നുണ്ടാകാനേ പാടില്ലായിരുന്നുവെന്ന് വേറൊരാൾ കുറ്റപ്പെടുത്തി. എന്നാൽ വിമർശനങ്ങളോടൊന്നും റഹ്മാൻ പ്രതികരിച്ചില്ല. 

English Summary:

AR Rahman urges people to help flood affected Chennai

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com