ആദിത്യ നാരായൺ വിവാദം: വലിച്ചെറിഞ്ഞ ഫോണിനു പകരമായി ആരാധകന് കോളജിന്റെ സർപ്രൈസ്

Mail This Article
ഛത്തീസ്ഗഡിലെ ഭിലായിലെ കോളജിൽ സംഘടിപ്പിക്കപ്പെട്ട സംഗീതപരിപാടി കാണാനെത്തിയ ആരാധകനായ യുവാവിന്റെ മൊബൈൽ ഫോൺ വലിച്ചെറിഞ്ഞ ഗായകൻ ആദിത്യ നാരായൺ വിവാദത്തിലായിരുന്നു. ഇപ്പോഴിതാ യുവാവിന് പുത്തൻ മൊബൈൽ സമ്മാനിച്ചിരിക്കുകയാണ് കോളജ് അധികൃതര്‍. ലോകേഷ് ചന്ദ്രവൻഷിക്ക് എന്ന യുവാവിനാണ് കോളജ് ഭരണാധികാരികളുടെ സർപ്രൈസ്. ലോകേഷിനു മൊബൈൽ കൈമാറുന്നതിന്റെ ചിത്രം പുറത്തുവന്നതോടെ നിരവധി പേരാണ് കോളജ് അധികൃതരെ പ്രശംസിച്ചു രംഗത്തെത്തുന്നത്. പലരും ആദിത്യ നാരായണിനെ വിമർശിക്കുന്നുമുണ്ട്.
ഏതാനും ദിവസങ്ങൾക്കു മുൻപായിരുന്നു വിവാദത്തിനാസ്പദമായ സംഭവം. ഭിലായിലെ കോളജ് വേദിയിൽ ഗാനമാലപിക്കുന്നതിനിടെ തൊട്ടു മുന്നിലായി നിന്ന ലോകേഷിനെ ആദിത്യ നാരായൺ മൈക്ക് വച്ച് തല്ലുകയും മൊബൈൽ ഫോണ്‍ വാങ്ങി വലിച്ചെറിയുകയുമായിരുന്നു. അക്രമത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ ആദിത്യയ്ക്കെതിരെ ജനരോഷം ആളിക്കത്തി.
ഇതേത്തുടർന്ന് സംഭവത്തിൽ വിശദീകരണവുമായി ഇവന്റ് മാനേജ്മെന്റ് രംഗത്തെത്തിയിരുന്നു. ആസ്വാദകനായെത്തിയ യുവാവ്, പാട്ട് പാടിക്കൊണ്ടിരുന്ന ആദിത്യയുടെ കാലിൽ പിടിച്ചു നിരന്തരം വലിക്കുകയും മൊബൈൽ ഫോൺ വച്ച് അടിക്കുകയും ചെയ്തെന്നും തന്മൂലം നിയന്ത്രണം തെറ്റി അദ്ദേഹം പ്രകോപിതനായെന്നും അത് അക്രമത്തിൽ കലാശിക്കുകയായിരുന്നുവെന്നും സംഘം പറയുന്നു. സത്യാവസ്ഥ ദൈവത്തെ മാത്രം ബോധിപ്പിച്ചാൽ മതിയെന്നും മറ്റാരോടും ഒന്നും പറയാനില്ലെന്നുമായിരുന്നു ആദിത്യ നാരായണിന്റെ പ്രതികരണം.