രമേശൻ നായർ എപ്പോഴേ മറന്നുകഴിഞ്ഞിരിക്കുന്നു എല്ലാം, ആ മറവി ആരുടെയൊക്കെയോ മരണം കൂടിയായിരുന്നില്ലേ?
Mail This Article
‘തന്മാത്ര’...താൻ മാത്രമാകുന്നൊരു ലോകത്തേക്കു മറവിരോഗം മടക്കിവിളിച്ച ഒരാളുടെ കഥ. അങ്ങനെയൊരുപാടു പേരുടെ കഥ. നിങ്ങളും മറന്നോ രമേശൻ നായരെ? ഒരു പാവം സർക്കാരുദ്യോഗസ്ഥൻ... പോക്കുവെയിലത്തു മക്കളോടൊപ്പം കളി പറഞ്ഞും രാനിലാവത്തു കെട്ട്യോളെ ചുറ്റിപ്പുണർന്നും നേരം കഴിച്ചവൻ. മക്കളുടെ ഒഴിവുകാലങ്ങളിൽ നീണ്ട അവധിയെടുത്തു നാട്ടുമ്പുറത്തെ തറവാട്ടുതണലിൽ ചിറകൊതുക്കുന്നവൻ. എന്നും അച്‌ഛന്റെ വാത്സല്യാകാശത്തു കളിക്കുട്ടിയായി പട്ടം പറത്താൻ കൊതിച്ചവൻ. ഒരോർമയിലേക്ക് ഒരു മനുഷ്യായുസ്സിന്റെ ദൂരമുണ്ടായിരുന്നു അയാൾക്ക്. ഓരോന്നും ഓർത്തെടുത്തു പറയുമ്പോൾ മുൻജന്മങ്ങളിലേക്കു ചുഴിഞ്ഞു നോക്കി തിരഞ്ഞു കണ്ടുപിടിക്കുംവിധം വിസ്‌മയം തൂകി അയാളുടെ കണ്ണുകൾ. എന്നിട്ടും ഓർത്തെടുക്കാവുന്നതിലേറെയും മറന്നുതന്നെ കിടന്നു. എങ്കിലും ഒടുവിലത്തെ ശ്വാസം വരെയും ഓർമിക്കാൻ ശ്രമിച്ചുകൊണ്ടേയിരുന്നു. അതു കൊണ്ടു തന്നെ അയാൾ പൊരുതിത്തോറ്റതു തീർച്ചയായും മരണത്തോടായിരുന്നില്ല, അതു മറവിയോടു മാത്രമായിരുന്നു.
കുഞ്ഞുറുമ്പുകൾ ചുമന്നു കൂട്ടിവച്ച കുത്തരിമണികൾ പോലെ എത്രായിരം ഓർമകളുണ്ടായിരുന്നിരിക്കണം രമേശന്റെ മനസ്സിൽ. മറവി പൊള്ളിവീണില്ലായിരുന്നെങ്കിൽ എന്നും കുളിർന്നു നിൽക്കുമായിരുന്നിരിക്കണം നട്ടുനനച്ച തളിരോർമകളുടെ പച്ചത്തുരുത്തുകൾ. ഒരാളുടെ മറവി അയാളുടെ മനസ്സിലെ ഒരുപാടു പേരുടെ മരണംകൂടിയാണ്. അയാളുടെ തന്നെ മരണമാണ്. മറവിയുടെ പേരറിയാ ഭൂഖണ്ഡങ്ങളിലേക്ക് അവസാനക്കൈയും വീശി ഓരോരുത്തറായി പടിയിറങ്ങിയപ്പോഴും പൂവിതളുകൾ പെറുക്കിക്കൂട്ടുന്ന കുഞ്ഞിനെപ്പോലെ രമേശൻ അവരെക്കുറിച്ചുള്ള ഓർമകളെ തിരിച്ചുപിടിക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു. കയ്യിൽ മരുന്നുപെട്ടിയും മനസ്സിൽ മരവിപ്പുമായി നഗരജീവിതത്തോടു വിടപറഞ്ഞു നാട്ടുമ്പുറത്തേക്കു താമസം മാറ്റിയ രമേശനെ കാത്ത് തറവാട്ടിൽ അയാളുടെ കളിക്കൂട്ടുകാരി ഉണ്ടായിരുന്നു. മറന്നു വച്ച ഓർമകളുടെ മഞ്ചാടിപ്പെട്ടിയിൽ അപ്പോഴും ബാക്കിനിന്നു കളിക്കൂട്ടുകാരി ചിങ്കിരിക്കുട്ടിയുടെ കവിൾച്ചന്തം. കുട്ടിക്കാലത്ത് അപ്പച്ചി ചുട്ടുവച്ച ഉണ്ണിയപ്പങ്ങളുടെയും ഏത്തയ്‌ക്കാപ്പങ്ങളുടെയും നെയ്‌മധുരം. ചുങ്ങി വീണ കടുമാങ്ങകളുടെ കണ്ണിറുക്കുന്ന പുളിരസം.
രമേശന്റെ ഓർമകൾ മാഞ്ഞുതുടങ്ങുന്നത് ഒരു പാട്ടോർമയിലൂെടയാണ് നമ്മൾ തിരിച്ചറിയുന്നത്. ‘ഇതളൂർന്നു വീണ പനിനീർദളങ്ങൾ തിരിയെ ചേരും പോലെ...’ പുറംലോകത്തോടു കെറുവു തോന്നിത്തുടങ്ങിയ രമേശന്റെ സങ്കടം വിങ്ങിനിറയുന്നുണ്ട് ഈ പാട്ടിൽ. നാവിൻ തുമ്പിൽ നിന്നു നല്ലക്ഷരങ്ങൾ പടിയിറങ്ങിത്തുടങ്ങിയിരുന്നു. മൈക്കിനു മുന്നിൽനിന്ന് ഒരു കൊച്ചുകുട്ടിയെപ്പോലെ പാട്ടുവരികൾ ഓർമിച്ചെടുക്കാൻ ശ്രമിക്കുന്ന രമേശനെ മറക്കാൻ നമുക്ക് കഴിയില്ല. രമേശൻ പക്ഷേ ആ പാട്ടിനെയും നമ്മളെയും രമേശനെത്തന്നെയും എന്നേ മറന്നിരുന്നു...
പി.ജയചന്ദ്രന്റെ മധുരസ്വരത്തിൽ എത്ര മൃദുലമായാണ് ഈ പാട്ട് നമ്മെ വന്നുതൊടുന്നത്. കൈതപ്രത്തിന്റെ വരികൾക്ക് മോഹൻ സിത്താരയുടെ സംഗീതം. കേൾവിയുടെ ഓരോ മാത്രയിലും ഹൃദയത്തോടു ചേരുന്ന സംഗീതാനുഭവം...
ഗാനം: ഇതളൂർന്നു വീണ പനിനീർ ദലങ്ങൾ
ചിത്രം: തന്മാത്ര
രചന: കൈതപ്രം
സംഗീതം: മോഹൻ സിത്താര
ആലാപനം: പി. ജയചന്ദ്രൻ
ഇതളൂർന്നു വീണ പനിനീർ ദലങ്ങൾ
തിരിയേ ചേരും പോലേ
ദള മർമ്മരങ്ങൾ ശ്രുതിയോടു ചേർന്നു
മൂളും പോലെ
വെൺചന്ദ്രനീ കൈക്കുമ്പിളിൽ പൂ പോലെ വിരിയുന്നു
മിഴി തോർന്നൊരീ മൗനങ്ങളിൽ
പുതുഗാനമുണരുന്നൂ (ഇതളൂർന്നു...)
നനയുമിരുളിൻ കൈകളിൽ നിറയെ മിന്നൽ വളകൾ
അമരയിലയിൽ മഴനീർ മണികൾ തൂവി പവിഴം
ഓർക്കാനൊരു നിമിഷം
നെഞ്ചിൽ ചേർക്കാനൊരു ജന്മം
ഈയോർമ്മ പോലുമൊരുത്സവം
ജീവിതം ഗാനം (ഇതളൂർന്നു...)
പകലു വാഴാൻ പതിവായി
വരുമീ സൂര്യൻ പോലും
പാതിരാവിൽ പടികളിറങ്ങും തന്നെ മായും
കരയാതെടീ കിളിയേ കണ്ണേ
തൂവാതെൻ മുകിലേ
പുലർകാല സൂര്യൻ പോയി വരും
വീണ്ടും ഈ വിണ്ണിൽ (ഇതളൂർന്നു...)