കാമുകിയെ തൊഴിച്ചും നിലത്തിട്ടു ചവിട്ടിയും റാപ്പർ: 8 വർഷത്തിനിപ്പുറം വിഡിയോ പുറത്ത്

Mail This Article
കാമുകി കാസി വെൻച്ചുറയെ ക്രൂരമായി മർദിക്കുന്ന റാപ്പർ ഡിഡ്ഡിയുടെ ദൃശ്യങ്ങൾ പുറത്ത്. 2016-ൽ നടന്ന സംഭവത്തിന്റെ വിഡിയോ ആണ് ഇപ്പോൾ പ്രചരിക്കുന്നത്. സിഎൻഎൻ ആണ് അക്രമ സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ 8 വർഷങ്ങൾക്കുറം പുറത്തുകൊണ്ടുവന്നത്. കാലിഫോർണിയ സെഞ്ചുറി സിറ്റിയിൽ ഇന്റർകോണ്ടിനെന്റൽ ഹോട്ടലിൽ ആയിരുന്നു സംഭവം. ഹോട്ടൽ മുറിയിൽ നിന്നു പുറത്തു വന്ന വെൻച്ചുറ ലിഫ്റ്റിന് അഭിമുഖമായി നടക്കുമ്പോൾ ഡിഡ്ഡി മുറിയിൽ നിന്നു പാഞ്ഞു വന്ന് ആക്രമിക്കുകയായിരുന്നു.
കാസിയെ ഡിഡ്ഡി കഴുത്തിനു കുത്തിപ്പിടിക്കുകയും ചവിട്ടുകയും ഇടിക്കുകയും ചെയ്യുന്ന രംഗങ്ങൾ വിഡിയോയിലുണ്ട്. വെൻച്ചുറയുടെ പഴ്സും സൂറ്റ്കേസും ഡിഡ്ഡി പിടിച്ചു വാങ്ങുന്നതും ദൃശ്യങ്ങളിൽ കാണാം. കാസി ചലനമറ്റു കിടക്കുമ്പോൾ വീണ്ടും ഡിഡ്ഡി തൊഴിക്കുന്നു. ദൃശ്യങ്ങൾ പുറത്തുവന്നതോടെ ഡിഡ്ഡി വിവാദത്തിലായിരിക്കുകയാണ്. വിവിധയിടങ്ങളിൽ നിന്നായി ഗായകനെതിരെ പ്രതിഷേധ സ്വരങ്ങളുയർന്നു.
സംഭവം വിവാദമായതോടെ മാപ്പ് പറഞ്ഞ് ഡിഡ്ഡി രംഗത്തെത്തിയിട്ടുണ്ട്. ഇപ്പോൾ പുറത്തുവന്നിരിക്കുന്ന വിഡിയോയിലെ തന്റെ പ്രവൃത്തികളുടെ മുഴുവൻ ഉത്തരവാദിത്തവും താൻ ഏറ്റെടുക്കുന്നുവെന്നും ക്ഷമ ചോദിക്കുന്നുവെന്നും ഗായകൻ സമൂഹമാധ്യമങ്ങളിൽ കുറിച്ചു. ആ സമയത്ത് തനിക്ക് അത്രയേറെ അസ്വസ്ഥത തോന്നിയിരുന്നുവെന്നും ഇന്നിപ്പോൾ ഈ ദൃശ്യങ്ങൾ കണ്ടപ്പോൾ അതിലേറെ പ്രയാസം തോന്നുന്നുവെന്നും ഡിഡ്ഡി കൂട്ടിച്ചേർത്തു. എന്നാൽ, ഡിഡ്ഡിയുടെ ഈ പ്രവൃത്തി മാപ്പ് അർഹിക്കുന്നതല്ലെന്ന് വിമർശകർ പ്രതികരിച്ചു.