ADVERTISEMENT

കളർഫുൾ ഫോട്ടോഷൂട്ടിന്റെ പിന്നണിക്കഥ വിവരിച്ച് എ.ആർ.റഹ്മാന്റെ മൂത്ത മകളും ഗായികയുമായ ഖദീജ റഹ്മാൻ. ഫോട്ടോഷൂട്ടിനു വേണ്ടി കുറച്ചു പൂക്കളും ഏതാനും ചില തുണിത്തരങ്ങളും മാത്രമാണ് പുതിയതായി വാങ്ങിയതെന്നും മറ്റുള്ളവയെല്ലാം പഴയ വസ്തുക്കളാണെന്നും ഖദീജ വെളിപ്പെടുത്തി. ഫോട്ടോഷൂട്ട് സീരിസിലെ മറ്റു ചില ചിത്രങ്ങൾ കൂടി പങ്കുവച്ചുകൊണ്ടാണ് ഖദീജയുടെ പോസ്റ്റ്. 

ഫോട്ടോഷൂട്ടിനു വേണ്ടി വേറിട്ട നിറത്തിലുള്ള ചില തുണികൾ ചെറിയ കഷണങ്ങളായി മുറിച്ചുവാങ്ങുകയാണ് ചെയ്തതെന്നു ഖദീജ പറയുന്നു. ആ തുണികളുപയോഗിച്ചുണ്ടാക്കിയ മുത്തുകൾ കോർത്താണ് മാല ഒരുക്കിയതും മറ്റ് അലങ്കാരങ്ങൾ നടത്തുകയും ചെയ്തത്. സുഹൃത്തും കലാസംവിധായികയും സ്റ്റൈലിസ്റ്റുമായ ഗാനയുടെ മുത്തശ്ശിയുടെ സാരിയാണ് ഖദീജ അണിഞ്ഞത്. സാരിക്ക് 30 വർഷത്തിലേറെ പഴക്കമുണ്ട്. വനിതാ നെയ്ത്തുകാർ കൈ കൊണ്ടു നെയ്തെടുത്ത സോഫ്റ്റ് സിൽക്ക് സാരിയാണത്. ഗാനയുടെ മുത്തശ്ശിയുടെ അനുഗ്രഹം കൂടിയുള്ളതുകൊണ്ടാണ് തന്റെ ഫോട്ടോഷൂട്ട് ഗംഭീരമായി പൂർത്തിയായതെന്നും ഖദീജ പറയുന്നു. 

khatijaa
ഖദീജ റഹ്മാനും എ.ആർ.റഹ്മാനും, ഖദീജ പങ്കുവച്ച ഫോട്ടോഷൂട്ട് ചിത്രം (ഇൻസ്റ്റഗ്രാം)

പനിനീർ പൂക്കൾ നെഞ്ചോടു ചേർത്തു പിടിച്ച് പൂക്കൾക്കു നടുവിൽ തല ചായ്ച്ചു കിടക്കുന്ന മനോഹര ചിത്രം ഖദീജ റഹ്മാൻ പങ്കുവച്ചിട്ടുണ്ട്. ‘ഒരിക്കൽ രക്തം ചിന്തിയ മുറിവിൽ നിന്നു ഞാൻ പൂക്കുന്നു’ എന്ന വിഖ്യാതമായ ഉദ്ധരണിയാണ് ഈ ചിത്രത്തിന് അടിക്കുറിപ്പായി ഖദീജ നൽകിയത്. ‘ജ്വലിക്കാൻ തയാറായി നിൽക്കുന്ന ഒരു മെഴുകുതിരിയുണ്ട് നിങ്ങളുടെ പൃദയത്തിൽ; നിറയാൻ ഒരുങ്ങി നിൽക്കുന്ന ഒരു ശൂന്യതയുണ്ട് നിങ്ങളുടെ ആത്മാവിൽ, നിങ്ങൾക്കത് അനുഭവിക്കാൻ കഴിയുന്നില്ലേ?’ എന്ന റൂമിയുടെ വാക്കുകൾക്കൊപ്പം ഖദീജ മറ്റൊരു ചിത്രവും പങ്കുവച്ചു. ഫോട്ടോഷൂട്ട് സീരീസിലെ ബാക്കി ചിത്രങ്ങൾ വൈകാതെ പോസ്റ്റ് ചെയ്യുമെന്നും ഗായിക അറിയിച്ചിട്ടുണ്ട്. 

khatijaa2
ഖദീജ റഹ്മാൻ (ഇൻസ്റ്റഗ്രാം)

മേയ് രണ്ടാം വാരത്തോടെയാണ് ഖദീജ റഹ്മാൻ ഫോട്ടോഷൂട്ട് സീരിസിലെ ആദ്യ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. നിറങ്ങൾ വാരിയണിഞ്ഞ ഖദീജയെ ചിത്രങ്ങളിൽ കാണാനാകും. ഹിജാബ് ധരിച്ച് അതിനു മുകളിൽ പൂക്കൾ അണിഞ്ഞാണ് ഖദീജ ക്യാമറയ്ക്കു മുന്നിൽ പ്രത്യക്ഷപ്പെട്ടത്. ചുവന്ന മാസ്ക് വച്ചു മുഖം മറച്ചു. നെറ്റിയിലും കൺപോളകളിലും കവിളിന്റെ മുകൾ വശങ്ങളിലുമായി വെള്ള, പച്ച, മഞ്ഞ, ചുവപ്പ് എന്നീ നിറങ്ങൾ കൊണ്ട് ചെറുചിത്രങ്ങൾ ആലേഖനം ചെയ്തിട്ടുണ്ട്. കണ്ണുകൾ അടച്ചും തുറന്നും തീക്ഷ്ണമായി നോക്കിയും ഖദീജ ചിത്രങ്ങൾക്കു പോസ് ചെയ്തു. ഒരുവർഷം നീണ്ട പരിശ്രമത്തിനൊടുവിലാണ് ഇത്തരമൊരു ഫോട്ടോഷൂട്ട് നടത്താനുള്ള ധൈര്യം സംഭരിച്ചതെന്നും അതു മറക്കാനാകാത്ത അനുഭവമായിരുന്നുവെന്നും ഖദീജ പറയുന്നു. മേക്കപ് ആർട്ടിസ്റ്റ് നന്ദിനിയാണ് ഖദീജയെ ഒരുക്കിയത്. 

khatijaaaa3
ഖദീജ റഹ്മാൻ (ഇൻസ്റ്റഗ്രാം)

സമൂഹമാധ്യമ ലോകത്തിന് ഏറെ സുപരിചിതയാണ് ഖദീജ റഹ്മാൻ. 2020ൽ ‘ഫരിശ്തോ’ എന്ന ഗാനം ആലപിച്ചാണ് ഖദീജ സംഗീതമേഖലയിൽ അരങ്ങേറ്റം കുറിച്ചത്. എ.ആർ.റഹ്മാൻ തന്നെ സംഗീതസംവിധാനവും നിർമാണവും നിർവഹിച്ച ആൽബമായിരുന്നു അത്. മുന്ന ഷൗക്കത്ത് അലിയാണ് പാട്ടിനു വരികൾ കുറിച്ചത്. ‘ഫരിശ്തോ’ സംഗീതലോകത്ത് ഏറെ ചർച്ച ചെയ്യപ്പെട്ടു. ഈ ഗാനത്തിലൂടെ മികച്ച അനിമേറ്റഡ് സംഗീത വിഡിയോയ്ക്കുള്ള ഇന്റർനാഷനൽ സൗണ്ട് ഫ്യൂച്ചർ പുരസ്കാരവും ഖദീജ നേടിയിരുന്നു. ‘മിൻമിനി’ എന്ന ചിത്രത്തിലൂടെ സംഗീതസംവിധാനത്തിലും ഖദീജ ഹരിശ്രീ കുറിച്ചു. മുകേഷ് നായകനായെത്തിയ ഫിലിപ്സിലെ ‘വിഴിഗൽ സേരാ’ എന്നു തുടങ്ങുന്ന ഗാനത്തിനു പിന്നണി പാടിയതും ഖദീജയാണ്. 

English Summary:

Khatija Rahman opens up about the photoshoot

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com