കിം ജോങ് ഉന്നിനെ പാടിപ്പുകഴ്ത്തി ‘ഫ്രണ്ട്‌ലി ഫാദർ’; പടിക്കു പുറത്താക്കി ദക്ഷിണ കൊറിയ

Mail This Article
ടിക് ടോക്കിൽ ഹിറ്റായ ഉത്തര കൊറിയൻ പ്രചാരണ ഗാനം നിരോധിക്കുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ച് ദക്ഷിണ കൊറിയ. ഉത്തര കൊറിയൻ ഏകാധിപതി കിം ജോങ് ഉന്നിനെ വാഴ്ത്തുന്ന വൈറൽ ഉത്തര കൊറിയൻ പ്രചാരണ ഗാനമായ ‘ഫ്രണ്ട്‌ലി ഫാദർ’ നിരോധിക്കുമെന്നാണ് ദക്ഷിണ കൊറിയ അറിയിച്ചിരിക്കുന്നത്. കിം ജോങ് ഉന്നിനെ 'സൗഹൃദത്തിന്റെ പിതാവ്' എന്നും 'മഹാനായ നേതാവ്' എന്നും സ്തുതിക്കുന്ന ഗാനം, രാജ്യത്തിന്റെ ദേശീയ സുരക്ഷാ നിയമത്തിന്റെ ലംഘനമാണെന്ന് സോളിലെ കൊറിയ കമ്മ്യൂണിക്കേഷൻസ് സ്റ്റാൻഡർഡ് കമ്മിഷൻ അറിയിച്ചു.
കിമ്മിന്റെ സ്വേച്ഛാധിപത്യ ഭരണകൂടത്തെയും അതിന്റെ പ്രവർത്തനങ്ങളെയും സ്തുതിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനും ദക്ഷിണ കൊറിയ ദേശീയ സുരക്ഷാ നിയമം മൂലം നിരോധിച്ചിട്ടുണ്ട്. അതിനാൽ, ഉത്തരകൊറിയൻ സർക്കാർ അവരുടെ വെബ്‌സൈറ്റുകളിലേക്കും മാധ്യമങ്ങളിലേക്കുമുള്ള ദക്ഷിണ കൊറിയൻ പ്രവേശനം തടഞ്ഞിരുന്നു. ഉത്തര കൊറിയയിലെ ഭരണകൂടത്തെ അനുകൂലിക്കുന്ന ഇടപെടലുകൾക്കും പ്രസംഗങ്ങൾക്കും പിഴ ചുമത്തുന്നതിനിടയിലാണ് ഏപ്രിലിൽ പുറത്തിറങ്ങിയ ഉത്തര കൊറിയൻ മ്യൂസിക് വിഡിയോ ദക്ഷിണ കൊറിയയിലെ ടിക് ടോക്കിൽ ഹിറ്റായി മാറിയത്.
കഴിഞ്ഞ 50 വർഷത്തിനിടെ പ്യോങ്‌യാങ്ങിൽ നിന്നു പുറത്തിറങ്ങിയ പോപ് ഗാനങ്ങളുടെ നിരയിൽ ഏറ്റവും പുതിയതാണ് ‘ഫ്രണ്ട്‌ലി ഫാദർ’. ദക്ഷിണ കൊറിയയുടെ നാഷനൽ ഇന്റലിജൻസ് സർവീസിന്റെ അഭ്യർഥനയെത്തുടർന്ന് സമൂഹമാധ്യമങ്ങളിലൂടെ വൈറലായ ഫ്രണ്ട്‌ലി ഫാദറിന്റെ ഇരുപത്തിയൊമ്പത് പതിപ്പുകൾ തടയുമെന്നാണ് കമ്മീഷൻ അറിയിച്ചിരിക്കുന്നത്.
സോളിലെ ദേശീയ സുരക്ഷാ നിയമലംഘനങ്ങൾക്ക് ഏഴു വർഷം വരെ തടവ് ലഭിക്കാം. അടുത്തിടെയായി നിയമം നടപ്പിലാക്കുന്നതിൽ അൽപം ഇളവുകൾ വരുത്തിയിരുന്നു. അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ അടിസ്ഥാനത്തിൽ നിയമം പുനഃപരിശോധിക്കണമെന്ന ആവശ്യവും ഈയിടെ ഉയർന്നിരുന്നു.
വരാനിരിക്കുന്ന നിരോധനം ദക്ഷിണ കൊറിയക്കാർക്കിടയിൽ യോജിപ്പുകളും വിയോജിപ്പുകളും ഉയർത്തിയിട്ടുണ്ട്. മ്യൂസിക് വിഡിയോ തമാശയായി ആസ്വദിക്കണമെന്നു ചിലർ അഭിപ്രായപ്പെട്ടു. ‘ഫ്രണ്ട്‌ലി ഫാദർ’ പഴയ സ്പാനിഷ്, ഫ്രഞ്ച് പോപ് സംഗീതത്തെ ഓർമിപ്പിക്കുന്നുവെന്നാണ് ചിലരുടെ അഭിപ്രായം. അതേസമയം, ദക്ഷിണ കൊറിയയ്‌ക്കെതിരായ ഉള്ളടക്കമാണ് മ്യൂസിക് വിഡിയോയിലുള്ളതെന്ന് എതിർപക്ഷം വാദിക്കുന്നു. കിമ്മിനെ ഏകപക്ഷീയമായി വിഗ്രഹവൽക്കരിക്കുകയും മഹത്വവൽക്കരിക്കുകയും ചെയ്യുന്ന വിഡിയോ ഒരു യൂട്യൂബ് ചാനലിലൂടെയാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. അനുകൂലിച്ചും പ്രതികൂലിച്ചും ചർച്ചകൾ മുറുകുന്നതിനിടയിൽ, ലോകമെമ്പാടുമുള്ള സോഷ്യൽ മീഡിയയിൽ വിഡിയോ ഹിറ്റാണ്.