ADVERTISEMENT

കൊല്ലപ്പെട്ട പഞ്ചാബി ഗായകൻ സിദ്ധു മൂസാവാലയുടെ രണ്ടാം ചരമവാർഷികത്തിൽ വികാരനിർഭരമായ കുറിപ്പ് പങ്കുവച്ച് അമ്മ ചരൺ കൗർ. സിദ്ധു ഇല്ലാത്ത തന്റെ ജീവിതം ഇരുട്ട് നിറഞ്ഞതാണെന്നും കൂടെയില്ലെങ്കിലും മകന്റെ സാന്നിധ്യം താൻ അറിയുന്നുണ്ടെന്നും ചരൺ സമൂഹമാധ്യമങ്ങളിൽ കുറിച്ചു. സിദ്ധുവിനൊപ്പമുള്ള ഹൃദ്യമായ ചിത്രം കൂടി പങ്കിട്ടുകൊണ്ടാണ് ചരൺ കൗറിന്റെ പോസ്റ്റ്. മകനു നീതി ലഭിക്കണമെന്നാവശ്യപ്പട്ട് പിതാവ് ബാൽകൗറും സമൂഹമാധ്യമത്തിലൂടെ രംഗത്തെത്തിയിരുന്നു.  

‘എന്റെ പ്രിയപ്പെട്ട മകനെ, നീ നമ്മുടെ വീടിന്റെ ഉമ്മറപ്പടി കടന്നു പോയിട്ട് 730 ദിവസവും 17,532 മണിക്കൂറും 10,51,902 മിനിറ്റും 6,31,15,200 സെക്കൻഡും ആയിരിക്കുന്നു. എന്റെ പ്രാർഥനയുടെ ഫലമായി ലഭിച്ച നിന്നെ ആ സായാഹ്നത്തിൽ ശത്രുക്കൾ തട്ടിയെടുത്തു. അതോടെ എന്റെ ജീവിതം ഇരുട്ടിലായി. പ്രകാശകിരണങ്ങളൊന്നും എന്നിലേക്കിപ്പോൾ എത്തുന്നില്ല. മകനേ, ഇപ്പോൾ എനിക്ക് മറ്റൊരു പുത്രൻ ജനിച്ചിരിക്കുന്നു. ഞാനും നിന്റെ അച്ഛനും കുഞ്ഞനിയനും ചേർന്ന് ഈ ലോകത്തിൽ നിന്റെ പേര് എല്ലായ്പ്പോഴും ഉയർത്തിപ്പിടിക്കും. എനിക്ക് നിന്നെ കാണാൻ സാധിക്കുന്നില്ല എന്നതു സത്യം തന്നെ. പക്ഷേ ഞാൻ നിന്റെ സാന്നിധ്യം അറിയുന്നുണ്ട്. നിന്റെ ശരീരം മാത്രമേ എന്നിൽ നിന്നും അകന്നു പോയിട്ടുള്ളു. കഴിഞ്ഞ രണ്ടു വർഷമായി ഞാൻ നിന്നെ അറിഞ്ഞുകൊണ്ടേയിരിക്കുന്നു. ഇന്നത്തെ ദിവസം വേദനകളുടേതാണ് മോനെ’, ചരൺ കൗർ കുറിച്ചു. 

സിദ്ധു മൂസാവാലയുടെ സ്മരണാർഥം കുടുംബം പ്രത്യേക പ്രാർഥനകളും ചടങ്ങുകളും നടത്തി. സിദ്ധുവിന്റെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം ചടങ്ങിൽ സംബന്ധിക്കാനെത്തിയിരുന്നു. അവരിൽ പലരും സിദ്ധുവിന്റെ ചിത്രം ആലേഖനം ചെയ്ത വസ്ത്രമാണ് ധരിച്ചത്. 

2022 മേയ് 29നാണ് പഞ്ചാബിലെ മാന്‍സ ജില്ലയിൽ സിദ്ധു മൂസാവാല വെടിയേറ്റു മരിച്ചത്. പഞ്ചാബിലെ ജവഹർകി ഗ്രാമത്തിലേക്കുള്ള യാത്രാമധ്യേ മൂസാവാലയും രണ്ടു സുഹൃത്തുക്കളും സഞ്ചരിച്ച വാഹനത്തിനു നേരെ ആക്രമണം ഉണ്ടാവുകയായിരുന്നു. കാറിന്റെ സീറ്റിൽ വെടിയേറ്റ നിലയിലാണ് മൂസാവാലയെ കണ്ടെത്തിയത്. ഉടൻതന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ബാൽകൗർ സിങ്ങിന്റെയും ചരൺ കൗറിന്റെയും ഏകമകനായിരുന്നു കൊല്ലപ്പെട്ട സിദ്ധു മൂസാവാല. മകന്റെ അപ്രതീക്ഷിത വിയോഗത്തിനു ശേഷം കടുത്ത വിഷാദത്തിന് അടിമപ്പെട്ടുപോയ ഇരുവരുടെയും മാനസികാരോഗ്യം വീണ്ടെടുക്കാൻ ബന്ധുക്കൾ പ്രത്യേക ശ്രമങ്ങൾ നടത്തിയിരുന്നു. മകന്റെ വേർപാടിന്റെ വേദനയിൽ കഴിഞ്ഞ ദമ്പതികൾ ഈ വർഷം മാർച്ചിൽ രണ്ടാമതൊരു കുഞ്ഞിനു ജന്മം നൽകിയത് വലിയ വാർത്താപ്രാധാന്യം നേടിയിരുന്നു. ഐവിഎഫ് വഴിയാണ് സിദ്ധുവിന്റെ മാതാപിതാക്കൾ രണ്ടാമതൊരു കൺമണിക്ക് ജന്മം നൽകിയത്. 

English Summary:

Charan Kaur penns emotional note on Sidhu Moosewala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com