90സ് കിഡ്സിന്റെ പ്രിയശബ്ദം; ആകാശവാണിയിലെ ടി.വി.അശ്വതി പടിയിറങ്ങുന്നു
Mail This Article
‘‘നമസ്കാരം കൂട്ടുകാരേ...’’ തൊണ്ണൂറുകളിലെ കുട്ടികൾ ഞായർ രാവിലെ റേഡിയോ ഓൺ ചെയ്ത് ആകാശവാണി ബാലലോകത്തിനായി കാതോർത്തിരിക്കുമ്പോൾ കേട്ടിരുന്ന ‘ബാലലോകംചേച്ചി’യുടെ ശബ്ദം. ഇന്ന് ആകാശവാണി റിയൽ എഫ്എമ്മിൽ അഞ്ചും ആറുമൊക്കെ വയസ്സുള്ള കുഞ്ഞുകുട്ടികൾ ആവേശത്തോടെ വിളിച്ച് സംസാരിക്കുന്ന ‘കിലുക്കാംപെട്ടി’യിലെ ചേച്ചി. എല്ലാക്കാലത്തും ആകാശവാണി ശ്രോതാക്കളുടെ പ്രിയപ്പെട്ട ‘ചേച്ചി’യായ ടി.വി.അശ്വതി ഇന്ന് ഔദ്യോഗിക ജീവിതത്തിൽനിന്ന് പടിയിറങ്ങുകയാണ്.
കൂരാച്ചുണ്ട് സ്വദേശിയായ ടി.വി.അശ്വതി 1989 ഒക്ടോബർ 17ന് തന്റെ ഇരുപത്തിയഞ്ചാം വയസ്സിലാണ് ട്രാൻസ്മിഷൻ എക്സിക്യുട്ടീവ് ആയി ആകാശവാണിയിൽ ജോലി തുടങ്ങിയത്. പാലാ സി.കെ.രാമചന്ദ്രൻ, ഹരിപ്പാട് കെപിഎൻ പിള്ള, നെടുമങ്ങാട് എസ് ശശിധരൻ നായർ, വയലിനിസ്റ്റ് ടി.എസ്.ബാബു തുടങ്ങി പ്രഗൽഭരായ ഒരുപാടുപേർ സ്റ്റാഫ് ആർടിസ്റ്റുമാരായി അക്കാലത്ത് കോഴിക്കോട് ആകാശവാണിയിൽ ഉണ്ടായിരുന്നു. റേഡിയോ നാടകങ്ങളിലൂടെ മലയാളികളുടെ മനസ്സുകവർന്ന ശബ്ദത്തിന്റെ ഉടമ ഖാൻകാവിലിനൊപ്പമാണ് അശ്വതി ആദ്യമായി ഒരു പരിപാടി അവതരിപ്പിച്ചത്. എം.എൻ.കാരശ്ശേരി അക്കാലത്ത് കാലിക്കറ്റ് സർവകലാശാലയിലെ അധ്യാപകനാണ്. വിദ്യാഭ്യാസരംഗത്തിനുവേണ്ടി അദ്ദേഹം എഴുതിയ സ്ക്രിപ്റ്റിലെ ‘രമ’ എന്ന കഥാപാത്രത്തെയാണ് അശ്വതി അവതരിപ്പിച്ചത്. രമയുടെ അച്ഛനു ശബ്ദം നൽകിയത് ഖാൻ കാവിലായിരുന്നു.
ഡിജിറ്റൽ യുഗം വരുന്നതിനുമുൻപുള്ള അക്കാലത്ത് പകൽ മുഴുവൻ ആളുകൾ സമയമറിയാൻ ആകാശവാണിയിലേക്ക് വിളിക്കുമായിരുന്നു. സ്റ്റേഷൻ സമയത്തിന്റെ കൃത്യതയായിരുന്നു ഇതിനു കാരണം. അക്കാലത്ത് ഫോൺ എടുത്ത് കൃത്യസമയം പറഞ്ഞുകൊടുത്തിരുന്നത് അശ്വതിയായിരുന്നു.
ട്രാൻസ്മിഷൻ എക്സിക്യുട്ടീവ് ജോലിക്കുപുറമെ മറ്റു ജോലികളുടെ ചുമതല കൂടി അശ്വതിക്കു ലഭിച്ചു. അബ്ദുല്ല നന്മണ്ടയുടെ കൂടെ ലക്ഷദ്വീപ് പരിപാടിയുടെ ചുമതല കൂടി ലഭിച്ചു. അതിൽ റേഡിയോ നാടകങ്ങളടക്കമുള്ളവ അവതരിപ്പിച്ചു.
കോഴിക്കോടിനു സ്വന്തമായി ഒരു എഫ്എം നിലയം വന്നപ്പോൾ അശ്വതി ‘ഓർമയിൽ എന്നെന്നും’ എന്ന പരിപാടി അവതരിപ്പിക്കാൻ തുടങ്ങി. ബാബുക്കയുടെയും മറ്റും പാട്ടുകൾ ഏറ്റെടുത്ത കോഴിക്കോട്ടുകാരുടെ പ്രിയപ്പെട്ട പരിപാടിയായി ഓർമയിൽ എന്നെന്നും മാറി. പിന്നീടാണ് ‘ശ്രുതിലയം’ എന്ന പരിപാടിക്ക് തുടക്കം കുറിച്ചത്. 2003ൽ പ്രോഗ്രാം എക്സിക്യുട്ടീവ് ആയി സ്ഥാനക്കയറ്റത്തോടെ കുടകിലെ മടിക്കേരിയിലേക്ക് യാത്രയായി. 2005ൽ തിരികെ കോഴിക്കോടെത്തി. മാത്യു ജോസഫിനൊപ്പം ‘കാതോടുകാതോരം’, പ്രീതയ്ക്കൊപ്പം വനിതകളുടെ പ്രത്യേകപരിപാടി ‘സഹയാത്രിക’, പാട്ടോർമകൾ പങ്കുവയ്ക്കുന്ന ‘ഓർമച്ചെപ്പ്’ തുടങ്ങിയ ജനപ്രിയ പരിപാടികൾ അക്കാലത്താണ് അവതരിപ്പിച്ചുതുടങ്ങിയത്.
2010ൽ മഞ്ചേരി നിലയത്തിലേക്കും തുടർന്ന് 2011ൽ മുംബൈ നിലയത്തിലേക്കും സ്ഥലംമാറി. 2014 ഡിസംബറിൽ അസി. സ്റ്റേഷൻ ഡയറക്ടറായി തിരികെ കോഴിക്കോടേക്കെത്തി. കോഴിക്കോട് ആകാശവാണിയുടെ രണ്ടാമത്തെ വനിതാ അസി.സ്റ്റേഷൻ ഡയറക്ടറായിരുന്നു അശ്വതി. സുകുമാർ അഴിക്കോട് മുതൽ പി.കെ.ഗോപി വരെ സാഹിത്യ സാംസ്കാരിക മേഖലകളിലെ പ്രഗൽഭരുടെ പരിപാടികളുടെ ഭാഗമായിരുന്നു അശ്വതി. സാമൂതിരി രാജാ ആദ്യമായി ആകാശവാണിയിൽ അശ്വതിയുടെ ‘പാദമുദ്ര’യെന്ന പരിപാടിയിൽ എത്തി.
സംഗീതം, നാടകം, ആരോഗ്യം, സാഹിത്യരംഗം, വിദ്യാഭ്യാസ രംഗം വനിതാവേദി, ബാലലോകം,യുവവാണി തുടങ്ങി ഏതു പരിപാടിയിലും ശ്രോതാക്കളുടെ പ്രിയപ്പെട്ട ചേച്ചിയായി അശ്വതി മാറിയിരുന്നു. വിരമിക്കാൻ ഒരു മാസം മാത്രം ബാക്കിനിൽക്കെ മേയ് മാസത്തിൽ രണ്ടു റേഡിയോ നാടകങ്ങൾ സംവിധാനം ചെയ്ത് അവതരിപ്പിക്കുകയും ചെയ്തു. ഓണം സ്പെഷൽ പരിപാടിയായി തിരൂർ തുഞ്ചൻപറമ്പിൽവച്ച് അശ്വതി എം.ടി.വാസുദേവൻ നായരുമായി നടത്തിയ അഭിമുഖം ദേശീയതലത്തിൽ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അഖിലകേരള നാടകോത്സവത്തിലടക്കം അനേകം റേഡിയോ നാടകങ്ങളുടെയും ചിത്രീകരണങ്ങളുടെയും ഭാഗമായി.
സാഹിത്യകാരൻ തിക്കോടിയന്റെ മകൾ പുഷ്പവല്ലിക്കും കെ.രാഘവന്റെ മകൻ ആർ.കനകാംബരൻ, പുല്ലാങ്കുഴൽ വിദഗ്ധൻ ജി.എസ്.ശ്രീകൃഷ്ണൻ, ഗീതാദേവി വാസുദേവൻ, എൻ. ഹരി, കടുത്തുരുത്തി ടി.ആർ.രാധാകൃഷ്ണൻ തുടങ്ങിയ അനേകം പ്രഗൽഭരുടെ കൂടെയാണ് അശ്വതി ജോലി ചെയ്തത്.
2005ൽ മതസൗഹാർദത്തിനുള്ള ലാസാ കൗൾ ദേശീയ പുരസ്കാരവും 2009ൽ അക്ഷരം പുരസ്കാരവുമടക്കം അനേകം പുരസ്കാരങ്ങളും അശ്വതിയെ തേടിയെത്തി. അശ്വതി വിരമിക്കുന്നതറിഞ്ഞ് നിലമ്പൂരു നിന്നും പാണ്ടിക്കാടുനിന്നുമൊക്കെ അനേകം ശ്രോതാക്കൾ കോഴിക്കോട് ആകാശവാണി നിലയത്തിൽ കുടുംബത്തോടൊപ്പമെത്തിയാണ് ആശംസകൾ നേരുന്നത്.
34 വർഷവും ഏഴു മാസവും പിന്നിടുമ്പോഴാണ് ‘പ്രിയശ്രോതാക്കൾക്ക് ശുഭദിനം നേർന്നു’കൊണ്ട് അശ്വതി 31ന് ആകാശവാണിയുടെ പടിയിറങ്ങുന്നത്. ഔദ്യോഗിക ഭാഷാവിഭാഗത്തിൽനിന്നു വിരമിച്ച ഭർത്താവ് വി.ബാലകൃഷ്ണനും മക്കളായ ഗായത്രിക്കും ഗോപികയ്ക്കുമൊപ്പം കരുവിശ്ശേരി ജനതാറോഡിലെ വീട്ടിലാണ് അശ്വതിയുടെ താമസം.