‘അച്ഛനുണ്ടായിരുന്നേൽ അമ്മയുടെ പിറന്നാൾ ഗംഭീരമാക്കിയേനെ’; നൊമ്പരത്തോടെ അഭിരാമി

Mail This Article
അമ്മ ലൈലയുടെ ഷഷ്ടിപൂർത്തി ആഘോഷത്തിന്റെ വിഡിയോ പങ്കിട്ട് ഗായിക അഭിരാമി സുരേഷ്. ഗായികയുടെ കൊച്ചിയിലെ കഫേയിൽ വച്ചായിരുന്നു ആഘോഷം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തു. അഭിരാമിയുടെ സഹോദരിയും ഗായികയുമായ അമൃത സുരേഷ് സംഗീതപരിപാടിയുമായി ബന്ധപ്പെട്ട് വിദേശത്താണ്. വിഡിയോ കോൾ വഴി അമൃത ആഘോഷത്തിൽ സാന്നിധ്യമറിയിച്ചു. ചേച്ചി അടുത്തില്ലാത്തതിന്റെ സങ്കടം അഭിരാമി പങ്കുവയ്ക്കുകയുണ്ടായി. ആഘോഷനിമിഷങ്ങളൊരുക്കാൻ ഫോൺ വഴിയായി അമൃത എല്ലാ സഹായങ്ങളും ചെയ്തുവെന്ന് അഭിരാമി പറഞ്ഞു.
അമ്മയുടെ ഷഷ്ടിപൂർത്തി വലിയ ആഘോഷമാക്കാൻ അച്ഛൻ സുരേഷ് ഏറെ ആഗ്രഹിക്കുകയും പദ്ധതിയിടുകയും ചെയ്തിരുന്നുവെന്നും എന്നാൽ അതിനു മുൻപ് അദ്ദേഹം യാത്രയായെന്നും അഭിരാമി നൊമ്പരത്തോടെ സമൂഹമാധ്യമങ്ങളിൽ കുറിച്ചു. അച്ഛനില്ലാത്തതുകൊണ്ട് പ്രതീക്ഷിച്ചതുപോലെ ഗംഭീരമായില്ലെന്നും എങ്കിലും അമ്മയ്ക്കു വേണ്ട കൊച്ചു സന്തോഷങ്ങൾ കൊടുക്കാൻ പറ്റിയെന്നു വിശ്വസിക്കുകയാണെന്നും അഭിരാമി കുറിപ്പിൽ പറയുന്നു.
ഏതാനും ദിവസങ്ങൾക്കു മുൻപായിരുന്നു ലൈലയുടെ 60ാം പിറന്നാൾ. അമൃതയും അഭിരാമിയും പങ്കുവച്ച ആശംസാ പോസ്റ്റ് ഏറെ ശ്രദ്ധേയമായിരുന്നു. പിന്നാലെയാണ് ആഘോഷ വിഡിയോയും പുറത്തുവന്നത്. അമൃതയുടെയും അഭിരാമിയുടെയും സംഗീതജീവിതത്തിൽ വലിയ സ്വാധീനം ചെലുത്തിയവരാണ് മാതാപിതാക്കളായ സുരേഷും ലൈലയും. സ്ട്രോക്കിനെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കവെ കഴിഞ്ഞ വർഷം സുരേഷ് അന്തരിച്ചു. പിന്നീടിങ്ങോട്ട് അമ്മ ലൈലയാണ് അമൃതയ്ക്കും അഭിരാമിക്കും പ്രചോദനം പകർന്ന് ഒപ്പം നിൽക്കുന്നത്. എപ്പോഴും പിന്തുണയുമായി അമ്മ കൂടെ നിൽക്കുന്നതാണ് തങ്ങളുടെ ധൈര്യമെന്ന് ഇരുവരും അഭിമുഖങ്ങളിൽ ഉൾപ്പെടെ തുറന്നു പറഞ്ഞിട്ടുണ്ട്.