ADVERTISEMENT

ഏറ്റവും പുതിയ സ്വതന്ത്ര ഗാനത്തിന്റെ ടീസർ പങ്കുവച്ച് ഗായകനും ജൊനാസ് ബ്രദേഴ്സിലെ രണ്ടാമനുമായ ജോ ജൊനാസ്. നടി സോഫി ടേണറുമായുള്ള വിവാഹമോചനത്തെക്കുറിച്ചു പരോക്ഷമായി പാട്ടിൽ പരാമർശിച്ചിട്ടുണ്ട്. സോഫിയുമായുള്ള വേർപിരിയൽ ഏൽപ്പിച്ച വേദനകളും നിലവിലെ മാനസികാവസ്ഥയുമെല്ലാം പാട്ടിലൂടെ ജോ പരോക്ഷമായി സൂചിപ്പിച്ചു. വിവാഹമോചനത്തിനു ശേഷമുള്ള തന്റെ ജീവിതത്തെക്കുറിച്ചു വിവരിക്കാനാണ് ജോ ജൊനാസ് ഇങ്ങനെയൊരു പാട്ടിറക്കുന്നതെന്നാണ് ആരാധകരുടെ വിലയിരുത്തൽ.

‘ജോ, കൃതജ്ഞത പ്രകടിപ്പിക്കാൻ നിനക്ക് ഇനിയും ഏറെ കാര്യങ്ങൾ അവശേഷിക്കുന്നുണ്ട്. ദുഃഖിതനായിരിക്കുന്നത് അവസാനിപ്പിക്കൂ. ശരിയാണ്, എനിക്കറിയാം നീ വളരെ ദുരിതപൂർണമായ അവസ്ഥയിലൂടെയാണ് കടന്നുപോകുന്നത്. ചിലപ്പോഴൊക്കെ ഞാൻ ആഗ്രഹിക്കുന്നു, എനിക്ക് അദൃശ്യനാകാനുള്ള ശക്തി ഉണ്ടായിരുന്നെങ്കിലെന്ന്. മോശപ്പെട്ട അനുഭവങ്ങൾ ഉള്ളവർക്ക് ദുഃഖങ്ങൾ ഉണ്ടാകും. അത് വളരെ കഠിനമായ സത്യം തന്നെ. ഡാഡിയെയും മമ്മിയെയും വിളിച്ചു, പക്ഷേ എന്ത് ചെയ്യണമെന്ന് അവർക്കും അറിയില്ലായിരുന്നു’, പാട്ടിൽ പറയുന്നു. 

ജോ ജൊനാസ് പങ്കുവച്ച വിഡിയോ ഇതിനകം ശ്രദ്ധേയമായിക്കഴിഞ്ഞു. നിരവധി പേരാണു പ്രതികരണങ്ങൾ അറിയിക്കുന്നത്. പാട്ടിന്റെ ടീസർ പുറത്തുവന്നതോടെ ജോയുടെയും സോഫിയുടെയും പ്രണയവും വിവാഹവും വേർപിരിയലുമെല്ലാം വീണ്ടും ചർച്ചകളില്‍ നിറയുകയാണ്. കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് തങ്ങൾ വിവാഹജീവിതം അവസാനിപ്പിക്കുകയാണെന്ന് ജോ ജൊനാസും സോഫി ടേണറും വെളിപ്പെടുത്തിയത്. ഏതാനും മാസങ്ങൾക്കിപ്പുറം ഇരുവരും പുതിയ പ്രണയബന്ധം ആരംഭിക്കുകയും ചെയ്തു. ബ്രിട്ടിഷ് രാജകുടുംബത്തിലെ അവകാശിയായ ജോൺ ഡിക്കിൻസൺ പിയേഴ്സണ്‍ ആണ് സോഫിയുടെ പുതിയ പങ്കാളി. നടിയും മോഡലുമായ സ്റ്റോർമി ബ്രീയുമായി ജോ ജൊനാസ് ഡേറ്റിങ്ങിലാണെന്നു നേരത്തേ റിപ്പോർട്ടുകൾ വന്നിരുന്നു.

മൂന്ന് വർഷം നീണ്ട ഡേറ്റിങ്ങിനൊടുവിൽ 2019 മേയ് 1നായിരുന്നു ജോ ജൊനാസും സോഫി ടേണറും വിവാഹിതരായത്. ലാസ് വേഗസിൽ വച്ച് രഹസ്യമായിട്ടായിരുന്നു വിവാഹം. 2020 ജൂലൈയിൽ ഇരുവരും ആദ്യ കുഞ്ഞിനെ സ്വീകരിച്ചു. വില്ല എന്നാണ് മകൾക്കു പേരിട്ടിരിക്കുന്നത്. 2022ൽ സോഫിയും ജോയും രണ്ടാമത്തെ മകൾക്കു ജന്മം നൽകി. ഡെൽഫിന്‍ എന്നാണു കുഞ്ഞിന്റെ പേര്. വിവാഹമോചന ഹർജി നൽകിയ ശേഷമാണ് ജോയും സോഫിയും രണ്ടാമത്തെ കുഞ്ഞിന്റെ പേര് പോലും പരസ്യപ്പെടുത്തിയത്. വിവാഹമോചിതരാകാൻ തീരുമാനിച്ചതോടെ മക്കളുടെ സംരംക്ഷണം സോഫിയും ജോയും തുല്യമായാണ് ഏറ്റെടുത്തിരിക്കുന്നത്.

English Summary:

Joe Jonas' new song hints the divorce with Sophie Turner

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com