‘7 വർഷങ്ങൾ, ഒരുമിച്ച്’; ഗോപി സുന്ദറിനെക്കുറിച്ച് സുഹൃത്ത്, ചിത്രം വൈറൽ

Mail This Article
സംഗീതസംവിധായകൻ ഗോപി സുന്ദറിനൊപ്പമുള്ള ചിത്രം പങ്കുവച്ച് ഗായികയും നർത്തകിയുമായ അദ്വൈത പത്മകുമാർ. ‘ഏഴ് വർഷങ്ങൾ’ എന്ന അടിക്കുറിപ്പോടെയാണ് സമൂഹമാധ്യമത്തിൽ ചിത്രം പങ്കിട്ടത്. തായ്‌ലൻഡ് യാത്രാവേളയിലുള്ള ചിത്രമാണിത്. റ്റുഗെതർനെസ്, ഹാപ്പിനെസ്, മോർ ടു ഗോ എന്നീ ഹാഷ്ടാഗുകളും പോസ്റ്റിൽ കാണാനാകും. കമന്റ് ബോക്സ് ഓഫ് ചെയ്ത നിലയിലാണ് പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. മുൻപും ഗോപിയെ ടാഗ് ചെയ്തുകൊണ്ട് യാത്രാ ചിത്രങ്ങൾ ഉൾപ്പെടെ നിരവധി അദ്വൈത പങ്കുവച്ചിട്ടുണ്ട്.
അതേസമയം, പെൺസുഹൃത്തുക്കൾക്കൊപ്പം നിൽക്കുന്ന മനോഹര ചിത്രം ഗോപി സുന്ദർ പങ്കുവച്ചത് ശ്രദ്ധേയമായിക്കഴിഞ്ഞു. അക്കൂട്ടത്തിലും അദ്വൈത പത്മകുമാറിനെ കാണാം. പ്രിയ നായർ, ഹനാന്‍ ഹമീദ്, അഞ്ജന മോഹൻ എന്നിവരും ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടു. ‘എന്റെ ജീവിതം, എന്റെ നിയമങ്ങൾ’ എന്ന അടിക്കുറിപ്പോടെയാണ് ഗോപി സുന്ദർ ചിത്രം പങ്കിട്ടത്. സാധാരണയായി കമന്റ് ബോക്സ് ഓഫ് ചെയ്ത് ചിത്രങ്ങൾ പങ്കുവയ്ക്കാറുള്ള ഗോപി ഇത്തവണ അങ്ങനെ ചെയ്തില്ല. പോസ്റ്റിനു താഴെ കമന്റുകൾ സജീവമാണ്.
പതിവായി സൈബർ ആക്രമണങ്ങൾ നേരിടുന്ന സെലിബ്രിറ്റിയാണ് ഗോപി സുന്ദർ. വിമർശനങ്ങൾ പരിധിവിടുമ്പോൾ അദ്ദേഹം പ്രതികരിക്കാറുമുണ്ട്. സുഹൃത്തുക്കൾക്കൊപ്പമുള്ള ചിത്രങ്ങൾ തെറ്റിദ്ധരിക്കപ്പെട്ടപ്പോൾ ഗോപി ശക്തമായ ഭാഷയിൽ പ്രതികരണങ്ങൾ അറിയിച്ചിരുന്നു. ഇപ്പോൾ പങ്കുവച്ച ചിത്രങ്ങൾക്കു താഴെയും നിരവധി പരിഹാസ കമന്റുകൾ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. എന്നാൽ, കമന്റുകൾക്കൊന്നിനും ഗോപി സുന്ദർ മറുപടി നൽകിയിട്ടില്ല.