ADVERTISEMENT

തൃശൂരിൽ നിന്ന് ലോക്സഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ട സുരേഷ് ഗോപിക്ക് ആശംസ അറിയിച്ച് ഗായകൻ ജി.വേണുഗോപാൽ. സുരേഷ് ഗോപിയുടെ രാഷ്ട്രീയവഴികളെ സുഹൃത്ത് എന്ന നിലയിൽ അടുത്തറിഞ്ഞിട്ടുള്ള വേണുഗോപാൽ, ആ യാത്രയിലെ അപൂർവനിമിഷങ്ങൾ ആരാധകരുമായി പങ്കുവച്ചു. പത്തു വർ‌ഷങ്ങൾക്കു മുൻപ്, നരേന്ദ്രമോദിയുടെ സന്ദേശവാഹകൻ സുരേഷ് ഗോപിയുടെ അടുത്തു വന്നപ്പോൾ, അന്ന് അദ്ദേഹത്തിനൊപ്പം താനും ഉണ്ടായിരുന്നുവെന്ന് വേണുഗോപാൽ പറയുന്നു. എതിരാളികൾക്കു പോലും നല്ലതു മാത്രം ആഗ്രഹിക്കുന്ന താരത്തിന് ഹൃദയം നിറഞ്ഞ ആശംസകൾ പങ്കുവച്ചാണ് വേണുഗോപാൽ സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പ് അവസാനിപ്പിക്കുന്നത്. 

ജി വേണുഗോപാൽ സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിന്റെ പൂർണരൂപം: 

തിരക്കുകളെല്ലാമൊഴിയാൻ കാത്തു നിന്നു. എന്റെ കൺഗ്രാറ്റ്സ് മെസേജ്, മിസ്ഡ് കാൾ കണ്ടിട്ടാകണം സുരേഷിന്റെ ഫോൺ. ഞാൻ ചോദിച്ചു.

"സുരേഷേ, കേരള രാഷ്ട്രീയത്തിലെ ഒരു ചരിത്ര നിയോഗ നിമിഷത്തിലാണ് നിങ്ങളെന്നറിയാമോ?"

"വേണൂ, എന്റെ മനസിൽ വേറൊന്നുമില്ല. ഞാൻ ജയിച്ചാൽ കേരളത്തിലെ ജനങ്ങൾക്കു കൊള്ളാം. തോറ്റാൽ രാധികയ്ക്കും മക്കൾക്കും കൊള്ളാം"

ഈ മനുഷ്യൻ എന്നുമിങ്ങനെയായിരുന്നു. പ്രത്യേകിച്ചൊരു ആസക്തി ഒന്നിനോടുമില്ലാതെ, തന്നിലേക്ക് എത്തിച്ചേരുന്ന ജോലി പൂർണതയോടെ ചെയ്യാൻ തന്നെ തന്നെ മെഴുകുതിരി പോൽ ഉരുക്കിയൊഴിക്കുന്നൊരുത്തൻ.

മുപ്പത്തിയെട്ട് വർഷങ്ങൾക്ക് മുൻപ് ഞാൻ പരിചയപ്പെട്ട അഭിനയമോഹിയായ ആ സുന്ദരൻ ചെറുപ്പക്കാരനെ ഞാനോർത്തെടുക്കാൻ ശ്രമിച്ചു. ഇഷ്ടപ്പെട്ട ഇടങ്ങളിൽ നിന്ന് കടുത്ത വാക്കുകൾ നേരിടേണ്ടി വന്നാൽ കണ്ണു നിറച്ചിരുന്ന ഒരു സുരേഷിനെ എനിക്കറിയാം. പിൽക്കാലത്ത് അറയ്ക്കുന്ന ആക്ഷേപ വാക്കുകളും ചതിയുടെ പതിനെട്ടടവുകളും നേരിടേണ്ടി വരുമ്പോൾ ഉള്ളിൽ രോഷം പതഞ്ഞു പുകഞ്ഞ് നിയന്ത്രണം വിട്ടു പെരുമാറുന്ന സുരേഷിനെയും എനിക്കറിയാം. പക്ഷേ അവിടെയൊന്നും കൗശലക്കാരനായ ഒരു കരിയറിസ്റ്റ് സുരേഷിനെ ഞാൻ കണ്ടിട്ടില്ല. പൊളിറ്റിക്കലി ഇൻകറക്റ്റ് ആയ വാക്കുകളൊരിക്കലും സുരേഷ് പറഞ്ഞിട്ടില്ല. സുരേഷിനെ ഇഷ്ടപ്പെടുന്നവർ അത് പ്രതീക്ഷിച്ചുമില്ല.

പത്ത് വർഷങ്ങൾക്ക് മുൻപ് ശ്രീ നരേന്ദ്ര മോദിയുടെ സന്ദേശവാഹകൻ സുരേഷിനെ തേടിയെത്തുമ്പോൾ സന്ദർഭവശാൽ ഞാൻ സുരേഷിനൊപ്പമുണ്ട്. ഇഷ്ടമുള്ളൊരു നേതാവിനെ കാണാൻ, സംസാരിക്കാനായിരുന്നു അന്ന് സുരേഷിന് താൽപര്യം. കേരള ബി.ജെ.പിയുടെ നായകസ്ഥാനം സുരേഷിലേക്കെത്തിച്ചേരുന്നു എന്നു കേട്ടപ്പോൾ ഞാൻ വിളിച്ചു. "ഒരിക്കലും ഞാനത് ഏറ്റെടുക്കില്ല" എന്ന് പറഞ്ഞു. പിൽക്കാലത്ത് കേന്ദ്രമന്ത്രിപദം ഒരു തളികയിൽ വച്ചു നീട്ടി അതേ സന്ദേശവാഹകൻ എത്തുമ്പോൾ സുരേഷ് കൃത്യമായി പറഞ്ഞു. "ഞാനാദ്യം ഒരു ഇലക്ഷൻ ജയിക്കട്ടെ, എന്നിട്ട് മതി".

"രാഷ്ട്രീയത്തിൽ ഇത്രയും ഒഴിഞ്ഞു മാറലുകൾ സാധ്യമാണോ? മേലാളന്മാർ അതു സമ്മതിക്കുമോ?" ഞാൻ ചോദിച്ചു.

"എന്നെ ജനത്തിനും പാർട്ടിക്കും വേണമെങ്കിൽ മതി വേണൂ. ആ ഒരു അവസരം വരട്ടെ. ഇല്ലെങ്കിൽ വേണ്ട "

ബി.ജെ.പി. പോലത്തെ ഒരു കാഡർ ബേസ്ഡ് പാർട്ടിയിൽ അതോടെ സുരേഷ് നിഷ്പ്രഭനാകുമെന്ന് ഞാനുൾപ്പെടെ പലരും വിശ്വസിച്ചു. ഇത്തവണത്തെ ഇലക്ഷന് മുൻപ് സുരേഷ് പാർട്ടിക്ക് മുൻപിൽ വച്ച ഒരാവശ്യം, രണ്ടു വർഷം തനിക്ക് സിനിമയ്ക്ക് വേണ്ടി മാറ്റി വയ്ക്കണമെന്നതാണ്. "എന്റെ വരുമാനം അതാണ്. കുടുംബത്തെ പോറ്റണം." കിട്ടിയതിനെക്കാളേറെ കൊടുത്തിട്ടുള്ളൊരുത്തനാണ് സുരേഷ് എന്നത്, ജനങ്ങളെപ്പോലെ പാർട്ടിയും തിരിച്ചറിഞ്ഞു. അത്യപൂർവ്വമായ ഈ നിസ്സംഗ സേവന സ്വഭാവം മറ്റുള്ളവരിൽ നിന്നെല്ലാം സുരേഷിനെ മാറ്റി നിർത്തുന്നു. 

ഇലക്ഷൻ കാമ്പയിൻ കഴിഞ്ഞ് തളർന്ന് തരിപ്പണമായി വീട്ടിൽ ചികിത്സയുമായ് കഴിയുന്ന സുരേഷിനെ ഞാൻ മടിച്ചു മടിച്ചു വിളിച്ചു. "എനിക്കെത്തിച്ചേരാൻ സാധിച്ചില്ല. വിജയം ആശംസിക്കുന്നു". സുരേഷ് പറഞ്ഞു. "എന്നോടടുപ്പമുള്ളവരോടെല്ലാം ഞാൻ പറഞ്ഞതാണ്. ആരുമെന്റെ കാമ്പയിനിങ്ങിന് വരണ്ട. സോഷ്യൽ മീഡിയയിലെ തെറി എനിക്ക് പരിചിതമാണ്. നിങ്ങൾക്കത് ബുദ്ധിമുട്ടാകും. ഇവിടെ കേരളത്തിൽ തൊട്ടു കൂടാത്ത, തീണ്ടിക്കൂടാത്ത പാർട്ടിയാണ് ബി.ജെ.പി. അത് മാറി വരും''

എം.പി. ആയാലുമില്ലെങ്കിലും, മന്ത്രിയായാലുമില്ലെങ്കിലും, സുരേഷ് നല്ലത് മാത്രമേ ആഗ്രഹിക്കൂ, എതിരാളികൾക്കും.

കേരളത്തിന് വേണ്ടി നല്ല കാര്യങ്ങൾ ചെയ്യുമാറാകട്ടെ സുരേഷേ.

ചന്ദനം പോലെ മുഴുവനങ്ങ് അരഞ്ഞരഞ്ഞില്ലാണ്ടാകേണ്ട ആവശ്യമില്ലെന്ന് ഞാൻ സുരേഷിനെ ഇടയ്ക്കിടയ്ക്ക് ഓർമ്മപ്പെടുത്താറുണ്ട്. ഒരൽപ്പം തടി, പരിമളം, ആരോഗ്യം, രാധികയ്ക്കും കുടുംബത്തിനും, ഞങ്ങൾ കുറച്ച് സുഹൃത്തുക്കൾക്കും ബാക്കി വയ്ക്കുക!

English Summary:

Singer G Venugopal congratulates Suresh Gopi for his Lok Sabha win from Thrissur.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com