അന്ന് ദിവസം 50 രൂപ, ഇന്ന് പ്രതിമാസം 2 കോടി; ‘വിലപിടിപ്പുള്ള പെൺശബ്ദം’ !

Mail This Article
രാജ്യത്തെ ഏറ്റവും ‘വിലപിടിപ്പുള്ള’ ഗായകരിൽ ഒരാളായ നേഹ കക്കറിന്റെ 36ാം ജന്മദിനമാണിന്ന്. ലോകത്തിന്റെ നാനാ ഇടങ്ങളിൽ നിന്നായി പ്രിയ ഗായികയ്ക്ക് നിരവധി പേർ ജന്മദിനാശംസകൾ അറിയിക്കുന്നു. ചെറുപ്രായത്തിൽ തന്നെ അസൂയാവഹമായ നേട്ടം കൈവരിച്ച ഗായികയാണ് നേഹ. എന്നാൽ വിജയത്തിലേക്കുള്ള ഗായികയുടെ വളർച്ച അത്ര എളുപ്പമായിരുന്നില്ല.
നിധി കക്കർ–ഋഴികേശ് കക്കർ ദമ്പതികളുടെ മൂന്നാമത്തെ കുട്ടിയായി 1988–ലാണ് നേഹയുടെ ജനനം. സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം മൂന്നാമതൊരു കുഞ്ഞിനെ മാതാപിതാക്കൾ ആഗ്രഹിച്ചിരുന്നില്ല. ഗർഭഛിദ്രം നടത്താൻ ശ്രമിച്ചെങ്കിലും അതു സാധ്യമായില്ല. അങ്ങനെയാണ് കുഞ്ഞ് നേഹയ്ക്ക് ജന്മം നൽകാൻ കക്കർ ദമ്പതികൾ തീരുമാനിച്ചത്.

സഹോദരങ്ങളും ഗായകരുമായ ടോണി കക്കർ സോനു കക്കർ എന്നിവർക്കൊപ്പം സ്വദേശത്തെ ചെറിയ കച്ചേരി വേദികളിൽ പാടി 4–ാം വയസ്സിലാണ് നേഹ സംഗീതജീവിതത്തിൽ ഹരിശ്രീ കുറിച്ചത്. തുടർന്നിങ്ങോട്ട് നിരവധി വേദികളിൽ സാന്നിധ്യമറിയിച്ചു. ദിവസക്കൂലിയായ 50 രൂപയ്ക്കു വേണ്ടി പ്രാർഥനാഗീതങ്ങളും ഭജൻസും പാടി. സാമ്പത്തികമായി പിന്നോക്കാവസ്ഥയിലായിരുന്ന കുടുംബത്തിന് നേഹയുടെ ചെറിയ വരുമാനം വലിയ ആശ്വാസമായിരുന്നു. 16–ാം വയസ്സിൽ സ്വകാര്യ ചാനലിലെ റിയാലിറ്റി ഷോയിൽ പങ്കെടുത്തെങ്കിലും ഇടയ്ക്കു വച്ച് പുറത്തായി. 2008 ൽ ‘മീരഭായ് നോട്ട് ഔട്ട്’ എന്ന ചിത്രത്തിനു വേണ്ടി കോറസ് പാടിയാണ് നേഹ സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. പിന്നീടിങ്ങോട്ട് തിരക്കുള്ള ഗായികയായി അതിവേഗം വളർന്നു. സ്വതന്ത്ര ഗായികയായി നിരവധി ചിത്രങ്ങളിൽ പാടി. സംഗീത മത്സരവേദികളിൽ വിധികർത്താവായും തിളങ്ങി. ഇന്ന് ഒരു പാട്ടിന് കുറഞ്ഞത് 10 ലക്ഷം രൂപയാണ് നേഹ പ്രതിഫലമായി വാങ്ങുന്നത്. പ്രതിമാസം ശരാശരി 2 കോടി സമ്പാദിക്കുന്നു.

കൗമാരം വരെ കുടുംബത്തോടൊപ്പം ഋഷികേശിലെ ഒറ്റമുറി വാടകവീട്ടിൽ അന്തിയുറങ്ങിയ നേഹ, വർഷങ്ങൾക്കിപ്പുറം അതേ വീടിരുന്നിടത്ത് ആഡംബരസൗധം പണികഴിപ്പിച്ചത് വാർത്താപ്രാധാന്യം നേടിയിരുന്നു. നേഹ ജനിച്ചതും വളർന്നതുമെല്ലാം ഋഷികേശിലെ ആ കൊച്ചുവീട്ടിലാണ്. ഭക്ഷണം പാകം ചെയ്തിരുന്നതും കിടന്നുറങ്ങിയിരുന്നതുമെല്ലാം ഒരു മുറിയിൽ തന്നെ. ഇന്നിപ്പോൾ അതേ സ്ഥലത്ത് നേഹയുടെ ആഡംബര വസതി തലയുയർത്തി നിൽക്കുന്നു. ജീവിതത്തില്‍ പിന്നിട്ട വഴികളെക്കുറിച്ചും കൈവരിച്ച നേട്ടങ്ങളെക്കുറിച്ചു ചിന്തിക്കുമ്പോൾ തനിക്കു കരച്ചിൽ വരുന്നു എന്ന് നേഹ മുൻപ് അഭിമുഖങ്ങളിൽ ഉൾപ്പെടെ തുറന്നുപറഞ്ഞിട്ടുണ്ട്.

നേഹ കക്കറിന്റെ ജീവിതവിജയം പലരെയും അതിശയിപ്പിക്കുന്നതും പ്രചോദനമാകുന്നതുമാണ്. 2019–ൽ യൂട്യൂബിൽ ഏറ്റവുമധികം ആളുകൾ തിരഞ്ഞ വനിതാ താരങ്ങളുടെ പട്ടികയിൽ നേഹ രണ്ടാം സ്ഥാനം നേടിയിരുന്നു. ഗ്രാമി ജേതാവ് ബില്ലി ഐലിഷിനെയുൾപ്പെടെ പല പ്രമുഖരെയും പിന്നിലാക്കിയായിരുന്നു നേഹയുടെ അപൂർവനേട്ടം. യൂട്യൂബിൽ അപ്‌ലോഡ് ചെയ്ത വിഡിയോകളിൽ 4.5 ബില്യൺ കാഴ്ചക്കാരെയാണ് നേഹ സ്വന്തമാക്കിയത്. 4.8 ബില്യൺ കാഴ്ചക്കാരെ സ്വന്തമാക്കിയ അമേരിക്കൻ റാപ്പർ കാർഡി ബി പട്ടികയിൽ ഒന്നാം സ്ഥാനത്ത് ഇടം പിടിച്ചു. ഇൻസ്റ്റഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സുള്ള ഇന്ത്യൻ ഗായിക നേഹ കക്കർ ആണ്. 78.5 മില്യൻ ആളുകൾ ഗായികയെ ഇൻസ്റ്റഗ്രാമിൽ മാത്രമായി ഫോളോ ചെയ്യുന്നു.

2020–ല്‍ നേഹ കക്കർ വിവാഹിതയായി. ഗായകൻ രോഹൻപ്രീത് സിങ് ആണ് ഗായികയുടെ പങ്കാളി. ഒരു സംഗീത ആൽബം ഒരുക്കുന്നതുമായി ബന്ധപ്പെട്ടുള്ള പ്രവർത്തനങ്ങൾക്കിടയിൽ കണ്ടുമുട്ടിയതാണ് ഇരുവരും. തുടർന്ന് പ്രണയത്തിലാവുകയും അതു പിന്നീട് വിവാഹത്തിലേക്ക് എത്തുകയുമായിരുന്നു. സ്വകാര്യ ചാനലിലെ സംഗീത റിയാലിറ്റി ഷോയിലൂടെ ശ്രദ്ധിക്കപ്പെട്ട ഗായകനാണ് രോഹൻപ്രീത് സിങ്. നേഹയേക്കാൾ 7 വയസ്സിന് ഇളയതാണ് രോഹൻ. വിവാഹസമയത്ത് ഇരുവരും തമ്മിലുള്ള പ്രായവ്യത്യാസം ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു.