‘അത് ഞാനല്ല, ഈ സംഭവം ഭയപ്പെടുത്തുന്നു’; വ്യാജപ്രചരണങ്ങളെക്കുറിച്ച് സോനു നിഗം

Mail This Article
ബിജെപിയെ പിന്തുണയ്ക്കാത്തതിനു യുപിയിലെ വോട്ടർക്കെതിരെ എക്സ് പ്ലാറ്റ്ഫോമിൽ പ്രചരിക്കുന്ന വ്യാജപ്രചാരണങ്ങളോടു പ്രതികരിച്ച് ഗായകൻ സോനു നിഗം. അയോധ്യ ഉൾപ്പെടുന്ന ഫൈസാബാദ് ലോക്സഭാ മണ്ഡലത്തിൽ ബിജെപി സ്ഥാനാർഥി ലല്ലു സിങ് അരലക്ഷത്തിൽപരം വോട്ടുകൾക്കു തോറ്റതിനോടുള്ള പ്രതികരണമാണ് സോനു നിഗത്തിന്റെ പേരിൽ പ്രചരിച്ചത്. സോനു നിഗം സിങ് എന്ന പേരിലുള്ള സമൂഹമാധ്യമ അക്കൗണ്ടിൽ നിന്നാണ് വോട്ടർമാർക്കെതിരെയുള്ള പ്രസ്താവന പുറത്തുവന്നതെന്നും അത് താൻ ആണെന്നു പലരും തെറ്റിദ്ധരിച്ചെങ്കിലും നിക്ക് എക്സിൽ അക്കൗണ്ട് ഇല്ലെന്നും സോനു വെളിപ്പെടുത്തി.
‘അയോധ്യയെ മുഴുവൻ മനോഹരമാക്കിയ സർക്കാർ. പുതിയ വിമാനത്താവളം, പുതിയ റെയിൽവേ സ്റ്റേഷൻ, 500 വർഷങ്ങൾക്കു ശേഷമുള്ള രാമക്ഷേത്ര പ്രതിഷ്ഠ. ആ പാർട്ടിക്ക് അയോധ്യ സീറ്റിനായി പോരാടേണ്ടിവരുന്നു. അയോധ്യയിലെ ജനങ്ങൾ ലജ്ജിക്കുന്നു’, എന്നായിരുന്നു എക്സിൽ പ്രചരിച്ച പോസ്റ്റ്. പിന്നാലെ അത് സോനു നിഗത്തിന്റെ വാക്കുകളാണെന്ന തരത്തിൽ പ്രചാരണമുണ്ടായി. പലരും നിശിതമായി വിമർശിച്ചതോടെയാണ് വിശദീകരണവുമായി ഗായകൻ രംഗത്തെത്തിയത്. 7 വർഷങ്ങൾക്കു മുൻപ് എക്സ് (മുൻപത്തെ ട്വിറ്റർ) ഉപേക്ഷിക്കാൻ താൻ നിർബന്ധിതനായതും ഇത്തരത്തിലുള്ള തെറ്റായ രാഷ്ട്രീയ പ്രചാരണങ്ങളുടെ പേരിലായിരുന്നുവെന്നും സോനു നിഗം വെളിപ്പെടുത്തി.
‘രാഷ്ട്രീയ പരാമർശങ്ങൾ നടത്തുന്നതിൽ എനിക്കു താൽപര്യമില്ല. ഞാൻ എന്റെ ജോലിയിൽ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. എന്നാൽ ഇപ്പോഴുണ്ടായ സംഭവം ഭയപ്പെടുത്തുന്നു. അത് എന്റെ കുടുംബത്തിന്റെ സുരക്ഷയെ ബാധിക്കുമോ എന്നു പോലും ഞാൻ ആശങ്കപ്പെടുന്നുണ്ട്. സോനു നിഗം സിങ് എന്ന അക്കൗണ്ടിൽ അയാൾ ബിഹാറിൽ നിന്നുള്ള ഒരു ക്രിമിനൽ അഭിഭാഷകൻ ആണെന്നു വ്യക്തമായി എഴുതിയിട്ടുണ്ട്. അക്കാര്യം ശ്രദ്ധിക്കുക പോലും ചെയ്യാതെ അത് എന്റെ പോസ്റ്റ് ആണെന്ന് ആളുകൾ പ്രചരിപ്പിക്കുകയാണ്. അടിസ്ഥാനപരമായ വസ്തുതാ പരിശോധനയെങ്കിലും നടത്തിക്കൂടെ? ഇപ്പോഴുണ്ടായ തരത്തിലുള്ള തെറ്റിദ്ധാരണകൾ ഒഴിവാക്കാനായി സമൂഹമാധ്യമ അക്കൗണ്ടിലെ എന്റെ പേരിൽ മാറ്റങ്ങൾ വരുത്താൻ മാനേജറിനു നിർദേശം നൽകിയിട്ടുണ്ട്’, സോനു നിഗം ദേശീയ മാധ്യമത്തോടു പ്രതികരിച്ചു.