‘സ്ത്രീശരീരത്തെക്കുറിച്ചുള്ള ഇത്തരം അഭിപ്രായപ്രകടനങ്ങൾ കടന്നാക്രമണം’; പൊട്ടിത്തെറിച്ച് സ്വിഫ്റ്റ്
Mail This Article
പോപ് താരം ലേഡി ഗാഗ ഗർഭിണിയാണെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകളോടു ശക്തമായ ഭാഷയിൽ പ്രതികരിച്ച് ഗായിക ടെയ്‌ലർ സ്വിഫ്റ്റ്. ഗർഭിണിയല്ലെന്നു വെളിപ്പെടുത്തി ഗാഗ പങ്കുവച്ച വിഡിയോയുടെ കമന്റ് ബോക്സിലാണ് സ്വിഫ്റ്റിന്റെ പ്രതികരണം പ്രത്യക്ഷപ്പെട്ടത്. സ്ത്രീശരീരത്തെക്കുറിച്ച് ഇത്തരം അഭിപ്രായങ്ങൾ പറയുന്നതിനോടു യോജിക്കാനാകില്ലെന്ന് സ്വിഫ്റ്റ് കുറ്റപ്പെടുത്തി.
‘ഒരു സ്ത്രീയുടെ ശരീരത്തെക്കുറിച്ച് നിരുത്തരവാദിത്തത്തോടെ, കടന്നാക്രമിച്ച് ഇത്തരം അഭിപ്രായങ്ങൾ പറയുന്നതിനോടു യോജിക്കാനാകില്ല. പ്രചരിക്കുന്ന വ്യാജവാർത്തകളോടു പ്രതികരിക്കുകയോ വിശദീകരണം നൽകുകയോ ചെയ്യേണ്ട ബാധ്യത ഗാഗയ്ക്കില്ല. ഗാഗ മാത്രമല്ല, ഒരു സ്ത്രീയും അങ്ങനെ ചെയ്യേണ്ടതില്ല’, ടെയ്‌ലർ സ്വിഫ്റ്റ് സമൂഹമാധ്യമങ്ങളിൽ കുറിച്ചു. സ്വിഫ്റ്റിന്റെ വാക്കുകൾ ഇതിനകം ചർച്ചയായിക്കഴിഞ്ഞു.
ഏതാനും ദിവസങ്ങൾക്കു മുൻപായിരുന്നു ലേഡി ഗാഗ അമ്മയാകാനൊരുങ്ങുന്നുവെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചത്. സഹോദരി നഥാലി ജെർമനോട്ടയുടെ വിവാഹ ചിത്രങ്ങൾ പുറത്തുവന്നതോടെയാണ് ഗാഗ ഗർഭിണിയാണെന്ന അഭ്യൂഹങ്ങൾ തലപൊക്കിയത്. കറുത്ത ബോഡികോൺ വസ്ത്രത്തിൽ അതിസുന്ദരിയായെത്തിയ ലേഡി ഗാഗയുടെ വയർ മുന്നോട്ട് തള്ളി നിൽക്കുന്നതായി ചിത്രങ്ങളിൽ കാണാം. വിവാഹത്തോടനുബന്ധിച്ചുള്ള മറ്റു ചടങ്ങുകളിൽ ഓഫ് ഷോൾഡർ ഫുൾ ഫ്രോക് ആണ് ഗാഗ അണിഞ്ഞത്. അതിലും ഗർഭിണിയാണെന്നു തോന്നത്തക്കവിധം ചില അടയാളങ്ങൾ കാണപ്പെട്ടു.
എന്നാൽ താൻ ഗർഭിണിയല്ലെന്നും ജിമ്മിൽ പോകാത്തതുകൊണ്ട് വയർ ചാടിയതാണെന്നും ഗാഗ വെളിപ്പെടുത്തി. സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച ഹ്രസ്വ വിഡിയോയിലൂടെയാണ് ഗായിക ഇക്കാര്യം തുറന്നു പറഞ്ഞത്. എന്നാൽ ഗാഗയുടെ വാക്കുകൾ വിശ്വസിക്കാൻ ആരാധകർ തയ്യാറായില്ല. പ്രചാരണങ്ങൾ അവസാനിക്കാതെ വന്നതോടെ ഗാഗയെ പിന്തുണച്ച് കുറിപ്പുമായി ടെയ്‌ലർ സ്വിഫ്റ്റ് രംഗത്തെത്തുകയായിരുന്നു. ബിസിനസുകാരനായ മൈക്കിൾ പോളൻസ്കിയുമായി ഡേറ്റിങ്ങിലാണ് ലേഡി ഗാഗ. 2019ലാണ് ഇരുവരും പ്രണയം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.