ADVERTISEMENT

ബോഡി ഷെയ്മിങ്ങിന് എതിരെയുള്ള ഗായിക ജെസി.ജെയുടെ കുറിപ്പിന് കയ്യടിച്ച് നടി ഇല്യാന ഡിക്രൂസ്. 'ഒരുപാട് സ്നേഹത്തോടെ' എന്ന കുറിപ്പിനൊപ്പം ജെസി.ജെയുടെ പോസ്റ്റ് പങ്കുവച്ചുകൊണ്ടായിരുന്നു ഇല്യാന ജെസി.ജെക്ക് പിന്തുണയുമായി എത്തിയത്. സ്വന്തം ശരീരത്തിൽ അഭിമാനിക്കുന്നു എന്നും ബിക്കിനി ഇട്ട് നീന്തൽക്കുളത്തിൽ ഇറങ്ങാൻ മടിയില്ലെന്നുമുള്ള കുറിപ്പാണ് ജെസി.ജെ പങ്കുവച്ചത്. 'എല്ലാ മനുഷ്യരെയും പോലെ എനിക്കും ശരീരത്തിൽ പല കുഴപ്പങ്ങളുമുണ്ട്. എന്റെ തൊലി വെളുത്തു വിളറിയതാണ്. എന്റെ വയറു ചാടിയിട്ടുണ്ട്. ശരീരത്തിൽ പിഗ്മെന്റേഷനുമുണ്ട്. എങ്കിലും ഈ രൂപത്തിൽ ആരോഗ്യവതിയും സന്തോഷവതിയുമായിരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു,' എന്നാണ് സ്വന്തം ബിക്കിനി ചിത്രം പങ്കുവച്ചുകൊണ്ട് ജെസി.ജെ കുറിച്ചത്.  

ബ്രിട്ടിഷ് ഗായികയും ഗാനരചയിതാവുമാണ് ജെസീക എലൻ കോർണിഷ് എന്ന ജെസി.ജെ. ഒരു കുഞ്ഞു പിറന്നതിനു ശേഷം സമാനതകളില്ലാത്ത ബോഡി ഷെയ്മിങ് ആണ് താരത്തിനു നേരിടേണ്ടി വന്നത്. എന്നാൽ തന്റെ ശരീരം ഈ രീതിയിൽ തന്നെ മുന്നോട്ട് കൊണ്ടു പോകണമെന്ന് ആഗ്രഹിക്കുന്നു എന്നാണ് ജെസി ജെ വിമർശകർക്ക് മറുപടി നൽകിയത്. ഇപ്പോൾ പുറത്തു വന്നിരിക്കുന്ന ബിക്കിനി ചിത്രവും കുറിപ്പും അതിന്റെ തുടർച്ചയാണ്. 

jessie-j-post
ഗായിക ജെസി.ജെയുടെ കുറിപ്പും ചിത്രവും (Photo: Instagram/ JessieJ)

ജെസി ജെയുടെ വാക്കുകൾ ഇങ്ങനെ: "ഞാൻ ചില ചിത്രങ്ങൾ പങ്കുവച്ചപ്പോൾ അതിൽ വന്ന കമന്റുകൾ കണ്ടിട്ട്, ഇനി ഒരിക്കലും ഞാൻ ബിക്കിനി ധരിച്ച് നീന്തൽക്കുളത്തിലേക്ക് പോവുകയില്ല എന്ന് ഞാൻ ഭയപ്പെട്ടു. അതുകൊണ്ടാണ് ഈ കുറിപ്പ് പങ്കു വയ്ക്കുന്നത്. ബിക്കിനി ധരിച്ച എന്റെ ചിത്രങ്ങൾ ഒപ്പിയെടുക്കാൻ ആളുകൾ മറഞ്ഞിരിക്കുന്നുണ്ടെന്ന് എനിക്കറിയാം. ഇത് എപ്പോഴും വിചിത്രമായി എനിക്ക് തോന്നിയിട്ടുണ്ട്. ഞാൻ ഒരു സെലിബ്രിറ്റി ആയതുകൊണ്ടാണ് ആളുകൾ ഇങ്ങനെ പെരുമാറുന്നതെന്നറിയാം. പക്ഷേ, ഒരു ഗായികയോ സെലിബ്രിറ്റിയോ എങ്ങനെയിരിക്കണമെന്ന് നിഷ്കർഷിക്കാൻ നിങ്ങളാരാണ്? ഞാൻ എങ്ങനെയാണോ അങ്ങനെ തന്നെ ജീവിതം ആസ്വദിക്കാനാണ് തീരുമാനം. ഒളിച്ചിരിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല."  

"എല്ലാ മനുഷ്യരെയുംപോലെ എനിക്കും ശരീരത്തിൽ പല കുഴപ്പങ്ങളുമുണ്ട്,  എന്റെ തൊലി വെളുത്തു വിളറിയതാണ്, എന്റെ വയറു ചാടിയിട്ടുണ്ട് ശരീരത്തിൽ പിഗ്മെന്റേഷനുമുണ്ട് എങ്കിലും ഈ രൂപത്തിൽ ആരോഗ്യവതിയും സന്തോഷവതിയുമായിരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. തങ്ങളെക്കുറിച്ച് മറ്റുള്ളവർക്ക് എന്തു തോന്നും എന്നു ചിന്തിക്കുന്ന സ്ത്രീകളെ പ്രബുദ്ധരാക്കാൻ കൂടിയാണ് ഞാൻ ഇത് പറയുന്നത്. മറ്റുള്ളവർ എന്താണ് ചിന്തിക്കുന്നതെന്ന് ആലോചിച്ച്് വിഷമിക്കാതിരിക്കുക. പറയുന്നവരെ ശ്രദ്ധിക്കാതിരിക്കുക. മറ്റുള്ളവർ കാരണം സ്വന്തം ജീവിതം നശിപ്പിക്കരുത്. ജീവിതത്തിലെ എല്ലാ ഘട്ടങ്ങളിലും നിങ്ങളുടെ ശരീരം എങ്ങനെയാണോ അതുപോലെ  ആസ്വദിക്കൂ. നിങ്ങളെല്ലാവരും സുന്ദരികളാണ്," ജെസി.ജെ പറയുന്നു. 

താരത്തിന്റെ വാക്കുകൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയായി. ഇല്യാന ഡിക്രൂസ് അടക്കമുള്ള പ്രശസ്തർ താരത്തെ പിന്തുണച്ചു കൊണ്ട് രംഗത്തെത്തി. "ജെസി ജെ കുറച്ചു ദിവസങ്ങൾക്ക് മുൻപ് പങ്കുവച്ച കുറിപ്പ് എനിക്ക് ഒരുപാടിഷ്ടപ്പെട്ടു, നിങ്ങളെ ഞാൻ സ്നേഹിക്കുന്നു," എന്ന അടിക്കുറിപ്പോടെയാണ് ഇല്യാന ഡിക്രൂസ് ജെസി ജെയുടെ പോസ്റ്റ് പങ്കുവച്ചത്.

English Summary:

British singer Jessie J's powerful message against body shaming goes viral. Actress Ileana D'Cruz shows support. Read Jessie J's inspiring words about body positivity and self-acceptance.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com