ADVERTISEMENT

പ്രസവവേദന പോലും അവഗണിച്ച് പോപ് താരം ടെയ്‌ലർ സ്വിഫ്റ്റിന്റെ സംഗീത പരിപാടിയിൽ പങ്കെടുത്തു നൃത്തം ചെയ്ത് ആരാധിക. രണ്ടു മാസം മുൻപു നടന്ന സംഭവം ആരാധിക തന്നെയാണ് ഇപ്പോൾ വെളിപ്പെടുത്തിയത്. ലോകസംഗീതപര്യടനത്തിന്റെ ഭാഗമായി ഓസ്ട്രേലിയയിലെ മെൽബണിൽ ടെയ്‌ലർ സ്വിഫ്റ്റ് എത്തിയപ്പോഴാണ് അസാധാരണമായ സംഭവം നടന്നത്. ടെയ്‌ലർ സ്വിഫ്റ്റിന്റെ കടുത്ത ആരാധികയായ ജെൻ, പ്രസവ വേദന സഹിച്ചും ലൈവ് പരിപാടി കാണാൻ എത്തുകയായിരുന്നു. മൂന്നു മണിക്കൂർ നിന്നാണ് ജെൻ ടെയ്‌ലർ സ്വിഫ്റ്റിന്റെ സംഗീത നിശ ആസ്വദിച്ചത്. 

മണിക്കൂറുകളോളം സഞ്ചരിച്ചാണ് ഭർത്താവ് മൈക്കിൾസിനും ഇരട്ട സഹോദരി ഡാനിക്കുമൊപ്പം ജെൻ ഗുട്ടറസ് ടെയ്‌ലർ സ്വിഫ്റ്റിന്റെ സംഗീതപരിപാടി കാണാന്‍ മെൽബണിൽ എത്തിയത്. 2023ൽ തന്നെ പരിപാടിയിൽ പങ്കെടുക്കാനുള്ള ടിക്കറ്റുകൾ ജെൻ ബുക്ക് ചെയ്തിരുന്നു. പ്രസവ ദിവസത്തോട് അടുത്താണ് പരിപാടിയെന്ന് അറിയാമായിരുന്നെങ്കിലും പൂർണ ഗർഭിണി ആയതിന്റെ പേരിൽ അതൊഴിവാക്കാൻ ജെൻ ആഗ്രഹിച്ചില്ല. ഇപ്പോഴിതാ തന്റെയും മകളുടെയും ആരോഗ്യസ്ഥിതിയെക്കുറിച്ചു വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് ജെൻ ഗുട്ടറസ്. തങ്ങൾ സുഖമായിരിക്കുന്നുവെന്നും ടെയ്‌ലറിന്റെ പാട്ട് കേൾക്കുന്ന സമയത്ത് പ്രസവേദന അനുഭവപ്പെട്ടപ്പോൾ ഏറെ സന്തോഷം തോന്നിയെന്നും ജെൻ പ്രതികരിച്ചു. ലൈവ് പരിപാടി നടക്കുന്നതിന് ഇടയിൽ കുഞ്ഞു പുറത്തുവരികയാണെങ്കിൽ അങ്ങനെ സംഭവിക്കട്ടെയെന്ന നിലപാടിലായിരുന്നു താനെന്ന് യുവതി പറയുന്നു. അല്ലാതെ, പരിപാടി പാതി വഴിയിൽ ഉപേക്ഷിച്ചു പോകാൻ തയാറല്ലായിരുന്നുവെന്ന് യുവതി വെളിപ്പെടുത്തി. 

ലൈവ് പരിപാടിക്കിടെ പ്രസവ വേദന അനുഭവപ്പെട്ടെങ്കിലും വീണ്ടും കുറച്ചു ദിവസങ്ങൾക്കു ശേഷമാണ് ജെൻ പെൺകുഞ്ഞിനു ജന്മം നൽകിയത്. പരിപാടിക്കു ശേഷം ഹോട്ടൽ മുറിയിലെത്തി വിശ്രമിച്ച യുവതി, അടുത്ത ദിവസമാണ് ആശുപത്രിയിലേക്കു പോയത്. പൂർണ ഗർഭിണി ആയതിനാൽ സംഗീത പരിപാടി കാണാൻ പോകുന്നതിനെ വീട്ടുകാരിൽ ചിലർ വിലക്കിയിരുന്നു. എന്നാൽ ടെ‌യ്‌ലറിനോടുള്ള ആരാധന നിമിത്തം ജെൻ ദൃഢനിശ്ചയത്തോടെ സംഗീതപരിപാടി കാണാനെത്തുകയായിരുന്നു. പൂർണ ആരോഗ്യവതിയായ ഒരു പെൺകുഞ്ഞിനാണ് ജെൻ ജന്മം നൽകിയത്. ഇപ്പോൾ കുഞ്ഞിന് രണ്ടു മാസമായി. 

ജെന്നിന്റെ അസാമാന്യ ധൈര്യത്തിന്റെ കഥ കേട്ട് അമ്പരന്നിരിക്കുകയാണ് ‘സ്വിഫ്റ്റ് ആരാധകർ’. 2023 മാർച്ചിലാണ് ‘എറാസ് ടൂർ’ എന്ന പേരിൽ ടെയ്‌ലർ സ്വിഫ്റ്റിന്റെ സംഗീതപര്യടനം യുഎസിൽ ആരംഭിച്ചത്. ഈ വർഷം ഡിസംബറിൽ കാനഡയിൽ വച്ചായിരിക്കും പരിപാടി അവസാനിക്കുക.

English Summary:

Pregnant Taylor Swift fan went into labour during Eras Tour

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com