ADVERTISEMENT

സഹോദരിയും ഗായികയുമായ അമൃത സുരേഷിനെക്കുറിച്ചു വാചാലയായി ഗായിക അഭിരാമി സുരേഷ്. സംഗീതപരിപാടിയുമായി ബന്ധപ്പെട്ട അമേരിക്കൻ യാത്ര കഴിഞ്ഞ് തിരിച്ചെത്തിയ അമൃതയെ സ്വീകരിക്കുന്നതിന്റെ സ്പെഷൽ വ്ലോഗിലൂടെയാണ് അഭിരാമി, ചേച്ചിയുടെ നിശ്ചദാർഢ്യത്തെയും കഠിനാധ്വാനത്തെയും കുറിച്ച് മനസ്സു തുറന്നത്. ‘എന്റെ ചേച്ചിക്കുട്ടിയെ പോലെ ഇൻഡിപെൻഡന്റ് ആൻഡ് സെൽഫ് മേഡ് ആയി സ്വന്തം കുഞ്ഞിന്റെ ബെസ്റ്റ് ഭാവിക്കു വേണ്ടി കഷ്ടപ്പെടുന്ന എല്ലാ സിംഗിൾ മദേഴ്സിനും ഫാദേഴ്സിനും എന്റെ പ്രത്യേകം സ്നേഹം അറിയിക്കുന്നു. എന്തൊക്കെ വേദനകൾ നിങ്ങളെ തളർത്താൻ നോക്കിയാലും, നമ്മുടെ മനസ്സിൽ നന്മയും നമ്മളുടെ പ്രിയപ്പെട്ടവരുടെ പ്രാർഥനയും കൂടെയുണ്ടെങ്കിൽ ഈ യാത്ര എന്നും ഉയരങ്ങളിലേക്കു തന്നെ നമ്മെ എത്തിക്കും’ എന്ന അടിക്കുറിപ്പോടെയാണ് അമൃതയെ വരവേൽക്കുന്ന വിഡിയോ അഭിരാമി പോസ്റ്റ് ചെയ്തത്.

ആരതി ഉഴിഞ്ഞാണ് അമ്മ ലൈല അമൃതയെ സ്വീകരിച്ചത്. വീട്ടിൽ പ്രവേശിച്ചയുടൻ മകൾ പാപ്പു എന്ന അവന്തിക അമൃതയെ കെട്ടിപ്പിടിച്ചു ചുംബിച്ചു. പാപ്പുവിൽ നിന്നും ആദ്യമായാണ് അമൃത ഇത്രയും നാൾ മാറി നിൽക്കുന്നതെന്ന് അഭിരാമി വിഡിയോയിൽ പറഞ്ഞു. ‘വീടുവിട്ടു നിൽക്കുന്നതിൽ സങ്കടമുണ്ടെങ്കിലും പ്രോഗ്രാമുകൾ വരുമ്പോൾ അങ്ങനെ ചെയ്തേ പറ്റൂ, അതുകൊണ്ട് വേദനകൾ മറന്ന് ചേച്ചി സംഗീതപരിപാടിക്കായി പോയി. സംഗീതജീവിതം നൽകുന്ന വരുമാനം കൊണ്ടാണ് ഞങ്ങളുടെ കുടുംബം മുന്നോട്ടു പോകുന്നത്. പ്രത്യേകിച്ച് അച്ഛൻ വിടപറഞ്ഞതിനു ശേഷം, പിടിച്ചുനിൽക്കാനുള്ള ഏകമാർഗം ഇതു മാത്രമായി. ഞാൻ മാത്രമേ ഇങ്ങനെ ദുഃഖങ്ങളെക്കുറിച്ചു പറഞ്ഞുകൊണ്ടിരിക്കൂ. ചേച്ചിയുടെ ജീവിതത്തിൽ എന്തൊക്കെ വേദനകൾ ഉണ്ടായാലും, അതിനെയെല്ലാം മറികടന്ന് പാപ്പുവിന് ഏറ്റവും മികച്ച ജീവിതം കൊടുക്കാൻ വേണ്ടി കഷ്ടപ്പെടുന്ന, പോരാടുന്ന അമ്മയാണ് ചേച്ചി’, അഭിരാമി സുരേഷ് പറഞ്ഞു.  

കീബോർഡിസ്റ്റ് സ്റ്റീഫൻ ദേവസി നേതൃത്വം നൽകിയ സംഗീതപരിപാടിയുമായി ബന്ധപ്പെട്ടാണ് അമൃത സുരേഷ് അമേരിക്കയിൽ പോയത്. ഒന്നര മാസത്തിനു ശേഷം കഴിഞ്ഞ ദിവസം നാട്ടിൽ തിരിച്ചെത്തി. സിദ്ധാർഥ് മേനോൻ, ശ്യാം പ്രസാദ്, ജോസി ജോൺ, ഫ്രാൻസിസ് സേവ്യർ, അലക്സ്, ഡർവിൻ ഡിസൂസ എന്നിവർക്കൊപ്പമായിരുന്നു ഗായികയുടെ യാത്ര. അമേരിക്കൻ യാത്രയുടെ വിശേഷങ്ങളെല്ലാം അമൃത ആരാധകരുമായി പങ്കുവച്ചിരുന്നു. ന്യൂയോർക്കിലെ പ്രശസ്തമായ ടൈം സ്ക്വയറിൽ സ്റ്റീഫൻ ദേവസിക്കൊപ്പം ചുവടു വച്ച ഗായികയുടെ ദൃശ്യങ്ങൾ വൈറലായിരുന്നു. 

English Summary:

Abhirami Suresh opens up about the life journey of sister Amrutha

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com