ADVERTISEMENT

വേനൽ പൊള്ളും നിറുകയിൽ 

മെല്ലെ നീ തൊടാത്തതെന്തേ?

ചിലരോടു തോന്നുന്ന ഇഷ്ടം ചിലരിൽനിന്നൊക്കെയുള്ള രക്ഷപ്പെടലാണെന്ന് ആദ്യം പറഞ്ഞുതന്നത് അവളാണ്. എണ്ണക്കറുപ്പാർന്ന നെറ്റിയിലെ വലിയ കരിമഷിപ്പൊട്ടുകാരി. വി.കെ.പ്രകാശിന്റെ ‘പുനരധിവാസം’ എന്ന ചിത്രത്തിലെ ആ നായികാമുഖം ഓർമിക്കുന്നില്ലേ? അച്ഛനില്ലാതെ വളർന്നൊരു പെൺബാല്യം, ദുരിതം നിറഞ്ഞ കൗമാരം... ഒടുവിൽ വിശ്വേട്ടന്റെ ഭാര്യയായി നഗരത്തിരക്കിലേക്കുള്ള പറിച്ചുനടീൽ.. അവളുടെ ജീവിതം മാറിക്കൊണ്ടേയിരുന്നു. വസന്തങ്ങളോരാന്നായി കൊഴിഞ്ഞു നിറംകെട്ടു... എന്നിട്ടും നെറ്റിത്തടത്തിലെ ആ കരിമഷിപ്പൊട്ടുമാത്രം തെളിച്ചം മായാതെ കിടന്നു. 

കനകമുന്തിരികൾ മണികൾ കോർക്കുമൊരു പുലരിയിൽ തന്റെ സൂര്യനെ ധ്യാനിച്ചുനിന്നുപോകുന്നൊരു പെൺകുട്ടി. ആ ധ്യാനവും കാത്തിരിപ്പും അവസാനിക്കുന്നത് സുധാകരനെ കണ്ടുമുട്ടുമ്പോഴാണ്. അയാളും വിവാഹിതൻ. മറ്റൊരു ദുഃഖദാമ്പത്യത്തിന്റെ ശേഷിപ്പ്. സുധാകരനൊപ്പം നടക്കുമ്പോൾ ദൂരങ്ങൾ നീളാതെയായി, നേരങ്ങൾ നീങ്ങാതെയായി, അതുവരെ ചോര വാർന്ന മുറിവുകൾ പോലും അവളെ നോവിക്കാതെയായി. രണ്ടിടങ്ങളിൽ നിന്നു യാത്ര പുറപ്പെട്ടവർ.... ഒരേയിടത്തേക്കായിരുന്നു അവർ രണ്ടു പേരുടെയും യാത്ര. എവിടെയുമെവിടെയും ഇല്ലാത്തൊരിടത്തേക്ക്... തമ്മിൽ കണ്ടുമുട്ടുമ്പോഴേക്കും അവർ പാതി തേഞ്ഞുതീർന്നിരുന്നു. പങ്കാളിക്കു പകുത്തുനൽകി ഏറെയൊന്നും അവശേഷിക്കാത്ത ഉടലിലും ഉയിരിലും കുറെ മുറിപ്പാടുകൾ പിന്നെയും അവരെ നൊമ്പരപ്പെടുത്തിക്കൊണ്ടേയിരുന്നു. എങ്കിലും, അവർ പരസ്‌പരം ആഗ്രഹത്തോടെ തിരഞ്ഞതത്രയും അവരിൽ തന്നെയുണ്ടായിരുന്നുവെന്നത് ഒരുപക്ഷേ ഇരുവരെയും അമ്പരിപ്പിച്ചിരിക്കണം. 

ഏറെ വൈകിയാണ് കണ്ടുമുട്ടിയതെങ്കിലും നീറിനീറി കനലോളം ചുവന്നു കിടന്നൊരു ഉൾപ്രണയത്തെ കത്തിപ്പടർത്താനുള്ള തീക്കരുത്തുണ്ടായിരുന്നിരുന്നു അപ്പോഴും അവരുടെ നിശ്വാസങ്ങളിൽ. ആ തീച്ചൂടിലായിരിക്കണം, അവർ പ്രണയത്തിനുമാത്രം സമ്മാനിക്കാൻ കഴിയുന്ന ശലഭച്ചിറകുകളിലേറി കനകമുന്തിരിത്തോപ്പിലേക്കു പറന്നത്. ചേരാനും പിരിയാനുമൊരു ജീവിതമില്ലാത്തതുകൊണ്ടാകാം ഒരുമിച്ചിരിക്കാനുള്ള നിമിഷങ്ങളത്രയും അവർക്കു പ്രിയപ്പെട്ടതായത്. തമ്മിൽതമ്മിൽ അകന്നുമാറുമ്പോഴും അവരുടെ മറ്റാരും കാണാക്കൈവിരലുകൾ പരസ്‌പരം കോർത്തത്. പറയാതെ പോയ പ്രിയമൗനങ്ങൾ പോലും അവർക്കുവേണ്ടി മിണ്ടിപ്പറഞ്ഞത്. 

ഗാനം: കനകമുന്തിരികൾ

ചിത്രം: പുനരധിവാസം

രചന: ഗിരീഷ് പുത്തഞ്ചേരി

സംഗീതം: ലൂയിസ് ബാങ്ക്സ്, ശിവമണി

ആലാപനം: ജി. വേണുഗോപാൽ

കനകമുന്തിരികൾ മണികൾ 

കോർക്കുമൊരു പുലരിയിൽ

ഒരു കുരുന്നു കുനു 

ചിറകുമായ് വരിക ശലഭമേ...

 

സൂര്യനെ ധ്യാനിക്കുമീ 

പൂപോലെ ഞാൻ 

മിഴി പൂട്ടവേ...

വേനൽ പൊള്ളും 

നിറുകയിൽ മെല്ലെ 

നീ തൊട്ടു.

 

പാതിരാ താരങ്ങളേ 

എന്നോടു നീ മിണ്ടില്ലയോ

എന്തേ ഇന്നെൻ 

കവിളിൽ മെല്ലെ നീ തൊട്ടു.

English Summary:

Kanaka Munthirikal manikal song of the day

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com