'കണ്ണടച്ചു കേട്ടാൽ ശരിക്കും വിനീതിന്റെ ശബ്ദം'; സ്വയം ട്രോളി അജു വർഗീസ്, മറുപടിയുമായി വിനീത്
Mail This Article
'തട്ടത്തിൻ മറയത്ത്' സിനിമയുടെ 12–ാം വാർഷികത്തിൽ ചിത്രത്തിലെ ഒരു പാട്ടു 'പാടി' കയ്യടി നേടുകയാണ് അജു വർഗീസ്. 'അനുരാഗത്തിൻ വേളയിൽ' എന്ന ഗാനത്തിന്റെ പശ്ചാത്തലത്തിലാണ് അജുവിന്റെ അഭിനയം. ഒപ്പം 'വിനീത് പാടുമോ ഇതുപോലെ' എന്നൊരു ചോദ്യവും! സംഗീത സംവിധായകൻ ഷാൻ റഹ്മാൻ, നിവിൻ പോളി, ഇഷ തൽവാർ, വിനീത് ശ്രീനിവാസൻ എന്നിവരെ ടാഗ് ചെയ്തുകൊണ്ടാണ് അജുവിന്റെ പോസ്റ്റ്.
ഒരു മണിക്കൂറിനുള്ളിൽ അജുവിന് മറുപടിയുമായി വിനീത് ശ്രീനിവാസൻ എത്തി. 'എന്നെക്കൊണ്ട് പറ്റൂല അളിയാ' എന്നായിരുന്നു അജുവിന്റെ പോസ്റ്റിന് വിനീതിന്റെ രസികൻ മറുപടി. എന്നാൽ, പാട്ടു പാടാൻ അജു കാണിക്കുന്ന ആത്മവിശ്വാസത്തിന് അങ്കിത് മേനോനാണ് കാരണമെന്നാണ് ഒരു ആരാധകന്റെ കമന്റ്. തിയറ്ററിൽ വലിയ വിജയം നേടിയ ഗുരുവായൂരമ്പലനടയിൽ സിനിമയ്ക്കു വേണ്ടി അജു ആലപിച്ച ഗാനം വമ്പൻ ഹിറ്റായിരുന്നു. ചിത്രത്തിന്റെ സംവിധായകൻ വിപിൻ ദാസും അജുവിന്റെ തട്ടത്തിൻ മറയത്ത് വിഡിയോയ്ക്ക് കമന്റുമായി എത്തി. ഏതെങ്കിലും മ്യൂസിക് റിയാലിറ്റി ഷോയിൽ ട്രൈ ചെയ്തുകൂടെ എന്നായിരുന്നു വിപിൻ ദാസിന്റെ കുസൃതി നിറഞ്ഞ ചോദ്യം.
പാട്ടു വിഡിയോയ്ക്ക് തുടർച്ചയായി വീണ്ടും മറ്റൊരു വിഡിയോയുമായി അജു ആരാധകർക്കു മുൻപിൽ പ്രത്യക്ഷപ്പെട്ടു. 'ആർക്കും ഒരു സംശയം ഇല്ലല്ലോ അല്ലേ' എന്ന ചോദ്യവുമായാണ് അജു എത്തിയത്. ഇത്തവണ പ്രേക്ഷകരാണ് കമന്റുകളിൽ സ്കോർ ചെയ്തത്. ശരിക്കും ഒറിജിനൽ പോലെയുണ്ടെന്നായിരുന്നു അജുവിന്റെ ലിപ് സിങ്ക് പാട്ടിന് ഒരു ആരാധകന്റെ കമന്റ്. 'കണ്ണടച്ചു കേട്ടാൽ ശരിക്കും വിനീതിന്റെ ശബ്ദം' പോലെയുണ്ടെന്ന് മറ്റൊരു ആരാധകൻ പ്രതികരിച്ചു.
സിനിമയുടെ ഷൂട്ടിനിടയിൽ വിനീത് ശ്രീനിവാസൻ സെറ്റിൽ പാട്ടു പാടുന്ന വിഡിയോ പങ്കുവച്ചാണ് ആരാധകർ തട്ടത്തിൻ മറയത്ത് എന്ന ചിത്രത്തിന്റെ വാർഷികം ആഘോഷമാക്കിയത്. ഷാൻ റഹ്മാൻ കീബോർഡ് വായിക്കുന്നതും വിനീത് അതിനൊപ്പം ഹിന്ദി ഗാനം ആലപിക്കുന്നതും സെറ്റിൽ അജു വർഗീസ് അടക്കമുള്ളവർ ആ സംഗീതവിരുന്ന് ആസ്വദിച്ചു നിൽക്കുന്നതും വിഡിയോയിൽ കാണാം. വിനീത് ശ്രീനിവാസനെക്കുറിച്ച് 'വിനീത വിസ്മയം' എന്ന പേരിൽ ഒരു പുസ്തകം എഴുതിയിട്ടുള്ള ഫസലു റഹ്മാനാണ് വിഡിയോ സമൂഹമാധ്യമത്തിൽ പങ്കുവച്ചത്.