‘രണ്ട് ഭാര്യമാരുള്ള ആ അർമാൻ മാലിക് ഞാനല്ല, ദയവായി മനസ്സിലാക്കൂ’; അഭ്യർഥിച്ച് ഗായകൻ
Mail This Article
ആളുമാറി പലരും തന്നെ ടാഗ് ചെയ്ത് അധിക്ഷേപ പോസ്റ്റുകൾ പങ്കിടുന്നുവെന്ന ആരോപണവുമായി ഗായകൻ അർമാൻ മാലിക്. ബിഗ്ബോസ് മത്സരാർഥിയായ യൂട്യൂബർ അർമാൻ മാലിക്കിനെയും തന്നെയും തമ്മിൽ പലർക്കും മാറിപ്പോകുന്നുവെന്നും അയാളാണെന്നു കരുതി പലരും തന്നെക്കുറിച്ചു മോശം സംസാരിക്കുന്നുവെന്നും ഗായകൻ പറയുന്നു.
‘കഴിഞ്ഞ കുറച്ചുകാലമായി ഞാൻ ഒരു പ്രശ്നം നേരിട്ടുകൊണ്ടിരിക്കുകയാണ്. ആദ്യമൊക്കെ അക്കാര്യം അവഗണിച്ചു. എന്നാൽ ഇപ്പോൾ പ്രശ്നം ഗുരുതരമായതോടെയാണ് പ്രതികരിക്കാൻ തീരുമാനിച്ചത്. സന്ദീപ് എന്ന് പേരുള്ള ഒരു യൂട്യൂബർ അർമാൻ മാലിക് എന്ന പേര് സ്വീകരിച്ചിരുന്നു. അയാൾ ബിഗ്ബോസ് ഒടിടി സീസൺ 3ലെ മത്സരാർഥിയാണ്. അദ്ദേഹവുമായി ബന്ധപ്പെട്ട സോഷ്യൽ മീഡിയ പോസ്റ്റുകളിൽ പലരും എന്നെ ടാഗ് ചെയ്യുന്നു. കൂടാതെ, അത് ഞനാണെന്നു പലരും തെറ്റിദ്ധരിക്കുകയും ചെയ്തുവെന്നു മനസ്സിലാക്കുന്നു. ഈ അവസരത്തിൽ ഞാനൊരു കാര്യം വ്യക്തമായി പറയാം. എനിക്ക് ആ വ്യക്തിയുമായി യാതൊരുവിധ ബന്ധവുമില്ല. അയാളുടെ ജീവിതരീതിയെ ഒരുതരത്തിലും അംഗീകരിക്കുന്നുമില്ല. പേര് മാറ്റുന്നതോ എന്റെ പേര് സ്വീകരിക്കുന്നതോ തടയാൻ എനിക്കാവില്ല. ഈ സാഹചര്യം തരണം ചെയ്യാൻ എല്ലാവരും എന്നെ സഹായിക്കണം. അയാളുമായി ബന്ധപ്പെട്ട പോസ്റ്റുകളിൽ എന്നെ ടാഗ് ചെയ്യുന്ന രീതി ദയവായി അവസാനിപ്പിക്കൂ’, ഗായകൻ പറഞ്ഞു.
ബിഗ് ബോസിലെ അർമാൻ മാലിക് ഹൈദരാബാദ് സ്വദേശിയാണ്. രണ്ട് ഭാര്യമാർക്കൊപ്പമാണ് ഇയാൾ മത്സരവേദിയിൽ എത്തിയത്. ഇതോടെ ഗായകൻ അർമാൻ മാലിക്കിന് രണ്ട് പങ്കാളികളുണ്ടെന്ന തെറ്റിദ്ധാരണയാണ് പലർക്കുമുണ്ടായത്. വിഷയം സജീവ ചർച്ചയായതോടെ വിശദീകരണവുമായി ഗായകൻ തന്നെ രംഗത്തെത്തുകയായിരുന്നു.