ലോകം തിരയുന്ന മലയാളി റാപ്പർ; ആരാണ് ഹനുമാൻകൈൻഡ്?
Mail This Article
ഒറ്റ പാട്ടിന്റെ കമന്റ് സെക്ഷനിൽ ലോകത്തെമ്പാടുമുള്ള സംഗീതപ്രേമികളെ എത്തിക്കാൻ കഴിയുമോ? അസാധ്യമെന്നു തോന്നുന്ന ഈ കാര്യം ഒറ്റ ട്രാക്കിലൂടെ സാക്ഷാൽക്കരച്ചിരിക്കുകയാണ് ഒരു മലയാളി റാപ്പർ. ഹനുമാൻകൈൻഡ് എന്ന പേരിൽ അറിയപ്പെടുന്ന സുരജ് ചെറുകാട്ട് ആണ് ലോകം തിരയുന്ന ആ റാപ്പർ. പ്രശസ്ത അമേരിക്കൻ റാപ്പർ പ്രൊജക്ട് റാറ്റ് ഉൾപ്പടെയുള്ള സെലിബ്രിറ്റികാളാണ് സൂരജിന്റെ ഏറ്റവും പുതിയ ട്രാക്ക് 'ബിഗ് ഡോഗ്സ്' പങ്കുവച്ചത്.
ആഗോളതലത്തിൽ ട്രെൻഡിങ് ആണ് 'ബിഗ് ഡോഗ്സ്'. മരണക്കിണറിൽ ഓടുന്ന ബൈക്കിലും കാറിലും ലൈവ് സ്റ്റണ്ട് നടത്തിക്കൊണ്ട് ഹനുമാൻകൈൻഡ് അവതരിപ്പിച്ച റാപ് സോങ് ഇതിനോടകം 19 മില്യൻ പ്രേക്ഷകർ കണ്ടു കഴിഞ്ഞു. ലോകം ചർച്ച ചെയ്യുന്ന ഈ മ്യൂസിക് വിഡിയോ ചിത്രീകരിച്ചത് കേരളത്തിലെ കൊച്ചു പട്ടണമായ പൊന്നാനിയിലാണ് എന്നതാണ് കൗതുകകരമായ വസ്തുത. അണിയറയിൽ പ്രവർത്തിച്ചിരിക്കുന്നവരിൽ ഭൂരിഭാഗവും മലയാളികളും! ആഗോള ബ്രാൻഡായി മാറിക്കൊണ്ടിരിക്കുന്ന ഹനുമാൻകൈൻഡ് എന്ന 31കാരന്റെ സംഗീതജീവിതം ട്രാക്ക് മാറിയത് വളരെ പെട്ടെന്നായിരുന്നു. പക്ഷേ, അതിനു പിന്നിൽ വർഷങ്ങൾ നീണ്ട പരിശ്രമത്തിന്റെ ചരിത്രമുണ്ട്.
'ബിഗ് ഡോഗ്സ്'
ജൂലൈ 10നാണ് 'ബിഗ് ഡോഗ്സ്' എന്ന ട്രാക്ക് യുട്യൂബിൽ റിലീസ് ചെയ്തത്. അധികം വൈകാതെ ഈ ട്രാക്ക് ഹിറ്റ്ചാർട്ടിൽ ഇടം നേടി. പിന്നാലെ, ആഗോളതലത്തിൽ വൈറലായ ഈ ട്രാക്കിന്റെ റിയാക്ഷൻ വിഡിയോകൾ പ്രത്യക്ഷപ്പെടാൻ തുടങ്ങി. ഈ ട്രാക്ക് ആഗോളതലത്തിൽ എത്രത്തോളം ജനപ്രിയമായെന്നതിന്റെ തെളിവുകളായിരുന്നു ഓരോ റിയാക്ഷൻ വിഡിയോകളും. അതിനൊപ്പം ഈ ട്രാക്ക് യുട്യൂബിൽ കണ്ടവരുടെ എണ്ണവും കുതിച്ചുയർന്നു. വെറും വൈറൽ എന്നു പറഞ്ഞാൽ പോരാ, അതുക്കും മേലെ ആണ് 'ബിഗ് ഡോഗ്സി'ന്റെ ജനപ്രീതി. ഓരോ ദിവസവും പുതിയ ഉയരങ്ങളിലേക്കാണ് ഈ ട്രാക്കിന്റെ കുതിപ്പ്. പല രാജ്യങ്ങളിൽ നിന്നുള്ള സംഗീതപ്രേമികൾ അവരുടെ ഇഷ്ടം കമന്റുകളായി വിഡിയോയ്ക്കു താഴെ പോസ്റ്റ് ചെയ്യുന്നുമുണ്ട്. ഈ സ്നേഹത്തെ തെല്ലൊരു അദ്ഭുതത്തോടെയാണ് ഹനുമാൻകൈൻഡ് നോക്കിക്കണ്ടത്. 'ലോകം മുഴുവൻ ഇവിടെ ഒത്തുകൂടിയതു പോലെയാണല്ലോ! എല്ലാവർക്കും സ്നേഹം' എന്നായിരുന്നു ഈ കമന്റുകൾക്ക് ഹനുമാൻകൈൻഡ് നൽകിയ മറുപടി.
ആരാണ് ഹനുമാൻകൈൻഡ്
അമേരിക്കൻസ് സ്വന്തം കസിൻ എന്നു വിശേഷിപ്പിക്കുന്ന ഹനുമാൻകൈൻഡ് എന്ന ദേസി റാപ്പർ ജന്മം കൊണ്ടു മലയാളി ആണെങ്കിലും പഠിച്ചതും വളർന്നതും പല രാജ്യങ്ങളിലാണ്. പിതാവിന് ഓയിൽ മേഖലയിലായിരുന്നു ജോലി. ജോലിയുടെ ഭാഗമായി നൈജീരിയ, സൗദി അറേബ്യ, ഇറ്റലി, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളിൽ സഞ്ചരിച്ച സൂരജിന്റെ കുടുംബം കൂടുതൽ കാലം ചെലവഴിച്ചത് അമേരിക്കയിലെ ഹൂസ്റ്റണിലായിരുന്നു. നാലാം ഗ്രേഡ് മുതൽ ഡിഗ്രി വരെ ഹൂസ്റ്റണിലായിരുന്നു സൂരജിന്റെ പഠനം. പിന്നീട് കോയമ്പത്തൂരിൽ പി.എസ്.ജി യിൽ ബിരുദപഠനത്തിനു ചേർന്നു.
മാതാപിതാക്കളുടെ ആഗ്രഹത്തിന്റെ തുടർച്ചയായി പഠനവും ജോലിയും തിരഞ്ഞെടുത്തെങ്കിലും റാപ് സംഗീതമാണ് തന്റെ വഴിയെന്ന് തിരിച്ചറിഞ്ഞ സൂരജ് ജോലി വിട്ട് മുഴുവൻ സമയവും സംഗീതത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. ചെറിയ റാപ്പ് ഇവന്റുകളിൽ ഫ്രീ സ്റ്റൈലിൽ നിമിഷാർദ്ധം കൊണ്ട് കാണികളെ ആവേശക്കൊടുമുടിയിലെത്തിച്ച സൂരജ് വളരെ പെട്ടെന്ന് ആരാധകരുടെ മനം കവർന്നു. ബെംഗളൂരു കേന്ദ്രമാക്കിയാണ് സൂരജ് സംഗീത ജീവിതം തുടങ്ങിയത്. പിന്നീട് ഹനുമാൻകൈൻഡ് എന്ന പേരും സ്വീകരിച്ചു.
കളരി എന്ന ട്രാക്കാണ് ആദ്യമായി ഹനുമാൻകൈൻഡ് പുറത്തിറക്കിയ ആൽബം. അതു വളരെ പെട്ടെന്ന് ഹിറ്റായി. മലയാളി റാപ്പർമാർക്കൊപ്പം സഹകരിച്ച് നിർമിച്ച ട്രാക്കുകളും സൂപ്പർഹിറ്റുകളായിരുന്നു. ബീർ ആന്റ് ബിരിയാണി, ജെങ്കിസ്, ഡാംസൺ, റഷ് അവർ, ഗോ ടു സ്ലീപ് തുടങ്ങിയ ട്രാക്കുകളും റാപ് പ്രേമികൾക്കിടയിൽ തരംഗമായി. റെക്കോർഡഡ് ട്രാക്കുകളേക്കാൾ ആരാധകർ കാത്തിരുന്നത് ഹനുമാൻകൈൻഡിന്റെ ലൈഫ് പെർഫോമൻസുകൾക്കായിരുന്നു. വേദികളെ അക്ഷരാർഥത്തിൽ പ്രകമ്പനം കൊള്ളിക്കുന്ന പവർ പാക്ക്ഡ് പെർഫോമൻസുകളായിരുന്നു ഹനുമാൻകൈൻഡ് ഒരുക്കിയത്. അർധനഗ്നനായി ആരാധകർക്കു മുമ്പിൽ റാപ്പ് ചെയ്ത് ആർപ്പുവിളികളുടെ പാരമ്യതയിൽ കൈ ഉയർത്തി അഭിവാദ്യം ചെയ്യുന്ന ഹനുമാൻകൈൻഡ് പലരുടെയും ആരാധനാപാത്രമാകാൻ അധികകാലം വേണ്ടി വന്നില്ല.
ഹിറ്റ് ട്രാക്കിന് പിന്നിൽ
ഇതുവരെ ചെയ്ത ട്രാക്കുകളിൽ ഏറ്റവും വേഗത്തിൽ എഴുതിയത് 'ബിഗ് ഡോഗ്സ്' ആണെന്ന് ഹനുമാൻകൈൻഡ് പറയുന്നു. വെറും 20 മിനിറ്റു കൊണ്ടാണ് ലോകം മുഴുവൻ ട്രെൻഡായ ട്രാക്ക് എഴുതി തീർത്തത്. 20 മിനിറ്റിൽ റെക്കോർഡിങ്ങും പൂർത്തിയാക്കി. വിഡിയോ ചിത്രീകരിക്കാനാണ് സമയമെടുത്തത്. ഹനുമാൻകൈൻഡിന്റെ സുഹൃത്ത് ബിജോയ് ഷെട്ടിയാണ് വിഡിയോ സംവിധാനം ചെയ്തിരിക്കുന്നത്. ലോകോത്തരനിലവാരമുള്ള ദൃശ്യങ്ങളും പ്രൊഡക്ഷനുമാണ് 'ബിഗ് ഡോഗ്സി'ന്റെ ആകർഷണം. മഷർ ഹംസയാണ് കോസ്റ്റ്യൂം. അഭിനയ് പണ്ഡിറ്റിന്റെ ക്യാമറ വർക്ക് ആരെയും അദ്ഭുതപ്പെടുത്തും. ഏകദേശം നാലു മിനിറ്റ് ദൈർഘ്യമുള്ള വിഡിയോയിൽ റാപ്പർ ഹനുമാൻകൈൻഡിനൊപ്പം മരണക്കിണറിൽ സ്റ്റണ്ട് നടത്തുന്ന ആർടിസ്റ്റുകളും പ്രത്യക്ഷപ്പെടുന്നുണ്ട്. സുൽത്താൻ ഷെയ്ക്ക്, ഇന്ത്യയിൽ മരണക്കിണറിൽ വണ്ടിയോടിക്കുന്ന അപൂർവം സ്ത്രീകളിലൊരാളായ കഷീഷ് ഷെയ്ക്ക്, മൂർ സലീം, മുഹമ്മദ് ഷദാബ് അൻസാരി എന്നിവരാണ് സ്റ്റണ്ട് നടത്തുന്ന താരങ്ങൾ. പൗരസ്ത്യ–പാശ്ചാത്യ സംഗീതത്തിന്റെ അതംഗംഭീര കോംബോയാണ് ഈ ട്രാക്ക്.
വൈറലായതിന് കാരണമുണ്ട്
ഫ്ലാഷി–ഹൈ എൻഡ് വാഹനങ്ങളും സ്റ്റൈലിഷ് വസ്ത്രങ്ങളുമായി പ്രത്യക്ഷപ്പെടുന്ന റാപ്പർമാരിൽ നിന്ന് വ്യത്യസ്തനായി ലോക്കൽ ഫ്ലേവറുമായാണ് ഹനുമാൻകൈൻഡിന്റെ വരവ്. ട്രാക്ക് അമേരിക്കൻ സ്റ്റൈൽ പിന്തുടരുമ്പോഴും ദൃശ്യങ്ങൾ ഇന്ത്യൻ പശ്ചാത്തലത്തിൽ ഊന്നിനിൽക്കുന്നു. കൊച്ചു പട്ടണങ്ങളിലും ഗ്രാമങ്ങളിലും പതിവായി കാണാറുള്ള ചെറിയ സർക്കസ് തമ്പിലാണ് ഹനുമാൻകൈൻഡിന്റെ പാട്ട് സംഭവിക്കുന്നത്. അതും മരണക്കിണറിൽ! യഥാർഥത്തിൽ മരണക്കിണറിൽ സ്റ്റണ്ട് ചെയ്യുന്ന ആർടിസ്റ്റുകളാണ് ഹനുമാൻകൈൻഡിനൊപ്പം വിഡിയോയിൽ പ്രത്യക്ഷപ്പെടുന്നത്. ഈ കോംബോയാണ് 'ബിഗ് ഡോഗ്സി'നെ ആഗോളതലത്തിൽ ശ്രദ്ധാകേന്ദ്രമാക്കിയതും. പാശ്ചാത്യ റാപ്പർമാരെ വികലമായി അനുകരിക്കുകയല്ല ഹനുമാൻകൈൻഡ്. മറിച്ച്, ഹൂസ്റ്റണിലെ ജീവിതത്തിൽ കണ്ടും അറിഞ്ഞും കേട്ടും പരിചയിച്ച ഹിപ് ഹോപ് സംസ്കാരത്തെ ഉള്ളറിഞ്ഞു ചേർത്തു പിടിക്കുകയാണ് അദ്ദേഹം. സ്വന്തം വേരുകളിൽ ഉറച്ചു നിന്നുകൊണ്ടാണ് ഹനുമാൻകൈൻഡിന്റെ ഈ സംഗീത പരീക്ഷണം. അമേരിക്കൻ ആക്സന്റിൽ ഇംഗ്ലിഷ് പറയുന്ന ഹനുമാൻകൈൻഡ് മലയാളം പറയുമ്പോൾ തനി മലപ്പുറംകാരനാകും. ഇതൊരു മാരക കോംബിനേഷൻ ആണെന്ന് ഹനുമാൻകൈൻഡിന്റെ ആരാധകരും സമ്മതിക്കും.
സുഷിനൊപ്പം ആവേശത്തിൽ
മലയാള ചലച്ചിത്രപിന്നണിഗാനരംഗത്തും അരങ്ങേറ്റം നടത്തിക്കഴിഞ്ഞു ഹനുമാൻകൈൻഡ്. ഫഹദ് ഫാസിൽ അഴിഞ്ഞാടിയ ആവേശത്തിന്റെ ട്രാക്കുകളിലൊന്ന് സുഷിൻ ശ്യാമിനൊപ്പം ഒരുക്കിയത് ഹനുമാൻകൈൻഡ് ആയിരുന്നു. 'ദ ലാസ്റ്റ് ഡാൻസ്' എന്ന ട്രാക്ക് ഏറെ ശ്രദ്ധ നേടിയിരുന്നു. ആഷിക്ക് അബു സംവിധാനം ചെയ്യുന്ന റൈഫിൾ ക്ലബിൽ അഭിനേതാവായും അരങ്ങേറുകയാണ് ഹനുമാൻകൈൻഡ്. പുതിയ ചക്രവാളങ്ങൾ തേടുന്ന മലയാള സിനിമയ്ക്ക് തീർച്ചയായും ഒരു മുതൽക്കൂട്ടാകും ഹനുമാൻകൈൻഡ് എന്നതിൽ തർക്കമില്ല. മാത്രമല്ല, സിനിമയിൽ നിന്നു മാറി സ്വതന്ത്ര സംഗീത പരീക്ഷണങ്ങൾ നടത്തുന്നവർക്കും വലിയ പ്രചോദനമാണ് ഹനുമാൻകൈൻഡിന്റെ സംഗീതജീവിതം.