ഹിന്ദി റിയാലിറ്റി ഷോയിൽ താരമായി കുഞ്ഞ് അവിർഭവ്; ഇത് നമ്മുടെ ബാബുക്കുട്ടനെന്ന് മലയാളികൾ
Mail This Article
ഏഴു വയസിനുള്ളിൽ ബോളിവുഡ് ശ്രദ്ധിക്കുന്ന ഗായകനാകുക, ദേശീയ തലത്തിൽ നടത്തപ്പെട്ട സ്വകാര്യ റിയാലിറ്റി ഷോയിലെ വിജയി ആകുക; സ്വപ്നസമാനമായ ഈ നേട്ടത്തിനാണ് ഇടുക്കി രാമക്കൽമേട്ടിലെ കപ്പിത്താൻപറമ്പിൽ സജിമോൻ–സന്ധ്യ ദമ്പതികളുടെ മകൻ അവിർഭവ് അർഹനായിരിക്കുന്നത്. 14 വയസു വരെയുള്ള 15 മത്സരാർഥികളോടു മത്സരിച്ച്, ഹിന്ദി ചാനൽ സോണി ടിവിയുടെ സൂപ്പർ സ്റ്റാർ സിങ്ങർ റിയാലിറ്റി ഷോയുടെ വിജയിയായി അവിർഭവ് തിരഞ്ഞെടുക്കപ്പെട്ടപ്പോൾ കയ്യടിച്ചത് മലയാളികൾ മാത്രമല്ല, രാജ്യമെമ്പാടുമുള്ള അവിർഭവ് ആരാധകർ കൂടിയാണ്. ഭാഷാതിർത്തികൾ ഭേദിക്കുന്ന ആരാധകവൃന്ദമാണ് ഈ കുഞ്ഞു പ്രായത്തിൽ അവിർഭവ് സ്വന്തമാക്കിയിരിക്കുന്നത്. അതിന് ഒറ്റ കാരണമേയുള്ളൂ. ആരെയും അദ്ഭുതപ്പെടുത്തുന്ന ആലാപന മികവ്!
മുതിർന്ന ഗായകർ പോലും ലൈവ് പാടാൻ മടിക്കുന്ന പാട്ടുകൾ അനായാസമായാണ് ഈ കുഞ്ഞുഗായകൻ വേദിയിൽ ആലപിച്ച് കയ്യടി നേടുന്നത്. മത്സരവേദികളിൽ അവിർഭവ് ആലപിച്ച ഒരോ ഗാനവും യുട്യൂബിൽ കണ്ടത് ദശലക്ഷക്കണക്കിന് പ്രേക്ഷകരാണ്. സൂപ്പർ സ്റ്റാർ സിങ്ങറിലെ സഹമത്സരാർഥിയായ കൊച്ചു ഗായിക പിഹുവിനൊപ്പം അവിർഭവ് ആലപിച്ച ഗാനങ്ങൾക്ക് പ്രത്യേക ആരാധകവൃന്ദം തന്നെയുണ്ട്. തെലുങ്കിലെ സംഗീത റിയാലിറ്റി ഷോയിലൂടെ ശ്രദ്ധ നേടിയ അവിർഭവ് മലയാളത്തിലെ സ്വകാര്യ ടെലിവിഷൻ ചാനലിലെ റിയാലിറ്റി ഷോയിലും മികവ് തെളിയിച്ചു. അതിനു ശേഷമാണ് സോണി ചാനലിലെ റിയാലിറ്റി ഷോയിൽ മത്സരിക്കുന്നത്. ഈ മത്സരം അവിർഭവ് എന്ന തെന്നിന്ത്യൻ അദ്ഭുത ബാലനെ പാൻ ഇന്ത്യൻ സ്റ്റാർ ആക്കി.
മലയാളികളുടെ സ്വന്തം ബാബുകുട്ടൻ
ഉത്തരേന്ത്യൻ പ്രേക്ഷകർക്ക് പരിചയം അവിർഭവ് എന്ന പേരാണെങ്കിൽ, മലയാളികൾക്ക് അവരുടെ സ്വന്തം 'ബാബു കുട്ടൻ' ആണ് ഈ കുട്ടിത്താരം. വെറും അഞ്ചു വയസിലാണ് മലയാളികൾക്കു മുന്നിലേക്ക് പാട്ടുമായി ബാബു കുട്ടനെത്തുന്നത്. ബാബുക്കുട്ടന്റെ പാട്ടും കൊച്ചുവർത്തമാനങ്ങളും വളരെ പെട്ടെന്ന് പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്തു. പത്തു മാസത്തിനുള്ളിൽ കോടിക്കണക്കിനു മലയാളികളുടെ പ്ലേലിസ്റ്റിൽ ബാബുക്കുട്ടൻ എന്ന അവിർഭവിന്റെ പാട്ടുകൾ ഇടം നേടി.
ചേച്ചിക്ക് കൂട്ടു പോയി, താരമായി
തമിഴ്നാട്ടിലാണ് അവിർഭവ് ജനിച്ചു വളർന്നത്. ചേച്ചി അനിർവിന്യ തമിഴിലും തെലുങ്കിലും സംഗീത റിയാലിറ്റി ഷോകളിൽ മത്സരിച്ചിരുന്നു. ചേച്ചിക്ക് പാട്ടു പഠിപ്പിച്ചു കൊടുക്കുന്ന അവിർഭവിന്റെ വിഡിയോ വൈറലാണ്. സംഗീതത്തിൽ അതീവജ്ഞാനം ഉള്ള ഗുരു പഠിപ്പിച്ചു കൊടുക്കുന്ന പോലെയാണ് അവിർഭവിന്റെ ഇടപെടൽ. വെറും രണ്ടു വയസുള്ളപ്പോഴായിരുന്നു ഇത്. 2018ൽ സഹോദരി അനിർവിന്യ പങ്കെടുത്ത തെലുങ്ക് റിയാലിറ്റി ഷോ കാണാൻ ചെന്നതായിരുന്നു അവിർഭവ്. പരിപാടിയുടെ ഭാഗമായി വേദിയിൽ ഒരു പാട്ടു പാടാനുള്ള അവസരം അവിർഭവിനെ തേടിയെത്തി. അതു ഹിറ്റായതോടെ അവിർഭവിന്റെ തലവര മാറി. റിയാലിറ്റി ഷോയിലെ ബെസ്റ്റ് എന്റർടെയ്നറായി മാറി കുഞ്ഞ് അവിർഭവ്. കോവിഡിന്റെ സമയത്ത് നാട്ടിലേക്ക് തിരിച്ചെത്തിയ അവിർഭവിന്റെ കുടുംബം പിന്നീട് കേരളത്തിൽ തുടർന്നു. ആ സമയത്താണ് മലയാളത്തിലെ സംഗീത റിയാലിറ്റി ഷോയുടെ ഭാഗമാകുന്നത്. മലയാളം, തമിഴ്, തെലുങ്കു, ഹിന്ദി, ഭാഷകളിൽ പാട്ടുകൾ പാടുന്ന അവിർഭവിന് ആ ഭാഷകളിലെ ഉച്ചാരണമൊന്നും വലിയ കടമ്പകളായില്ല.
ഇനി പുതിയ ഉയരങ്ങൾ
ദേശീയതലത്തിലെ റിയാലിറ്റി ഷോയിൽ വിജയി ആയതോടെ വലിയ അവസരങ്ങളാണ് ഈ കൊച്ചുഗായകനെ തേടിയെത്തിയിരിക്കുന്നത്. കർണാടക സംഗീതവും ഹിന്ദുസ്ഥാനി സംഗീതവും ഗൗരവമായി പഠിക്കാനാണ് അവിർഭവിന്റെ തീരുമാനം. അതിനൊപ്പം സംഗീതോപകരണങ്ങളും രഠിക്കണം. സംഗീതത്തിൽ പല ഗുരുക്കന്മാരുണ്ടെങ്കിലും ചേച്ചി അനിർവിന്യയാണ് പ്രധാന അധ്യാപിക. ഓരോ പരിപാടിക്കും അവിർഭവിനെ ഒരുക്കുന്നതും ചേച്ചിയാണ്. എന്തായാലും, സംഗീതവുമായി ലോകപര്യടനം നടത്താനുള്ള ഒരുക്കത്തിലാണ് അവിർഭവും കുടുംബവും.